നൂറു രൂപ പൊതിച്ചോറില്‍ വച്ചു നല്‍കിയയാളെ കണ്ടെത്തി പോലീസ് ; കുമ്പളങ്ങിക്കാരി മേരി സെബാസ്റ്റ്യന്‍ സോഷ്യല്‍മീഡിയയിലെ താരം ; അഭിനന്ദനവുമായി നിരവധി പേര്‍

നൂറു രൂപ പൊതിച്ചോറില്‍ വച്ചു നല്‍കിയയാളെ കണ്ടെത്തി പോലീസ് ; കുമ്പളങ്ങിക്കാരി മേരി സെബാസ്റ്റ്യന്‍ സോഷ്യല്‍മീഡിയയിലെ താരം ; അഭിനന്ദനവുമായി നിരവധി പേര്‍
ഒരു പൊതിച്ചോറിനുള്ളിലെ നൂറു രൂപ നോട്ടാണ് ഇന്നലെ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചയായതെങ്കില്‍ ഇന്ന് ശ്രദ്ധിക്കപ്പെടുന്നത് ആ നൂറു രൂപ പൊതിച്ചോറില്‍ വച്ചു നല്‍കിയ കുമ്പളങ്ങിക്കാരി മേരി സെബാസ്റ്റ്യനാണ്.

ആരേയും അറിയിക്കണമെന്ന് കരുതിയില്ലെങ്കിലും എല്ലാവരും അറിഞ്ഞു. സിഐ വന്നു സമ്മാനം നല്‍കി, പള്ളികളില്‍ നിന്ന് അച്ചന്മാര്‍ വിളിച്ചു, സംഭവം വാര്‍ത്തയായതോടെ എല്ലാവരും വിളിക്കുന്നുണ്ടെന്ന് മേരി പറയുന്നു.


ഒരു ചാല കുടിക്കാന്‍ ഉള്ള കാശ്, അത്രയേ ഉദ്ദേശിച്ചുള്ളൂ. ചോറ് പൊതി കെട്ടഴിക്കുമ്പോള്‍ അവര്‍ക്ക് നൂറു രൂപ കിട്ടുന്നത് ആശ്വാസമാകുമെന്ന് മേരി കരുതി. ചോറിനും കറിയ്ക്കുമൊപ്പം നൂറു രൂപ കവറിലാക്കി സെല്ലോ ടേപ്പ് ഒട്ടിച്ച് വയ്ക്കുകയായിരുന്നു.

ചെല്ലാനത്ത് കടല്‍ കയറ്റവും കോവിഡും ബുദ്ധിമുട്ടിക്കുകയാണ്. ഭക്ഷണത്തിന്റെ ഒരു പങ്ക് അവര്‍ക്ക് നല്‍കുന്നതില്‍ സന്തോഷം, മേരി പറയുന്നു.

കാറ്ററിങ് പണികള്‍ക്ക് പോകാറുള്ള മേരി കുറച്ചായി ജോലിയ്ക്ക് പോയിട്ട്. കഴിഞ്ഞ മാസം 15 ദിവസം പണി കിട്ടി. അതില്‍ നിന്ന് കുറച്ചു പണം കിട്ടിയപ്പോഴാണ് നൂറു രൂപ പൊതിച്ചോറില്‍ വച്ചു മറ്റുള്ളവര്‍ക്ക് സഹായം നല്‍കിയത്. ഭര്‍ത്താവ് സെബാസ്റ്റിയന്‍ വള്ളം നിര്‍മ്മിക്കുന്ന പണിയാണ്. ഇപ്പോള്‍ പണിയില്ല.മക്കളുടെ വിവാഹം കഴിഞ്ഞു. എന്റെ അമ്മയെ കുറിച്ച് നിറയെ അഭിമാനമാണെന്ന് മകന്‍ സെബിന്‍ ഇന്നലെ ഫേസ്ബുക്കില്‍ കുറിച്ചു.താഴെ അഭിനന്ദനവുമായി നിറയെ പേരെത്തി.

ഇന്നലെ സിഐ പി എസ് ഷിജുവാണ് ചെല്ലാനത്ത് വിതരണം ചെയ്യാന്‍ വച്ച ഭക്ഷണപ്പൊതിയില്‍ നിന്ന് നൂറു രൂപ കിട്ടിയ വിവരം അറിയിച്ചത്. മറ്റുള്ളവര്‍ അറിയാതെ ചെറുതാണെങ്കിലും സഹായം ചെയ്യാന്‍ തോന്നിയ ഈ വീട്ടമ്മയെ അഭിനന്ദിക്കുകയാണ് ഏവരും.

Other News in this category4malayalees Recommends