കോവിഡ് രോഗബാധിതരുടെ ഫോണ്‍ കോളുകള്‍ പൊലീസ് ടാപ്പ് ചെയ്യുന്നു ; റൂട്ട് മാപ്പും സമ്പര്‍ക്ക പട്ടികയും തയ്യാറാക്കുന്നതിന്റെ ഭാഗമായിട്ടെന്ന് ന്യായീകരണം ; സ്വകാര്യതയ്ക്ക് വിലയില്ലാത്ത ഈ നീക്കത്തിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു

കോവിഡ് രോഗബാധിതരുടെ ഫോണ്‍ കോളുകള്‍ പൊലീസ് ടാപ്പ് ചെയ്യുന്നു ; റൂട്ട് മാപ്പും സമ്പര്‍ക്ക പട്ടികയും തയ്യാറാക്കുന്നതിന്റെ ഭാഗമായിട്ടെന്ന് ന്യായീകരണം ; സ്വകാര്യതയ്ക്ക് വിലയില്ലാത്ത ഈ നീക്കത്തിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു
കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാവുമ്പോള്‍ കോവിഡ് രോഗബാധിതരുടെ ഫോണ്‍ കോളുകള്‍ പൊലീസ് ടാപ്പ് ചെയ്യുന്നെന്ന് റിപ്പോര്‍ട്ട്. കോവിഡ് പോസിറ്റീവ് ആയവരുടെ റൂട്ട് മാപ്പും സമ്പര്‍ക്ക പട്ടികയും തയ്യാറാക്കുന്നതിന്റെ ഭാഗമായി ഇവരുടെ ഫോണ്‍ കോളുകള്‍ പൊലീസ് ശേഖരിക്കാന്‍ തീരുമാനിച്ചെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ബുധനാഴ്ച കേരള ഡി.ജി.പി ലോക്‌നാഥ് ബെഹറ മുതിര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാനായി പൊലീസിന് കൂടുതല്‍ ചുമതലകള്‍ നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചുരുന്നു.


പൊലീസിന്റെ പുതിയ തീരുമാനത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തി. ഒരു പകര്‍ച്ചവ്യാധി ഉണ്ടായെന്നു കരുതി മനുഷ്യരുടെ മൗലികാവകാശമൊന്നും സ്റ്റേറ്റിനോ പൊലീസിനോ ആരും അടിയറ വെച്ചിട്ടില്ലെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍ പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടിപ്പോയാല്‍ വിവരം മറച്ചു വയ്ക്കുന്നതിന് കേസെടുക്കാം. ഭരണഘടന ഒക്കെ ഇവിടെത്തന്നെ ഉണ്ട്. ലൊക്കേഷന്‍ ട്രേസ് ചെയ്യുന്ന ആരോഗ്യസേതു ആപ്പ് പോലും നിയമം മൂലം നിര്ബന്ധമാക്കിയിട്ടില്ല. അതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത കേസില്‍ നോട്ടീസ് കൈപ്പറ്റിയിരിക്കുകയാണ് സര്‍ക്കാര്‍.

അപ്പോഴാണ് പൗരന്മാരുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നത്. സര്‍വൈലന്‍സ് സ്റ്റേറ്റ് ആക്കാനുള്ള നീക്കത്തെ ശക്തമായി പ്രതിഷേധിക്കേണ്ടതുണ്ടെന്ന് ഹരീഷ് കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടയ്ക്ക് സമയം കിട്ടുമ്പോള്‍, സ്വകാര്യത സംബന്ധിച്ച സി.പി.ഐ.എം പോളിറ്റ് ബ്യുറോയുടെ നിലപാടുകള്‍, തീരുമാനങ്ങള്‍, പത്രക്കുറിപ്പുകള്‍ എന്നിവ വായിച്ചു നോക്കണമെന്നും കുറിപ്പില്‍ പറയുന്നു.

Other News in this category4malayalees Recommends