ഫാ. ഡോ. എം. കെ തോമസ് അന്തരിച്ചു

ഫാ. ഡോ. എം. കെ തോമസ് അന്തരിച്ചു
മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദികനും പത്തനംതിട്ട ബേസില്‍ ദയറാ അംഗവുമായ ബഹു. ഡോ. എം. കെ തോമസ് അച്ചന്‍ (തമ്പിയച്ചന്‍90) വാര്‍ദ്ധക്യസഹജമായ അസുഖം മൂലം പരുമല സെന്റ് ഗ്രീഗോറിയോസ് ഹോസ്പിറ്റലില്‍ ഞായറാഴ്ച രാവിലെ 7.15 ന് നിര്യാതനായി. ചെങ്ങന്നൂര്‍ പുത്തന്‍കാവ് അയിരൂക്കുഴില്‍ മലയില്‍ മേലത്തേതില്‍ എം. കെ കൊരുത്, റേച്ചല്‍ കൊരുത് ദമ്പതികളുടെ സീമന്തപുത്രനായി 1931 ജനുവരി 26 ജനിച്ചു. കെ. തോമസ് (ഹൂസ്റ്റണ്‍) എം.കെ ജോര്‍ജ്ജ് (റാലെ, നോര്‍ത്ത് കരോലിന) എന്നിവര്‍ സഹോദരങ്ങളാണ്.


1994 മുതല്‍ ദീര്‍ഘകാലം ഷിക്കാഗോ എല്‍മെസ്റ്റ് (ഓക്പാര്‍ക്ക്) സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തിലെ വികാരിയായിരുന്ന എം.കെ തോമസ് അച്ചന്‍ പിന്നീട് നോര്‍ത്ത് കരോലിന റാലെ മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തിന്റെ സ്ഥാപകവികാരിയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ചെങ്ങന്നൂരിലുള്ള ഭവനത്തില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു അന്ത്യം. പുത്തന്‍കാവില്‍ കുച്ചുതിരുമേനിയുടെ വാത്സല്യ ശിഷ്യത്വത്തിലൂടെയും, തുമ്പമണ്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ ദാനിയേല്‍ മാര്‍ പീലക്‌സീനോസ് മെത്രാപ്പോലീത്തയുടെ പരിപാലനത്തിലൂടെയും വളര്‍ന്നുവന്ന ബഹു.തോമസ് 1957 ല്‍ ഭാഗ്യസ്മരണാര്‍ഹനായ ഔഗേന്‍ മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തയില്‍ നിന്നും ശെമ്മാശപട്ടവും, 1966ല്‍ ദാനിയേല്‍ മാര്‍ പീലക്‌സീനോസ് മെത്രാപ്പോലീത്തയില്‍ നിന്നും വൈദീക പട്ടവും സ്വീകരിച്ചു. പുത്തന്‍കാവ് സെന്റ് മേരീസ് കത്തീഡ്രല്‍ ഇടവക അംഗമായ തോമസ് അച്ചന്‍ 1952 ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നും BA യും അമേരിക്കയിലെ ട്യുല്‍സ സര്‍വ്വകലാശാലയില്‍ നിന്നും MA യും ഇന്‍ഗ്ലീഷ് എഡുക്കേഷന്‍ ഡോക്ടറേറ്റും നേടി. പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്‌കൂളില്‍ അധ്യാപകനായും കിഴവള്ളൂര്‍ സെന്റ് ജോര്‍ജ്ജ് മിഡില്‍ സ്‌കൂളില്‍ പ്രധാനഅധ്യാപകനായും സേവനം അനുഷ്ഠിച്ചു. തുമ്പമണ്‍ ഭദ്രാസന ഓര്‍ത്തോഡോക്‌സ് യൂത്ത് മൂവ്‌മെന്റ് മൂവ്‌മെന്റ് സെക്രട്ടറിയായും, അമേരിക്കയിലെ മോര്‍ഹെഡ് യുണിവേഴ്‌സിറ്റിയില്‍ 1964 മുതല്‍ 1994 വരെ ഇംഗ്ലീഷ് വിഭാഗത്തിന്റെ പ്രൊഫസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ലൂയിസ്‌വില്‍, സെന്‍സിനാറ്റി, കൊളംബസ്, റാലെ, ഒര്‍ലാണ്ടോ എന്നീ ഇടവകകളുടെ സ്ഥാപകവികാരിയാണ്.


ബഹു.തോമസ് അച്ചന്റെ ദേഹവിയോഗത്തില്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ, അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കോളാവോസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത, അഭിവന്ദ്യ ഡോ.പുലിക്കോട്ടില്‍ ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ ഡോ.ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.


സംസ്‌കാര ശുശ്രൂഷകള്‍ പത്തനംതിട്ട ബേസില്‍ ദയറായില്‍ പിന്നീട് നടക്കും.



Other News in this category



4malayalees Recommends