വര്‍ക്കലയിലെ കുടുംബത്തിന്റെ ആത്മഹത്യ ; ഉറക്കത്തില്‍ ഭാര്യയേയും മകളേയും തീവച്ച ശേഷം ശ്രീകുമാര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന ; കാരണം ഉപകരാറുകാരന്റെ ചതി മൂലമുണ്ടായ സാമ്പത്തിക ബാധ്യത

വര്‍ക്കലയിലെ കുടുംബത്തിന്റെ ആത്മഹത്യ ; ഉറക്കത്തില്‍ ഭാര്യയേയും മകളേയും തീവച്ച ശേഷം ശ്രീകുമാര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന ; കാരണം ഉപകരാറുകാരന്റെ ചതി മൂലമുണ്ടായ സാമ്പത്തിക ബാധ്യത
വര്‍ക്കലയില്‍ വീടിനുള്ളില്‍ അച്ഛനും അമ്മയും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊടും ചതി മൂലമുണ്ടായ ആത്മഹത്യയെന്ന് സൂചന. സംഭവത്തില്‍ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍(60) , ഭാര്യ മിനി (55) , മകള്‍ അനന്തലക്ഷ്മി (26) എന്നിവരാണ് മരിച്ചത്. ഉറക്കത്തില്‍ ഭാര്യയെയും മകളെയും തീവച്ച ശേഷം ശ്രീകുമാര്‍ ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. ശ്രീകുമാറിന്റെ മൃതദേഹം വീടിന്റെ ശുചിമുറിയിലും ഭാര്യയുടെയും മകളുടെയും മൃതദേഹം കിടപ്പു മുറിയിലും ആണ് കിടന്നിരുന്നത്.

സാമ്പത്തികമായി ചിലര്‍ വഞ്ചിച്ചുവെന്നു കുറിപ്പില്‍ പറയുന്നു. വ്യക്തികളുടെ പേരും കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കരാര്‍ ജോലികള്‍ ചെയ്തിരുന്ന തന്നെ തിരുമല സ്വദേശിയായ ഉപകരാറുകാരന്‍ ചതിച്ചുവെന്നും പറയുന്നുണ്ട്. ഉപ കരാറുകാരന്‍ ജോലികള്‍ കൃത്യമായി ചെയ്തു തീര്‍ക്കാതെ വന്നതോടെ വലിയ തുക വായ്പയെടുത്തു പണികള്‍ തീര്‍ത്തു കൊടുക്കേണ്ടിവന്നു. ഇതോടെ കോടികളുടെ ബാധ്യതയാണ് ഉണ്ടായതെന്നും വിശദീകരിക്കുന്നു. ഇത് കാരണം ശ്രീകുമാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു.


ശ്രീകുമാര്‍ വീടും പുരയിടങ്ങളും ബാങ്കില്‍ പണയപ്പെടുത്തി ലോണ്‍ എടുത്താണ് കോണ്‍ട്രാക്ട് പണികള്‍ തീര്‍ത്തത്. ബില്ലുകള്‍ മാറിവരുന്ന തുകയെല്ലാം ബാങ്കിലടച്ചു വരികയായിരുന്നത്രെ. എന്നാല്‍, നാളുകളായി അടച്ച തുകയെല്ലാം ബാങ്ക് പലിശയിനത്തില്‍ വരവുവെക്കുകയും ലോണ്‍ തുക അതേപോലെ നിലനില്‍ക്കുകയുമായിരുന്നു. അടച്ചാലും അടച്ചാലും തീരാത്ത ലോണ്‍ തീര്‍ക്കാനായി ഭൂമി വില്‍ക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍, ഭൂമി കച്ചവടമൊന്നും ശരിയാകാതെ പോകുകയായിരുന്നത്രെ. ഇതോടെയാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നാണ് നിഗമനം.

കടബാധ്യതയെ തുടര്‍ന്ന് നിരാശയിലായിരുന്നു കുടുംബമെന്ന് അയല്‍വാസികള്‍ മൊഴി നല്‍കിയിരുന്നു. പുലര്‍ച്ചെ 3.30 ന് വീട്ടില്‍ നിന്ന് നിലവിളി കേട്ടതായി നാട്ടുകാര്‍ പറയുന്നു. വീട്ടില്‍ നിന്ന് പുകയുയരുന്നതും ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സുമെത്തി തീയണച്ചപ്പോഴേക്കും മൂന്നുപേരുടെയും മരണം സംഭവിച്ചു. സാമ്പത്തിക ശേഷിയുള്ള കുടുംബമായിരുന്നു ശ്രീകുമാറിന്റേത്. കടുത്ത ബാധ്യത വന്നതോടെ മരിക്കുകയായിരുന്നു.

Other News in this category4malayalees Recommends