അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് ചൈന. ലഡാക്കിലെ പാങ്ഗോങ് തടാകത്തിന്റെ തെക്കുഭാഗത്ത് അതിവേഗ ആശയ വിനിമയത്തിനായി ചൈനീസ് സൈന്യം ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നതായി റിപ്പോര്‍ട്ട്. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഉന്നതതല ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് ചൈനയുടെ നീക്കം.
അതിര്‍ത്തിയിലുള്ള സൈനീകരുമായി സുരക്ഷിതമായ ആശയ വിനിമയം നടത്താന്‍ ചൈന സ്ഥാപിച്ച ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ പാങ്ഗോങ് തടാകത്തിന്റെ തെക്കുഭാഗത്ത് കണ്ടെത്തിയെന്ന് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കേബിള്‍ സ്ഥാപിക്കുന്ന ജോലികള്‍ അതിവേഗത്തില്‍ നടക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ പാങ്ഗോങ് തടാകത്തിന്റെ വടക്കു ഭാഗത്തും ചൈനീസ് സൈന്യം ഇത്തരം കേബിളുകള്‍ സ്ഥാപിച്ചതായി കണ്ടെത്തിയിരുന്നു. സംഘര്‍ഷ സാഹചര്യത്തില്‍ കഴിഞ്ഞ ഒരു മാസത്തിലേറെയായി പാങ്ഗോങ് തടാകത്തിന്റെ തെക്കു ഭാഗത്തായി 70 കിലോമീറ്ററോളം പ്രദേശത്ത് ഇരുരാജ്യങ്ങളിലേയും സൈനീകര്‍ നിലയുറപ്പിച്ചിട്ടുണ്ട്. സൈനീക നയതന്ത്ര തലത്തില്‍ നിരവധി തവണ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും ഇതുവരെ പ്രശ്ന പരിഹാരമായിട്ടില്ല.
സുരക്ഷിതമായി ആശയ വിനിമയം നടത്താനും ചിത്രങ്ങളും രേഖകളും അടക്കമുള്ളവ അയക്കാനും ഫൈബര്‍ കേബിളുകള്‍ വഴി സാധിക്കും. റേഡിയോ വഴിയുള്ള ആശയ വിനിമയം ഇതിലൂടെ ചോര്‍ത്താനാകും. ഇന്ത്യന്‍ സൈനീകര്‍ റേഡിയോ സംവിധാനം വഴിയാണ് ആശയ വിനിമയം നടത്തുന്നത്. എന്നാല്‍ ഇതു എന്‍ക്രിപ്റ്റ് ചെയ്ത രീതിയിലാണെന്നും മുന്‍ സൈനീക രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു.