ബെംഗളൂരു കലാപം; തീവെപ്പുകാരില്‍ നിന്നും ക്ഷേത്രത്തെ സംരക്ഷിക്കാന്‍ മനുഷ്യ ചങ്ങല പിടിച്ച് മുസ്ലീം വിശ്വാസികള്‍

ബെംഗളൂരു കലാപം; തീവെപ്പുകാരില്‍ നിന്നും ക്ഷേത്രത്തെ സംരക്ഷിക്കാന്‍ മനുഷ്യ ചങ്ങല പിടിച്ച് മുസ്ലീം വിശ്വാസികള്‍
ബെംഗളൂരു നഗരത്തില്‍ കഴിഞ്ഞ ദിവസം നടന്ന കലാപത്തിലും, തീവെപ്പിലും മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. 50,000 മുതല്‍ 60,000 പേര്‍ വരെയുള്ള ശക്തമായ ജനക്കൂട്ടമാണ് പോലീസുകാര്‍ക്ക് നേരെ കല്ലെറിഞ്ഞത്. കൂടാതെ വസ്തുവകളും നശിപ്പിച്ചു. ഒരു കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. നിരവധി പോലീസ് വാഹനങ്ങള്‍ക്ക് തീവെയ്ക്കുകയും ചെയ്തു.

ഇതിനിടെയാണ് ഡിജെ ഹള്ളി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ക്ഷേത്രം തീവെപ്പുകാരില്‍ നിന്നും രക്ഷിക്കാന്‍ ഒരു സംഘം മുസ്ലീം വിശ്വാസികള്‍ ഒത്തുകൂടിയ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 'ബെംഗളൂരു നഗരത്തിലെ അക്രമങ്ങളില്‍ നിന്നും ക്ഷേത്രത്തെ സംരക്ഷിക്കാന്‍ ഒരു സംഘം മുസ്ലീം യുവാക്കള്‍ സംഘടിച്ചപ്പോള്‍' എന്ന തലക്കെട്ടോടെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.


ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ പോലീസ് സ്‌റ്റേഷനും, കോണ്‍ഗ്രസ് എംഎല്‍എയുടെ വീടും അക്രമികള്‍ തകര്‍ത്തു. 3 പേര്‍ കൊല്ലപ്പെടുകയും, 60 പോലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയ പോസ്റ്റിട്ട എംഎല്‍എയുടെ ബന്ധുവായ നവീന്‍ എന്നയാളെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി.

വിവിധ ഇടങ്ങളിലായി നൂറുകണക്കിന് വാഹനങ്ങളാണ് അക്രമികള്‍ അഗ്‌നിക്ക് ഇരയാക്കിയത്. ഇതുവരെ 110 പേരെയാണ് അക്രമങ്ങള്‍ക്കും, പോലീസുകാര്‍ക്ക് എതിരായ അക്രമത്തിനും അറസ്റ്റിലായിട്ടുള്ളത്. ബെംഗളൂരുവില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഡിജെ ഹള്ളി, കെജി ഹള്ളി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചു.

Other News in this category4malayalees Recommends