ഭര്‍ത്താവിന്റെ മൃതദേഹം ദഹിപ്പിക്കാന്‍ പണമില്ല ; ഭാര്യയും മകളും കുളത്തില്‍ ചാടി മരിച്ചു ; കൂടെ ചാടിയ ഒരു മകള്‍ രക്ഷപ്പെട്ടു

ഭര്‍ത്താവിന്റെ മൃതദേഹം ദഹിപ്പിക്കാന്‍ പണമില്ല ; ഭാര്യയും മകളും കുളത്തില്‍ ചാടി മരിച്ചു ; കൂടെ ചാടിയ ഒരു മകള്‍ രക്ഷപ്പെട്ടു
ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ കുളത്തില്‍ ചാടിയ ഭാര്യയും മകളും മരിച്ചു. ഒപ്പം ചാടി മറ്റൊരു മകള്‍ ആശുപത്രിയില്‍ ചികിത്സയില്‍. ശുചീന്ദ്രത്താണ് സംഭവം. നാഗര്‍കോവില്‍ ഒഴുകിനശ്ശേരി ചന്ദന മാരിയമ്മന്‍ സ്ട്രീറ്റിലെ വടിവേല്‍ മുരുകന്‍ (78), ഭാര്യ പങ്കജം (67), മകള്‍ മാല (46) എന്നിവരാണ് മരിച്ചത്. മൈഥിലി (47) ആണ് ചികിത്സയിലുള്ളത്.

ശുചീന്ദ്രത്തിന് സമീപം നല്ലൂരിലെ ഇളയ നയിനാര്‍ കുളത്തില്‍ മൂന്നുപേര്‍ മുങ്ങിത്താഴുന്നത് കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി മൂന്നു പേരെയും കരയ്‌ക്കെടുത്തെങ്കിലും പങ്കജത്തെയും മാലയെയും രക്ഷിക്കാനായില്ല. എല്ലാവരുടെ കൈകള്‍ തുണികൊണ്ട് കെട്ടിയനിലയിലായിരുന്നു. ആശുപത്രിയിലെത്തിച്ച മൈഥലിക്ക് ബോധം തെളിഞ്ഞപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്.

അച്ഛന്‍ വീട്ടില്‍ മരിച്ചുകിടക്കുകയാണെന്നും മറ്റ് ആശ്രയമൊന്നുമില്ലാത്തതിനാല്‍ അമ്മയും സഹോദരിയും താനും ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് മൈഥിലി പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് വീട് പരിശോധിച്ചപ്പോഴാണ് വടിവേല്‍ മുരുകന്റെ മൃതദേഹം കണ്ടെത്തിയത്.

മരപ്പണിക്കാരനായിരുന്ന വടിവേല്‍ മുരുകന്റെ ദിവസവരുമാനത്തിലാണ് കുടുംബം കഴിഞ്ഞുവന്നത്. രണ്ട് പെണ്‍മക്കളും അവിവാഹിതരാണ്. വടിവേല്‍ മുരുകന്‍ ഏതാനും ദിവസങ്ങളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് മരിച്ചത്. മൃതദേഹം സംസ്‌കരിക്കാന്‍ പോലും കാശില്ലാതെ വന്നതോടെയാണ് ജീവനൊടുക്കാന്‍ ഭാര്യയും മക്കളും തീരുമാനിച്ചത്.

Other News in this category4malayalees Recommends