ഇംഗ്ലീഷ് ചാനല്‍ മുറിച്ച് ഇന്നലെ മാത്രം യുകെയിലെത്തിയത് മുതിര്‍ന്നവരുടെ അകമ്പടിയില്ലാതെ 23 അഭയാര്‍ത്ഥിക്കുട്ടികള്‍; ഒറ്റ ദിവസത്തെ ഏറ്റവും വലിയ റെക്കോര്‍ഡില്‍ പകച്ച് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്; ഇന്നലെ എത്തിയത് മൊത്തം 130 അഭയാര്‍ത്ഥികള്‍

ഇംഗ്ലീഷ് ചാനല്‍ മുറിച്ച് ഇന്നലെ മാത്രം യുകെയിലെത്തിയത് മുതിര്‍ന്നവരുടെ അകമ്പടിയില്ലാതെ 23  അഭയാര്‍ത്ഥിക്കുട്ടികള്‍; ഒറ്റ ദിവസത്തെ ഏറ്റവും വലിയ റെക്കോര്‍ഡില്‍ പകച്ച് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്; ഇന്നലെ എത്തിയത് മൊത്തം 130 അഭയാര്‍ത്ഥികള്‍
യുകെയിലേക്ക് മുതിര്‍ന്നവരുടെ അകമ്പടിയില്ലാതെ ഇംഗ്ലീഷ് ചാനല്‍ മുറിച്ച് കടന്നെത്തുന്ന അഭയാര്‍ത്ഥിക്കുട്ടികളുടെ എണ്ണം റെക്കോര്‍ഡിലെത്തിയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ജീവന്‍ പണയം വച്ച് വളരെ സാഹസികമായി ചെറിയ ബോട്ടുകളിലാണിവര്‍ എത്തിക്കൊണ്ടിരിക്കുന്നത്.18 വയസില്‍ താഴെ പ്രായമുള്ള 23 കുട്ടികള്‍ വെള്ളിയാഴ്ച മാത്രം കെന്റിലെ തീരങ്ങൡലെത്തിയെന്നാണ് കെന്റ് കൗണ്ടി കൗണ്‍സില്‍ വെളിപ്പെടുത്തുന്നത്. ഒറ്റ ദിവസം ഇത്രയേറ കുട്ടികള്‍ എത്തുന്നത് ഇതാദ്യമായിട്ടാണ്.

വ്യാഴാഴ്ച 17 ബോട്ടുകളിലായി 235 അഭയാര്‍ത്ഥികള്‍ ഇംഗ്ലീഷ് ചാനല്‍ മുറിച്ച് കടന്നെത്തിയ റെക്കോര്‍ഡിന് പുറകെയാണ് പുതിയ റെക്കോര്‍ഡുമുണ്ടായിരിക്കുന്നതെന്നത് കടുത്ത ആശങ്കയേറ്റുന്നു. ഇത്തരത്തിലെത്തി പിടിയിലായിരിക്കുന്നവരെ യൂറോപ്പിലേക്ക് തന്നെ തിരിച്ചയക്കുന്ന നടപടികള്‍ ത്വരിതപ്പെട്ട് നടക്കുന്നുവെന്നും ബുധനാഴ്ച ഇത്തരം 20 അനധികൃത അഭയാര്‍ത്ഥികളെ തിരിച്ചയച്ചുവെന്നും സര്‍ക്കാര്‍ വെളിപ്പെടുത്തുന്നു.

ഈ വിധത്തില്‍ ചാനല്‍ മറികടന്ന് അഭയാര്‍ത്ഥികളെത്തുന്നത് ഇന്നലെയും തുടര്‍ന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ ഇത്തരത്തിലെത്തിയ 130 പേരെ അധികൃതര്‍ പിടികൂടിയിരുന്നു. ഡോവര്‍ തുറമുഖത്തെത്തിയ ബോട്ടുകളില്‍ നിന്നും ചെറിയ കുട്ടികളെ ബോര്‍ഡര്‍ ഫോഴ്‌സ് ഓഫീസര്‍മാര്‍ പുറത്തിറക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. മുതിര്‍ന്നവരുടെ അകമ്പടിയില്ലാതെയെത്തുന്ന അഭയാര്‍ത്ഥിക്കുട്ടികള്‍ തങ്ങള്‍ക്ക് മേല്‍ കടുത്ത സമമര്‍ദമുണ്ടാക്കുന്നുവെന്നാണ് കെന്റ് കൗണ്ടി കൗണ്‍സില്‍ ലീഡറായ റോഗര്‍ ഗൗഗ് വെളിപ്പെടുത്തുന്നത്.

മേയില്‍ ഇത്തരത്തിലെത്തിയ 65 കുട്ടികളെ കെയറില്‍ പാര്‍പ്പിച്ചിരുന്നുവെന്നും ജൂണിലും ജൂലൈയിലും ഇത്തരത്തില്‍ എത്തിയത് 70 കുട്ടികളാണെന്നും അവരുടെയും കെയര്‍ ഏറ്റെടുക്കേണ്ടി വന്നുവെന്നും റോഗര്‍ പറയുന്നു. ഇത്തരത്തില്‍ എത്ര കുട്ടികളെത്തിയെന്ന കണക്കുകള്‍ ഹോം ഓഫീസ് പുറത്ത് വിട്ടിട്ടില്ല. കുടുംബങ്ങള്‍ക്കൊപ്പമെത്തിയ കുട്ടികളുടെ കണക്ക് കെന്റ് കൗണ്ടി കൗണ്‍സില്‍ വെളിപ്പെടുത്തിയ കണക്കില്‍ പെടുന്നില്ല. ഈ വര്‍ഷം ചെറിയ ബോട്ടുകളില്‍ 3950 അഭയാര്‍ത്ഥികള്‍ യുകെയിലെത്തിയെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

Other News in this category4malayalees Recommends