ലോകകപ്പ് നേടിയത് ധോണി, പക്ഷെ കളമൊരുക്കിയത് ദാദ തന്നെ; കാരണം വിശദമാക്കി മനോജ് തിവാരി

ലോകകപ്പ് നേടിയത് ധോണി, പക്ഷെ കളമൊരുക്കിയത് ദാദ തന്നെ; കാരണം വിശദമാക്കി മനോജ് തിവാരി
രണ്ടാം ക്രിക്കറ്റ് ലോകകപ്പിന് വേണ്ടി ഇന്ത്യ കാത്തിരുന്നത് ഒന്നും, രണ്ടും വര്‍ഷമല്ല, നീണ്ട 28 വര്‍ഷങ്ങളാണ്. എംഎസ് ധോണിയും, അദ്ദേഹത്തിന്റെ ടീമും ചേര്‍ന്നാണ് 2011 ഏപ്രില്‍ 2ന് സ്വന്തം നാട്ടില്‍ വെച്ച് കിരീടധാരണം നടത്തിയത്. അനുഭവസമ്പത്തും, യുവത്വവും ഒരുമിക്കുന്ന ടീമിനെ നയിച്ചചതോടെയാണ് ലോകകിരീടം നേടുന്ന ആദ്യ ആതിഥേയ ടീമായി ഇന്ത്യ മാറുന്നതും.

മികച്ച ഓള്‍റൗണ്ടര്‍മാരും, ലോകോത്തര ഓപ്പണര്‍മാരും അടങ്ങുന്ന എംഎസ് ധോണിയുടെ ഇന്ത്യന്‍ ടീം എണ്ണയിട്ട യന്ത്രം പോലെ തിരിഞ്ഞപ്പോഴാണ് 2011 ലോകകപ്പ് ഇന്ത്യയുടെ പോക്കറ്റില്‍ ഇരുന്നത്. മധ്യനിരയില്‍ നിലയുറപ്പിച്ച് മത്സരഫലം തിരിക്കാന്‍ സാധിക്കുന്ന യുവരാജ് സിംഗും, സുരേഷ് റെയ്‌നയും, ക്യാപ്റ്റന്‍ ധോണിയും ആ ടീമിന് മുതല്‍ക്കൂട്ടായി.

എന്നാല്‍ ഇത് മാത്രമല്ല ലോകകപ്പ് നേട്ടത്തിലേക്ക് ഇന്ത്യന്‍ ടീമിനെ നയിച്ചതെന്നാണ് ബാറ്റ്‌സ്മാന്‍ മനോജ് തിവാരി വിശ്വസിക്കുന്നത്. അതിനും ഏറെ മുന്‍പ് സാക്ഷാല്‍ സൗരവ് ഗാംഗുലി നടത്തിയ നീക്കങ്ങളാണ് ലോകകപ്പ് സ്വന്തമാക്കാന്‍ വഴിവെട്ടിയതെന്ന് തിവാരി വിശ്വസിക്കുന്നു. യുവാക്കളെ ടീമിലെടുക്കാനും, അവരെ പരിപോഷിപ്പിക്കാനും ദാദ ഉത്ഹാസം കാണിച്ചിരുന്നു. ഗാംഗുലി അവസരം നല്‍കിയ ആ യുവനിരയാണ് പിന്നീട് ഇന്ത്യക്കായി മത്സരങ്ങള്‍ വിജയിക്കാനും ഒടുവില്‍ ലോകകപ്പ് നേട്ടത്തിലേക്കും എത്തിയതെന്ന് തിവാരി ചൂണ്ടിക്കാണിക്കുന്നു.

'ടീമിനെ കെട്ടിപ്പടുക്കാന്‍ സൗരവ് ഗാംഗുലി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 2011 ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവരെ ആഴത്തില്‍ പരിശോധിച്ചാല്‍ അവരെല്ലാം ഗാംഗുലിയുടെ നേതൃത്വത്തില്‍ രാജ്യത്തിനായി കളിക്കാന്‍ ഇറങ്ങിയവരാണെന്ന് കാണാം', മനോജ് തിവാരി പറഞ്ഞു. സെവാഗ്, യുവരാജ്, ഹര്‍ഭജന്‍ സിംഗ്, സഹീര്‍ ഖാന്‍, ആഷിഷ് നെഹ്‌റ, ഗൗതം ഗംഭീര്‍ എന്നിവര്‍ക്കെല്ലാം സൗരവ് സുരക്ഷിത സ്ഥാനങ്ങള്‍ നല്‍കി. ആ അനുഭവസമ്പത്താണ് ധോണിയുടെ മികച്ച ക്യാപ്റ്റന്‍സിക്ക് കീഴില്‍ ലോകകപ്പ് നേടാന്‍ സഹായിച്ചത്, അദ്ദേഹം പറയുന്നു.

Other News in this category4malayalees Recommends