ഉബര്‍ ഓടിച്ച് തോറ്റു; ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ഇന്ത്യന്‍ ദമ്പതികളെ രക്ഷിച്ചത് ലോക്ക്ഡൗണ്‍; ടിക്‌ടോക്കില്‍ സൂപ്പര്‍താരങ്ങളായതോടെ ജീവിതം പച്ചപിടിച്ചു

ഉബര്‍ ഓടിച്ച് തോറ്റു; ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ഇന്ത്യന്‍ ദമ്പതികളെ രക്ഷിച്ചത് ലോക്ക്ഡൗണ്‍; ടിക്‌ടോക്കില്‍ സൂപ്പര്‍താരങ്ങളായതോടെ ജീവിതം പച്ചപിടിച്ചു
'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ', ഈ ഹിറ്റ് ഡയലോഗ് പലരുടെയും ജീവിതത്തില്‍ അര്‍ത്ഥവത്താണ്. ഓസ്‌ട്രേലിയയിലെ മെല്‍ബണിലേക്ക് ചേക്കേറിയ ഇന്ത്യന്‍ ദമ്പതികളായ ഇന്ദര്‍ സരാവോ, ഗുര്‍കിരാത് സരാവോ എന്നിവരെ സംബന്ധിച്ച് ആ സമയം വരാന്‍ ലോക്ക്ഡൗണ്‍ വരെ കാത്തിരിക്കേണ്ടിയും വന്നു. ലോക്ക്ഡൗണ്‍ സമയത്ത് വീട്ടില്‍ കുടുങ്ങിപ്പോയ ഇവര്‍ ടിക്‌ടോക്കിലൂടെയും, യുട്യൂബിലൂടെയുമാണ് ജീവിതം തിരികെപ്പിടിച്ചത്.

പഞ്ചാബില്‍ നിന്നും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളായി മെല്‍ബണിലെത്തിയ ഇന്ദറും, ഗുര്‍ക്രീതും 2014ല്‍ ഇവിടെ സ്ഥിരതാമസമാക്കി. കൊറോണാവൈറസ് ലോക്ക്ഡൗണ്‍ മൂലം വീട്ടിലിരുന്ന ഇരുവരും സോഷ്യല്‍ മീഡിയ കാര്യമായി പ്രയോജനപ്പെടുത്തിയതോടെയാണ് പണമുണ്ടാക്കാന്‍ തുടങ്ങിയത്. പുതിയ തൊഴില്‍ രീതിയുമായി എളുപ്പം പൊരുത്തപ്പെട്ടെന്ന് ഗുര്‍ക്രീത് പറയുന്നു. ജോലി ചെയ്യാന്‍ യാത്ര ചെയ്യേണ്ട കാര്യമില്ല, അധിക വരുമാനം നേടാന്‍ യുട്യൂബില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു, ഇവര്‍ കൂട്ടിച്ചേര്‍ത്തു.


മെല്‍ബണിലെ മത്സരമുള്ള ടാക്‌സി വിപണിയില്‍ ജോലി ചെയ്യാന്‍ ഇന്ദര്‍ ഏറെ ബുദ്ധിമുട്ടുമ്പോഴാണ് വീഡിയോകള്‍ പോസ്റ്റ് ചെയ്ത് പണം നേടാനുള്ള ശ്രമം തുടങ്ങിയത്. ടാക്‌സിയും, ഉബര്‍ ഡ്രൈവിംഗും പരീക്ഷിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല, ഇന്ദര്‍ പറയുന്നു. ബോളിവുഡ് ആസ്പദമാക്കിയുള്ള ഫാഷന്‍, കുക്കിംഗ്, ബന്ധങ്ങള്‍, സംസ്‌കാരം എന്നിവയ്ക്ക് പുറമെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളും സംബന്ധിച്ചാണ് വീഡിയോ ചെയ്യുന്നത്. ജൂണില്‍ ഇന്ത്യ ടിക് ടോക് നിരോധിക്കുന്നത് വരെ 22 മില്ല്യണ്‍ ഹിറ്റുകളാണ് ഇവര്‍ക്കുണ്ടായിരുന്നത്.

ഇതോടെ ശ്രദ്ധ യുട്യൂബിലേക്ക് മാറ്റി. ഇന്ദര്‍ & കിരാത് എന്ന ചാനല്‍ ഇതിനകം ഒന്നേകാല്‍ ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിനെ നേടി. ഇന്ത്യയില്‍ നിന്നും ഓസ്‌ട്രേലിയയിലേക്കുള്ള യാത്രയും വെല്ലുവിളികളുമാണ് ആളുകള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കണ്ടന്റെന്ന് സരാവോ പറയുന്നു. ഇപ്പോള്‍ പുതിയ ക്യാമറയൊക്കെ വാങ്ങി സോഷ്യല്‍ മീഡിയയില്‍ നിന്ന് സമ്പാദ്യം വര്‍ദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ദമ്പതികള്‍.

Other News in this category4malayalees Recommends