റോക്ക് ലാന്‍ഡ് ഹോളി ഫാമിലി ഇടവകക്കു ദേവാലയം സ്വന്തമായി, പുതിയ ചരിത്രത്തിലേക്ക് ഇടവക സമൂഹം

റോക്ക് ലാന്‍ഡ് ഹോളി ഫാമിലി ഇടവകക്കു  ദേവാലയം സ്വന്തമായി, പുതിയ ചരിത്രത്തിലേക്ക് ഇടവക സമൂഹം
ന്യു യോര്‍ക്ക്: രണ്ടു പതിറ്റാണ്ടായുള്ള വിശ്വാസിസമൂഹത്തിന്റെ പ്രാര്‍ത്ഥനയും, പ്രയത്‌നവും, സ്വപ്നവും സഫലമാക്കി റോക്ക് ലാന്‍ഡ് ഹോളിഫാമിലി ചര്‍ച്ചിന് സ്വന്തമായ ദേവാലയം


കോവിഡ് മൂലം സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഉള്ളതിനാല്‍ ഇടവകാംഗങ്ങളിലെ കുറച്ച് പേര് മാത്രം പങ്കെടുത്ത ചടങ്ങില്‍ ഇടവകക്ക് വേണ്ടി വികാരി ഫാ. റാഫേല്‍ അമ്പാടന്‍ പള്ളി വാങ്ങുന്നതായുള്ള രേഖകളില്‍ ഒപ്പുവച്ചു. അറ്റോര്‍ണി ജൂലിയന്‍ ഷുള്‍ട്‌സ് നിയമാനുസൃതമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.


ആഗസ്റ്റ് 25 , ചൊവ്വാഴ്ച്ച വൈകുന്നേരം പള്ളിയില്‍ നടന്ന ചടങ്ങില്‍ ഫാദര്‍ റാഫേല്‍ അമ്പാടന്‍ എല്ലാവരെയും സ്വാഗതം ചെയ്തു. ഈ ദേവാലയം വാങ്ങുന്നതിനായി സഹകരിക്കുകയും സഹായിയിക്കുകയും ചെയ്തവരെ അനുസ്മരിയ്ക്കുകയും അവര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.


ട്രസ്റ്റി ജോസഫ് കടംതോട്ട് ക്ലോസിങ് ചടങ്ങിനായി ഏവരെയും ക്ഷണിച്ചു.


ഈ ദേവാലയം വാങ്ങുന്നതിനു ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം ന്യു യോര്‍ക്ക് ആര്‍ച്ച് ഡയോസിസിലേക്ക് സ്ഥലം മാറിപ്പോയ മുന്‍ വികാരി ഫാ. തദ്ദേവൂസ് അരവിന്ദത്തിന്റെ സാന്നിധ്യം അനുഗ്രഹമായി. ഈ പള്ളിയും അതോടൊപ്പമുള്ള പതിനേഴര ഏക്കര്‍ സ്ഥലവും വാങ്ങുന്നതിനു തുടക്കം കുറിച്ചതും അതിനായി ഫണ്ട് സമാഹരണം ശക്തിപ്പെടുത്തിയതും അച്ചനായിരുന്നു. ഒരു വര്ഷം മുന്‍പ് വികാരിയായി ചാര്‍ജെടുത്ത ഫാ. റാഫേല്‍ എല്ലാ ചട്ടവട്ടങ്ങളും പൂര്‍ത്തിയാക്കുകയും പള്ളി സ്വന്തമാക്കാന്‍ അന്തിമ ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.


ന്യു യോര്‍ക്ക് ആര്‍ച് ഡയോസിസിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സെന്റ് ബോണിഫേസ് ദേവാലയമാണ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷനായും പിന്നീട് ഹോളി ഫാമിലി ചര്‍ച്ച് ആയും രൂപാന്തരം പ്രാപിച്ചത്. മൂന്ന് മില്യണ്‍ ഡോളര്‍ വിലയില്‍ ഒരു മില്യണ്‍ നല്‍കി. ബാക്കി 30 വര്ഷം കൊണ്ട് ആര്‍ച്ച് ഡയോസിസിനു അടച്ച് തീര്‍ത്താല്‍ മതി.


ബില്‍ഡിംഗ് ഫണ്ട് ചെയര്‍മാന്‍ ജെയിന്‍ ജേക്കബ്, ട്രസ്റ്റിമാരായ ജോസഫ് കടംതോട്ട്, ആനി ചാക്കോ, നിര്‍മല ജോസഫ്, ജിജോ ആന്റണി എന്നിവരും, മുന്‍കാല ട്രസ്റ്റിമാരായ വര്‍ക്കി പള്ളിത്താഴത് , ജോസ് അക്കകാട്ട് , ചാക്കോ കിഴക്കെകാട്ടില്‍, സജി മാത്യു , ജോസഫ് എബ്രഹാം, ജയിന്‍ ജേക്കബ്, ജോര്‍ജ് എടാട്ടേല്‍, ജോണ്‍ ദേവസ്യ, ജോര്‍ജ് പടവില്‍, തോമസ് ചാക്കോ, ജേക്കബ് ചൂരവടി, ജെയിംസ് കാനാച്ചേരി, മത്തായി ഫ്രാന്‍സിസ് എന്നിവരും സന്നിഹിതരായിരുന്നു.


ഒരു നീണ്ട യാത്രയുടെ പരിസമാപ്തിയും മറ്റൊരുയാത്രയുടെ തുടക്കവുമാണിതെന്ന് ഫാദര്‍ തദേവൂസ് അരവിന്ദത് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ദേവാലയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം നമുക്കായി. ഇനി ഈ സമൂഹത്തെ വളര്‍ത്തി വലുതാക്കേണ്ട ചുമതലയാണ് നമുക്കുള്ളത്. സമീപ സ്ഥലങ്ങളിലെ എല്ലാ കത്തോലിക്ക വിശ്വാസികളുടെയും ആരാധനാ കേന്ദ്രമായി ഈ ദേവാലയം വളരട്ടെ എന്നാശംസിച്ചു.


മൂന്നര പതിറ്റാണ്ടായി ഈ നിമിഷത്തിനുവണ്ടി പ്രവര്‍ത്തിച്ചവരുണ്ട്. അവരെയെല്ലാം നന്ദിയോടെ സ്മരിക്കുന്നു. ദേവാലയത്തിന്റെ മുമ്പോട്ടുള്ള നടത്തിപ്പിന് അദ്ദേഹം എല്ലാവിധ മംഗളങ്ങളും നേര്‍ന്നു.

ന്യൂയോര്‍ക് അതിരൂപതയോടും ഇവിടുത്തെ ഇടവകക്കാരായ സെയിന്റ് ബോണിഫേസ് അംഗങ്ങളോടും അച്ചന്‍ നന്ദി സൂചിപ്പിക്കുകയും ചെയ്തു.


തുടര്‍ന്ന് സ്വന്തം ദേവാലയത്തില്‍ ആദ്യത്തെ വി. കുര്‍ബാനയില്‍ ഫാദര്‍ റാഫേല്‍ അമ്പാടനും, ഫാദര്‍ തദേയൂസ് അരവിന്ദത്തും കാര്‍മ്മികരായി.


വി. കുര്‍ബാന മധ്യേ ഫാദര്‍ റാഫേല്‍ അമ്പാടന്‍ സുവിശേഷ വായനയെ അടിസ്ഥാനമാക്കി പള്ളിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി. മരിച്ചുപോയ ബാലിക കര്‍ത്താവിന്റെ സാന്നിധ്യത്തില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു .

അത് പോലെ നിര്ജീവമായ അപ്പവും വീഞ്ഞും വിശുദ്ധ ബലിയോടു ചേര്‍ന്നു നില്‍ക്കുമ്പോള്‍ കര്‍ത്താവിന്റെ ജീവനുള്ള ശരീരവും രക്തവും ആയിത്തീരുന്നു. കര്‍ത്താവ് അവിടെ വസിക്കുന്നു. അവിടെ കര്‍ത്താവിന്റെ സാന്നിധ്യമുണ്ട്. അതുകൊണ്ടു ദേവാലയം എന്ന് വിളിക്കുന്നു .


സന്തോഷം കര്‍ത്താവുമായി പങ്കുവയ്ക്കുമ്പോള്‍ ഇരട്ടിയാക്കുന്നു. സങ്കടം കര്‍ത്താവുമായി പങ്കുവയ്ക്കുമ്പോള്‍ പകുതിയാകുന്നു.

വിശുദ്ധ പൗലോസ് ശ്ലീഹ പറഞ്ഞതുപോലെ ശരീരമാകുന്ന ദേവാലയം പരിശുദ്ധമായി സൂക്ഷിച്ചുകൊണ്ടു കര്‍ത്താവു വസിക്കുന്ന ദേവാലയത്തില്‍ വന്നു ബലിയര്‍പ്പിക്കുക. ദൈവത്തിനു കൊടുക്കാവുന്ന ഏറ്റം ഉന്നതമായ കാഴ്ചവസ്തുവാണത്. അതിനുവേണ്ടി കര്‍ത്താവു നമുക്ക് സ്വന്തമായി ഒരു ദേവാലയം തന്നിരിക്കുന്നു . അതിനു നേര്‍സാക്ഷികളാകാനും നേരിട്ട് അനുഭവിക്കാനും ഭാഗ്യം ലഭിച്ചവരാണ് നമ്മള്‍.


ഈ ദേവാലയം നമ്മുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദു ആയിത്തീരാന്‍ ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു. ഇവിടെ രണ്ടു കാര്യങ്ങള്‍ എപ്പോഴും നടക്കണം. ഏറ്റം പ്രധാനപ്പെട്ടത് ആരാധനയും ബലിയര്‍പ്പണവും ആണ് . രണ്ടാമതായി സമൂഹത്തിന്റെ സോഷ്യല്‍ ലൈഫ് . അതും ഈ ദേവാലയത്തെ കേന്ദ്രീകരിച്ച് നടക്കണം. അതിനായി ദൈവം നമ്മെ അനുഗ്രഹിക്കട്ടെഅദ്ദേഹം ആശംസിച്ചു


റോക്ക് ലാന്‍ഡ് സെന്റ് മേരിസ് സീറോ മലബാര്‍ മിഷന്‍ ആയി പ്രവര്‍ത്തിച്ച ദേവാലയം ഹോളി ഫാമിലി എന്ന പേര് സ്വീകരിച്ചത് പള്ളി വാങ്ങാന്‍ കരാര്‍ ഒപ്പിട്ടപ്പോളാണ്. റോക്ക് ലാന്‍ഡില്‍ പല സെന്റ് മേരീസ് ചര്‍ച്ചുകള്‍ ഉള്ള പശ്ചാത്തലത്തിലായിരുന്നു ഈ മാറ്റം.


1987ല്‍ ഫാ. ജോര്‍ജ് കളപ്പുര സേവനമനുഷ്ഠിച്ചിരുന്ന ഹാവര്‍സ്‌റ്റോയിലെ പള്ളിയില്‍ തങ്ങള്‍ ഏതാനും പേര് ഒത്തുകൂടിയിരുന്നത് ജോണ് ദേവസ്യ ഓര്‍മ്മിച്ചു.


പിന്നീട് കുറെ പേര് ചേര്‍ന്ന് സ്പ്രിംഗ് വാലിയിലെ സെന്റ് ജോസഫ്‌സില്‍ മലയാളി വൈദികനെക്കൊണ്ട് വി.കുര്‍ബാന അര്‍പ്പിച്ച് പോന്നു. അതിനു ശേഷം ഫാ. എബ്രഹാം വല്ലയില്‍ സ്ഥിരമായി കുര്‍ബാന ചൊല്ലിക്കൊണ്ടിരുന്നു. പിന്നീട് കുറച്ച് കാലം ഫാ. ജോസ് കണ്ടെത്തിക്കുടിയും സേവവനമനുഷ്ഠിച്ചു.

2000 ല്‍ ചിക്കാഗോ രൂപത ഉണ്ടായി. 2004 ല്‍ റോക്ക് ലാന്‍ഡ് മിഷന്‍ സ്ഥാപിച്ചു. ഫാ. വല്ലയില്‍, ഫാദര്‍ ആന്റോ കുടുക്കാംതടം എന്നിവര്‍ മിഷന്റെ ചുമതല വഹിച്ചു.


പിന്നീട് ഫാദര്‍ തദേവൂസ് അരവിന്ദത്ത് എട്ടു വര്‍ഷത്തോളം മിഷന്‍ ഡയറക്ടര്‍ ആയിരിക്കെ പള്ളി വാങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമായി. തുടര്‍ന്ന് ആര്‍ച്ച് ഡയോസിസുമായി കരാറിലെത്തി.


ഇപ്പോഴത്തെ വികാരി ഫാദര്‍ റാഫേല്‍ അമ്പാടന്റെ നേതൃത്വത്തില്‍ ആ പ്രയത്‌നം സഫലമാകുകയും ചെയ്യുന്നു.

ധന്യമായ ഈ മുഹൂര്‍ത്തത്തിനു ഇടവകാംഗങ്ങള്‍ ദൈവത്തിനു നന്ദി അര്‍പ്പിക്കുന്നു.


Other News in this category



4malayalees Recommends