ട്രംപ് 'തെറ്റായ' പ്രസിഡന്റ്; തോല്‍വികള്‍ പ്രശ്‌നങ്ങളുണ്ടാക്കി; ബൈഡനെ നേതൃത്വത്തിലേക്ക് തെരഞ്ഞെടുത്ത് യുഎസിനെ രക്ഷിക്കണമെന്ന് മിഷേല്‍ ഒബാമ

ട്രംപ് 'തെറ്റായ' പ്രസിഡന്റ്; തോല്‍വികള്‍ പ്രശ്‌നങ്ങളുണ്ടാക്കി; ബൈഡനെ നേതൃത്വത്തിലേക്ക് തെരഞ്ഞെടുത്ത് യുഎസിനെ രക്ഷിക്കണമെന്ന് മിഷേല്‍ ഒബാമ
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി മുന്‍ ഫസ്റ്റ് ലേഡി മിഷേല്‍ ഒബാമ. തെറ്റായ പ്രസിഡന്റാണ് ട്രംപെന്ന് വിളിച്ചതിന് പുറമെ അദ്ദേഹത്തിന്റെ പരാജയങ്ങള്‍ കൂട്ടക്കുഴപ്പം സൃഷ്ടിച്ചതായും ആരോപിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ കണ്‍വെന്‍ഷന് തുടക്കം കുറിച്ച് വിഭജിച്ച് നില്‍ക്കുന്ന യുഎസിനെ സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്ന് മോചിപ്പിക്കണമെന്നാണ് ആഹ്വാനം. ഇതിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ മാറ്റി ജോ ബൈഡനെ പകരം അവരോധിക്കാനാണ് ആവശ്യപ്പെടുന്നത്.


ബൈഡന്റെ വിനീതമായ നേതൃത്വരീതികള്‍ യുഎസിന്റെ ആരോഗ്യവും, പുരോഗതിയും ഉറപ്പാക്കുമെന്ന് മിഷേല്‍ ഒബാമ അഭിപ്രായപ്പെട്ടു. 'ജോ ബൈഡന് വേണ്ടി നമ്മള്‍ പ്രതീക്ഷ കണ്ടെത്തണം. അദ്ദേഹത്തിന്റെ ജീവിതം അതിനുള്ള ഉദാഹരണമാണ്. അദ്ദേഹത്തിന്റെ ഉത്സാഹം നമ്മളെ തിരിച്ചെത്തിക്കും', മിഷേല്‍ പ്രഖ്യാപിച്ചു. വ്യാഴാഴ്ച നടക്കുന്ന പ്രതിനിധി വോട്ടിംഗിന് ശേഷം ഡെമോക്രാറ്റുകള്‍ ബൈഡനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യും.

പ്രസിഡന്റ് ജോലി കഠിനമാണെന്ന് മിഷേല്‍ കൂട്ടിച്ചേര്‍ത്തു. ഇവരുടെ ഭര്‍ത്താവ് ബരാക് ഒബാമ 2009 മുതല്‍ 2016 വരെ ഈ പദവി വഹിച്ചിരുന്നു. 'കൃത്യമായ തരുമാനം കൈക്കൊള്ളാനും, സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനും, വസ്തുതകളും, ചരിത്രവും മനസ്സിലാക്കാനുള്ള ശേഷിയും, കേള്‍ക്കാനുള്ള കഴിവും വേണം. ഈ രാജ്യത്ത് ജീവിക്കുന്ന 330 മില്ല്യണ്‍ ജീവിതങ്ങള്‍ക്കും അര്‍ത്ഥവും, മൂല്യവുമുണ്ടെന്ന അഗാധമായ വിശ്വാസവും വേണം', മിഷേല്‍ കൂട്ടിച്ചേര്‍ത്തു.

ഈ ജോലിയില്‍ വ്യാജമായി നിലനില്‍ക്കാന്‍ കഴിയില്ലെന്നും ട്രംപിനുള്ള കുത്തായി മിഷേല്‍ പറഞ്ഞു. രാജ്യം നേരിടുന്ന വെല്ലുവിളികള്‍ക്കൊത്ത് ഉയരാന്‍ ട്രംപിന് സാധിക്കുന്നില്ല. ഇപ്പോള്‍ വൈറ്റ് ഹൗസിന് നേര്‍ക്ക് നേതൃത്വത്തിനായി കണ്ണോടിക്കുമ്പോള്‍ ഒരു ആശ്വാസവും ലഭിക്കുന്നില്ല. ദീര്‍ഘവീക്ഷണം ഇല്ലെന്നതിന് പുറമെ സഹാനുഭൂതിയും അവിടെയില്ല, മുന്‍ ഫസ്റ്റ് ലേഡി കുറ്റപ്പെടുത്തി.


Other News in this category4malayalees Recommends