മാസ്‌ക് ഇല്ല, പകരം പാമ്പിനെ അണിഞ്ഞ് യാത്രക്കാരന്‍; ബസിലെ അമ്പരപ്പിക്കുന്ന യാത്ര കണ്ട് ഞെട്ടി സഹയാത്രികര്‍

മാസ്‌ക് ഇല്ല, പകരം പാമ്പിനെ അണിഞ്ഞ് യാത്രക്കാരന്‍; ബസിലെ അമ്പരപ്പിക്കുന്ന യാത്ര കണ്ട് ഞെട്ടി സഹയാത്രികര്‍
കൊറോണാവൈറസ് രംഗത്തിറങ്ങിയതോടെ മുഖത്ത് വായും, മൂക്കും അടച്ച് മാസ്‌ക് വെയ്ക്കണമെന്നത് നിര്‍ബന്ധമായി മാറിക്കഴിഞ്ഞു. ലോകത്തിലെ നല്ലൊരു ശതമാനം രാജ്യങ്ങളും മാസ്‌ക് ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. നിയമം തെറ്റിക്കാതിരിക്കാന്‍ ചില വിരുതന്മാര്‍ ഒപ്പിക്കുന്ന കാര്യങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറയുകയും, വൈറല്‍ വീഡിയോകളായി മാറുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ ബസ് യാത്രയില്‍ മാസ്‌കിന് പകരം ഈ മനുഷ്യന്‍ ഉപയോഗിച്ച വസ്തു കണ്ട് സഹയാത്രികര്‍ ഭയന്നുപോകുകയാണ് ചെയ്തത്. നല്ല ഒന്നാന്തരം പാമ്പിനെ കഴുത്തില്‍ അണിഞ്ഞാണ് മുഖം മറച്ച് ഇംഗ്ലണ്ടില്‍ സാല്‍ഫോര്‍ഡിലെ ബസില്‍ യാത്രക്കാരന്‍ പ്രത്യക്ഷപ്പെട്ടത്. സ്വിന്റണില്‍ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള ബസ് സര്‍വ്വീസിലാണ് കൂറ്റന്‍ പാമ്പിനെ കഴുത്തില്‍ അണിഞ്ഞ് മുഖം മറിച്ച് യാത്രക്കാരന്‍ യാത്രക്കിറങ്ങിയത്.


മറ്റ് യാത്രക്കാര്‍ ഞെട്ടിപ്പോയെങ്കിലും പൊതുസ്ഥലത്തും, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിലും മുഖം നിര്‍ബന്ധമായി മറയ്ക്കണമെന്ന നിബന്ധനയെ പരിഹസിച്ച് കൊണ്ടാണ് യാത്രക്കാരന്‍ സഞ്ചരിച്ചത്. യാത്രക്കിടെ കഴുത്തില്‍ നിന്നും പാമ്പിനെ ഇദ്ദേഹം ഹാന്‍ഡ് റെയിലിലേക്ക് മാറ്റി. മറ്റ് ബസ് യാത്രക്കാര്‍ക്ക് വിറയല്‍ സമ്മാനിച്ചെങ്കിലും സംഗതി രസകരമായെന്ന് ഇവര്‍ പറയുന്നു.


ആദ്യം ഇതൊരു വ്യത്യസ്തമായ മാസ്‌കാണെന്ന് കരുതിയതായി 46കാരിയായ സഹയാത്രിക പറഞ്ഞു. എന്നാല്‍ പിന്നീട് ഇത് ഇഴയുന്നത് ശ്രദ്ധിച്ചതോടെയാണ് ഒറിജിനല്‍ പാമ്പാണെന്ന് തിരിച്ചറിഞ്ഞതെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Other News in this category4malayalees Recommends