പരീക്ഷണ വിവരങ്ങളില്ല, റഷ്യയുടെ കൊറോണാവൈറസ് വാക്‌സിനെ എങ്ങിനെ വിശ്വസിക്കും? ശാസ്ത്രജ്ഞര്‍ക്ക് ചോദിക്കാനുള്ളത് ഇതാണ്

പരീക്ഷണ വിവരങ്ങളില്ല, റഷ്യയുടെ കൊറോണാവൈറസ് വാക്‌സിനെ എങ്ങിനെ വിശ്വസിക്കും? ശാസ്ത്രജ്ഞര്‍ക്ക് ചോദിക്കാനുള്ളത് ഇതാണ്
കൊവിഡ്19 വാക്‌സിന് അംഗീകാരം നല്‍കിയെന്ന റഷ്യയുടെ പ്രഖ്യാപനം സന്തോഷത്തിന് പകരം ശാസ്ത്രലോകത്ത് ആശങ്ക പടര്‍ത്തുന്ന അവസ്ഥയാണ്. മനുഷ്യരിലെ പരീക്ഷണം രണ്ട് മാസം പോലും പൂര്‍ത്തിയാക്കും മുന്‍പാണ് പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ മത്സരത്തില്‍ വിജയിച്ച വിവരം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. എന്നാല്‍ ലോകത്തിലെ ആരോഗ്യ വിദഗ്ധര്‍ ഈ പ്രഖ്യാപനത്തെ ആശങ്കയോടെയാണ് വരവേറ്റത്. സമ്പൂര്‍ണ്ണ പരീക്ഷണ വിവരങ്ങളില്ലാതെ എത്തുന്ന വാക്‌സിനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് ഇവര്‍ പറയുന്നു.

മഹാമാരിക്ക് എതിരായി വാക്‌സിന്‍ വികസിപ്പിക്കാനുള്ള മത്സരത്തില്‍ ഒന്നാമതെത്താന്‍ ലക്ഷ്യമിട്ട റഷ്യ വിപുലമായ പരീക്ഷണങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ട് പോലുമില്ല. ഇതില്‍ നിന്നുള്ള ഡാറ്റ പ്രകാരമാണ് വാക്‌സിന്‍ ഫലപ്രദമാകുമോ എന്ന് തീരുമാനിക്കുന്നത്. ഇതിനൊന്നും കാത്തുനില്‍ക്കാത്ത റഷ്യന്‍ നയം അപകടകരമായ നടപടിയാണെന്ന് ഇമ്മ്യൂണോളജിസ്റ്റുകളും, പകര്‍ച്ചവ്യാധി വിദഗ്ധരും ചൂണ്ടിക്കാണിച്ചു.

അതിവേഗത്തില്‍ വാക്‌സിന് അംഗീകാരം നല്‍കിയതോടെ ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനൊന്നും റഷ്യ മിനക്കെട്ടില്ലെന്ന് ബ്രിട്ടനിലെ വാര്‍വിക്ക് ബിസിനസ്സ് സ്‌കൂള്‍ ഡ്രഗ് റിസേര്‍ച്ച് സ്‌പെഷ്യലിസ്റ്റ് അയ്ഫര്‍ അലി പറയുന്നു. മോസ്‌കോവിലെ ഗാമെലിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വികസിപ്പിച്ച വാക്‌സിന്‍ എല്ലാ പരീക്ഷണങ്ങളും കടന്നെന്നും, സുരക്ഷിതമാണെന്നും പുടിന്‍ വാദിക്കുമ്പോഴാണ് ഈ വസ്തുത അവശേഷിക്കുന്നത്.

കൃത്യമായ പരീക്ഷണങ്ങളില്ലാതെ കൂട്ടമായി വാക്‌സിന്‍ നല്‍കുന്നത് അസാന്മാര്‍ഗ്ഗികമായാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ആരോഗ്യത്തിന് ഹാനികരമാകുമെന്ന് മാത്രമല്ല വാക്‌സിന്‍ സ്വീകരിക്കാന്‍ ജനങ്ങള്‍ ഭയപ്പെടുന്ന അവസ്ഥയും രൂപപ്പെടും, അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Other News in this category4malayalees Recommends