മാസ്റ്റര്‍ബ്ലാസ്റ്ററുടെ ആദ്യ സെഞ്ചുറി പിറന്ന ദിനം; 17ാം വയസ്സില്‍ ഇംഗ്ലണ്ടിനെതിരെ സച്ചിന്റെ ബാറ്റില്‍ വിരിഞ്ഞ അന്താരാഷ്ട്ര സെഞ്ചുറിക്ക് 30 വയസ്സ്

മാസ്റ്റര്‍ബ്ലാസ്റ്ററുടെ ആദ്യ സെഞ്ചുറി പിറന്ന ദിനം; 17ാം വയസ്സില്‍ ഇംഗ്ലണ്ടിനെതിരെ സച്ചിന്റെ ബാറ്റില്‍ വിരിഞ്ഞ അന്താരാഷ്ട്ര സെഞ്ചുറിക്ക് 30 വയസ്സ്
1990ലെ ആഗസ്റ്റ് 14, ഇംഗ്ലണ്ടിലെ ഓള്‍ഡ് ട്രാഫോര്‍ഡ് മൈതാനത്ത് ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് മത്സരം. ക്രിക്കറ്റ് പാരമ്പര്യമുള്ള മണ്ണില്‍ 17 വയസ്സുകാരനായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടക്കമിട്ടത് പിന്നീട് ലോക ക്രിക്കറ്റില്‍ താന്‍ തുടരാന്‍ പോകുന്ന ഇതിഹാസ യാത്രയുടെ തുടക്കം. 17 വയസ്സും, 112 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് ടെസ്റ്റില്‍ സെഞ്ചുറി തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ബാറ്റ്‌സ്മാനായി സച്ചിന്‍ മാറിയത്.

ആദ്യ സെഞ്ചുറി അടിയ്ക്കുന്ന ആ യുവതാരം പിന്നില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 99 സെഞ്ചുറികള്‍ അടിക്കുമെന്ന് അന്ന് ആ കാഴ്ചയ്ക്ക് സാക്ഷിയായ ക്രിക്കറ്റ് പണ്ഡിതര്‍ പോലും ചിന്തിച്ച് കാണില്ല. ആ റെക്കോര്‍ഡ് ഇപ്പോഴും തിരുത്തപ്പെടാതെ കിടക്കുന്നു. ആദ്യ നൂറ് തികച്ച സച്ചിന് പിന്നൊരു തിരിഞ്ഞുനോട്ടം ഉണ്ടായില്ല. മുംബൈയില്‍ നിന്നും ക്രിക്കറ്റ് സ്‌നേഹം മാത്രം നിറച്ചെത്തിയ ആ താരം ഇന്ത്യന്‍ ക്രിക്കറ്റിനായി നിരവധി നേട്ടങ്ങള്‍ കൊയ്‌തെടുത്തു.

8 ടെസ്റ്റ് മത്സരങ്ങള്‍ക്ക് ശേഷമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആദ്യ സെഞ്ചുറി നേടിയത്. അവസാന ഇന്നിംഗ്‌സില്‍ 189 പന്തില്‍ 119 റണ്‍ നേടി പുറത്താകാതെ നിന്ന സച്ചിന്റെ ബലത്തില്‍ ഇന്ത്യ മത്സരം സമനിലയില്‍ അവസാനിപ്പിച്ചു. ആദ്യത്തെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും ആ മത്സരത്തില്‍ സച്ചിനെ തേടിയെത്തി.

'ആഗസ്റ്റ് 14നാണ് ആ നൂറടിച്ചത്. അടുത്ത ദിവസം നമ്മുടെ സ്വാതന്ത്ര്യ ദിനമായിരുന്നു. അതുകൊണ്ട് ഏറെ സ്‌പെഷ്യലായിരുന്നു. ആ സമനില കാരണം അടുത്ത് ഓവലില്‍ നടന്ന ടെസ്റ്റിന് ജീവനുണ്ടായിരുന്നു', ആദ്യ സെഞ്ചുറിയുടെ 30ാം വാര്‍ഷികത്തില്‍ സച്ചിന്‍ സ്മരിക്കുന്നു.


Other News in this category



4malayalees Recommends