ഖേദകരമെന്ന് പറയട്ടെ ഈ പ്രവണത മലയാളികളായ യാത്രക്കാരിലാണ് കൂടുതലായി കണ്ടുവരുന്നത് ; മുന്‍ ക്യാബിന്‍ ക്രൂവിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

ഖേദകരമെന്ന് പറയട്ടെ ഈ പ്രവണത മലയാളികളായ യാത്രക്കാരിലാണ് കൂടുതലായി കണ്ടുവരുന്നത് ; മുന്‍ ക്യാബിന്‍ ക്രൂവിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു
വിമാന യാത്രയിലെ നിര്‍ണായകമായ ഘട്ടമാണ് ടേക്ക് ഓഫും ലാന്‍ഡിംഗും. ഈ രണ്ടു സമയങ്ങളിലും കാബിന്‍ ക്രൂ യാത്രകള്‍ക്കു ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും. എന്നാല്‍ നമ്മള്‍ ഈ നിര്‍ദ്ദേശങ്ങളെല്ലാം കൃത്യമായി അനുസരിക്കാറുണ്ടോ, അവഗണിച്ചാല്‍ എന്തൊക്കെ സംഭവിക്കും. കരിപ്പൂര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ഇന്ത്യയിലെ മുന്‍ കാബിന്‍ ക്രൂ അംഗത്തിന്റെ വാക്കുകള്‍ ശ്രദ്ധേയമാകുന്നു.

കരിപ്പൂര്‍ വിമാന അപകടത്തിന്റെപശ്ചാത്തലത്തില്‍, വിമാനയാത്ര ചെയ്തിട്ടുള്ളവരും ഇപ്പോഴും ചെയ്യുന്നവരും ഇനി ചെയ്യാനിരിക്കുന്നവരുമായ എല്ലാവരും തീര്‍ച്ചയായിട്ടും ശ്രദ്ധിക്കേണ്ടഅറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് ഞാന്‍ പറഞ്ഞു വരുന്നത്.

ഒരു മുന്‍ ക്യാബിന്‍ ക്രൂ എന്ന നിലയില്‍ പലപ്പോഴും ഞാനും എന്റെ സഹപ്രവര്‍ത്തകരും അനുഭവിച്ചിട്ടുള്ളതും വളരെയധികം നിരാശജനകവും ആയിട്ടുള്ള ഒരു പ്രവണതയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഖേദകരമെന്നു പറയട്ടെ ഇത് മലയാളികളായ യാത്രക്കാരില്‍ ആണ് കൂടുതലായി കണ്ടുവരുന്നത്.

ഒരു വിമാനയാത്രയിലെ ഏറ്റവും നിര്‍ണായകമായ രണ്ടു ഘട്ടങ്ങളാണ് ടേക്ക് ഓഫും ലാന്‍ഡിംഗും. ഇതില്‍ ടേക്ക് ഓഫ് സമയത്ത് മിക്കവാറും എല്ലാ യാത്രക്കാരും ക്യാബിന്‍ ക്രൂ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കാറുണ്ട്. എന്നാല്‍ വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ പലപ്പോഴും യാത്രക്കാര്‍ ഈ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കാറാണ് പതിവ്. വിമാനം ലാന്‍ഡ് ചെയ്ത ഉടനെ 90% യാത്രക്കാരും സീറ്റ് ബെല്‍റ്റ് നീക്കം ചെയ്ത് എഴുന്നേല്‍ക്കുകയും ഒപ്പം ഓവര്‍ ഹെഡ്ബിന്‍ തുറന്നു തങ്ങളുടെ ഹാന്‍ഡ് ബാഗേജുകള്‍ കയ്യില്‍ എടുക്കുന്നതും ഒരു നിത്യകാഴ്ചയാണ്. പ്രധാനമായും കേരളത്തിലേക്ക് വരുന്ന വിമാനങ്ങളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ഒരുപക്ഷേ രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞ് നാട്ടിലേക്ക് വരുന്നതിന്റെ ആവേശം കൊണ്ടോ അല്ലെങ്കില്‍ നാടിന്റെ പച്ചപ്പ് കാണുമ്പോഴുള്ള സന്തോഷം കൊണ്ടോ ആയിരിക്കും ഇങ്ങനെ അമിതാവേശം കാണിക്കുന്നത്.


പക്ഷേ ഈ പ്രവൃത്തിക്ക് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും ഒരുപക്ഷേ നമ്മുടെ ജീവനുപോലും ഭീഷണിയാകാവുന്ന ഒരു പ്രവൃത്തിയാണിത്, പലപ്പോഴും ക്യാബിന്‍ ക്രൂ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടാലും ആരും അത് ചെവിക്കൊള്ളാറില്ല. യാത്രക്കാര്‍ പുറത്തിറങ്ങാന്‍ തിക്കുംതിരക്കും കൂട്ടിക്കൊണ്ടേയിരിക്കും.പൂര്‍ണ്ണമായും വിമാനം നില്ക്കുന്നതിനു മുന്‍പ് ഇങ്ങനെ ചെയ്യുന്നതിലുള്ള അപകടം നിങ്ങള്‍ മനസ്സിലാക്കണം അഥവാ എന്തെങ്കിലും കാരണവശാല്‍ ലാന്‍ഡില്‍ പിഴവ് സംഭവിക്കുകയോ എന്തെങ്കിലും രീതിയിലുള്ള ഒരു പ്രശ്‌നം വന്നു കഴിഞ്ഞാല്‍ സീറ്റ് ബെല്‍റ്റ് ഒഴിവാക്കിയവര്‍ക്കും എഴുന്നേറ്റ് നില്‍ക്കുന്നവര്‍ക്കുമാണ് ഏറ്റവും അധികം അപകടസാധ്യതയും മരണ സാധ്യതയും. സീറ്റ് ബെല്‍റ്റ് ഇട്ടിരിക്കുന്നവര്‍ക്ക് മിക്കവാറും നിസ്സാര പരിക്കുകള്‍ മാത്രമേ ഉണ്ടാകാറുള്ളൂ.

അതുകൊണ്ട് ദയവുചെയ്ത് വിമാനം ലാന്‍ഡ് ചെയ്ത് പൂര്‍ണ്ണമായും നിശ്ചലമാകുന്നത് വരെ സീറ്റ് ബെല്‍റ്റ് നീക്കം ചെയ്യുകയോ എഴുന്നേറ്റു നില്‍ക്കുകയോ ചെയ്യരുത്. ക്യാബിന്‍ ക്രൂ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക അത് നിങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് എന്നുള്ള സത്യം മനസ്സിലാക്കുക. നിങ്ങളുടെ ജീവന്‍ വിലപ്പെട്ടതാണ്.അകാലത്തില്‍ പൊലിഞ്ഞുപോയ എല്ലാ ആത്മാക്കള്‍ക്കും ആദരാഞ്ജലികള്‍.

Other News in this category4malayalees Recommends