വായ്പ മൊറട്ടോറിയം രണ്ടുവര്‍ഷം വരെ നീട്ടാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

വായ്പ മൊറട്ടോറിയം രണ്ടുവര്‍ഷം വരെ നീട്ടാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍
റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ പ്രകാരം വായ്പ മൊറട്ടോറിയം കാലാവധി രണ്ട് വര്‍ഷം വരെ നീട്ടാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. കൊറോണ വൈറസ് പാര്‍ച്ചവ്യാധിയെ തുടര്‍ന്ന് ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഇന്നലെ അവസാനിച്ചിരുന്നു. ഓഗസ്റ്റ് 31 വരെ നിലവിലുള്ള എല്ലാ വ്യക്തിഗത, കോര്‍പ്പറേറ്റ് ടേം വായ്പക്കാര്‍ക്കും ആറ് മാസത്തെ മൊറട്ടോറിയം നല്‍കാന്‍ റിസര്‍വ് ബാങ്ക് എല്ലാ ബാങ്കുകളെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും അനുവദിച്ചിരുന്നു.

വായ്പാ മൊറട്ടോറിയം കാലയളവില്‍ വായ്പാ തുകയില്‍ പലിശയും പലിശക്കു മുകളില്‍ പലിശയും ഒഴിവാക്കുന്നതിനുള്ള ഒരു പരിഹാരത്തിലെത്തുന്നതിന് റിസര്‍വ് ബാങ്കുമായും ബാങ്കേഴ്‌സ് അസോസിയേഷനുമായും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിനെ അനുവദിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അഭ്യര്‍ത്ഥിച്ചു. 'വലിയ പ്രതിസന്ധികള്‍ ഉണ്ട്, ജിഡിപി 23 ശതമാനം ഇടിഞ്ഞു, സമ്പദ്‌വ്യവസ്ഥ സമ്മര്‍ദ്ദത്തിലാണ്,' അദ്ദേഹം പറഞ്ഞു.

മൊറട്ടോറിയത്തില്‍ വായ്പ തിരിച്ചടവിന് പലിശ എഴുതിത്തള്ളുന്നതില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് സുപ്രീംകോടതി കഴിഞ്ഞ ആഴ്ച ചോദിച്ചിരുന്നു.ടേം ലോണുകളുടെ തിരിച്ചടവ് സംബന്ധിച്ച മൊറട്ടോറിയത്തില്‍ പലിശ ഇളവ് നല്‍കാനാവില്ലെന്ന് റിസര്‍വ് ബാങ്ക് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അത്തരം നീക്കം ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യത്തെയും സ്ഥിരതയെയും അപകടത്തിലാക്കും എന്നാണ് റിസര്‍വ് ബാങ്ക് പറഞ്ഞത്.

കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം ലഭിക്കാത്തതിനാല്‍ സുപ്രീംകോടതി വാദം കേള്‍ക്കല്‍ നാളത്തേക്ക് മാറ്റി.

ലോക് ഡൗണ്‍ കാലത്ത് ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം കാലാവധി നീട്ടണം വായ്പാ തുകയുടെ പലിശയും പലിശയുടെ പലിശയും ബാങ്കുകള്‍ ഈടാക്കുന്നുണ്ട്, ഇത് ഒഴിവാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.


Other News in this category



4malayalees Recommends