സച്ചിനെ വിശ്വസിക്കാത്ത ടീം; രാജസ്ഥാനിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് തിരശ്ശീല വീഴ്ത്തിയത് പൈലറ്റ് ക്യാംപിലെ വിള്ളല്‍; കോണ്‍ഗ്രസിനെ സഹായിച്ചത് ബിജെപി?

സച്ചിനെ വിശ്വസിക്കാത്ത ടീം; രാജസ്ഥാനിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് തിരശ്ശീല വീഴ്ത്തിയത് പൈലറ്റ് ക്യാംപിലെ വിള്ളല്‍; കോണ്‍ഗ്രസിനെ സഹായിച്ചത് ബിജെപി?
രാജസ്ഥാനില്‍ ഒരു മാസത്തോളം നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കാണ് അന്ത്യമായിരിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് മുഖ്യമന്ത്രി അശോക് ഘെലോട്ടിന്റെയും, അദ്ദേഹത്തിന്റെ പിണിയാളുകളുടെയും ശല്യം സഹിക്കാന്‍ കഴിയാതെ വിമതനീക്കം നടത്തിയ സച്ചിന്‍ പൈലറ്റിനെയും, മറ്റ് 19 കോണ്‍ഗ്രസ് എംഎല്‍എമാരുമാണ് പാളയത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ഇതിന് കോണ്‍ഗ്രസിനെ സഹായിച്ചത് ബിജെപിയും!

സംശയിക്കേണ്ട, കോണ്‍ഗ്രസ് നേരിട്ട് ബിജെപിയുടെ സഹായം സ്വീകരിച്ചെന്നല്ല, മറിച്ച് ബിജെപി ക്യാംപില്‍ സച്ചിന്‍ പൈലറ്റിനെ സ്വീകരിക്കുന്നത് സംബന്ധിച്ച് രൂപപ്പെട്ട ഇടച്ചിലാണ് ഭരണപക്ഷത്തിന് ഗുണമായി മാറിയത്. ഇതോടെ കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാലുമായി സച്ചിന്‍ പൈലറ്റ് ചര്‍ച്ച നടത്തി. ഈ ചര്‍ച്ച പൈലറ്റ് ക്യാംപില്‍ വിള്ളല്‍ വീഴ്ത്തി. മറുകണ്ടം ചാടാനെത്തിയ എംഎല്‍എമാര്‍ അങ്കലാപ്പിലായതോടെ മറ്റ് വഴികളില്ലാതെയാണ് പൈലറ്റ് അനുനയത്തിന് തയ്യാറായതെന്നാണ് ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന സൂചന.


ഘെലോട്ട് ക്യാംപിന്റെ താല്‍പര്യങ്ങളില്‍ വിട്ടുവീഴ്ച വരുത്താതെ തന്നെ സച്ചിന്‍ പൈലറ്റ് തിരിച്ചെത്തിയെന്നത് കോണ്‍ഗ്രസിന് ആശ്വാസവാര്‍ത്തയായി. ബിജെപി ഭരിക്കുന്ന ഹരിയാനയിലെ റിസോര്‍ട്ടില്‍ താമസിക്കുകയായിരുന്ന എംഎല്‍എമാരെ കൂട്ടി പൈലറ്റ് തിരിച്ചെത്തിയതോടെ രാജസ്ഥാന്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രി അശോക് ഘെലോട്ടിന് ബുദ്ധിമുട്ടും കാണില്ല.

വേണുഗോപാലുമായി സച്ചിന്‍ പൈലറ്റ് ചര്‍ച്ച നടത്തിയത് അദ്ദേഹത്തിന്റെ ക്യാംപില്‍ വിള്ളല്‍ വീഴ്ത്തി. തങ്ങളുടെ ഭാവി എന്താകുമെന്ന് സംശയിച്ച ചില എംഎല്‍എമാര്‍ ഹൈക്കമാന്‍ഡുമായി ബന്ധപ്പെടുക കൂടി ചെയ്തതോടെ നേതൃത്വത്തിന് പണി എളുപ്പമായി. പൈലറ്റിന് വലിയ വാഗ്ദാനങ്ങള്‍ ഒന്നും നല്‍കേണ്ടി വന്നില്ലെന്നത് ഘെലോട്ടിനെ പിണക്കാതെ നിര്‍ത്താന്‍ കോണ്‍ഗ്രസിന് സഹായകമാകുകയും ചെയ്തു.


Other News in this category4malayalees Recommends