ഓണ്‍ലൈനില്‍ പണം നല്‍കി വിസ്‌കി വാങ്ങാന്‍ ശ്രമിക്കവേ കസ്റ്റംസ് ഉദ്യോഗസ്ഥന് പോയത് 39000 രൂപ ; ഒടിപി നമ്പര്‍ നല്‍കിയത് പണിയായി

ഓണ്‍ലൈനില്‍ പണം നല്‍കി വിസ്‌കി വാങ്ങാന്‍ ശ്രമിക്കവേ കസ്റ്റംസ് ഉദ്യോഗസ്ഥന് പോയത് 39000 രൂപ ; ഒടിപി നമ്പര്‍ നല്‍കിയത് പണിയായി
ഒരു വിസ്‌കി വാങ്ങുന്നതിന് ഇത്രയ്ക്കും വലിയ പണി കിട്ടുമെന്ന് കരുതികാണില്ല ഈ ഉദ്യോഗസ്ഥന്‍. മുംബൈയിലെ 56 കാരനായ ഒരു കസ്റ്റംസ് ഇന്‍സ്‌പെക്ടറാണ് പറ്റിക്കപ്പെട്ടത്. ഇയാളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുമ്പാണ് സംഭവം. ജോലി കഴിഞ്ഞ് നേരത്തെ ഇറങ്ങിയ ഉദ്യോഗസ്ഥന്‍ ഒരു ഹോട്ടലില്‍ ചായ കുടിക്കുന്നതിനായി കയറിയിരുന്നു. ഇതിനിടയിലാണ് വിസ്‌കി വാങ്ങണമെന്ന കാര്യം ഓര്‍ത്തത്. തുടര്‍ന്ന് ഒരു സുഹൃത്തിനെ വിളിച്ച് ഏറ്റവും അടുത്തു തന്നെയുള്ള ഒരു വൈന്‍ ഷോപ്പിലെ ഫോണ്‍ നമ്പര്‍ ചോദിച്ചു. സുഹൃത്ത് ഒരു പരിചയക്കാരനില്‍ നിന്ന് നമ്പര്‍ വാങ്ങി നല്‍കുകയും ചെയ്തു. ഉദ്യോഗസ്ഥന്‍ വൈന്‍ ഷോപ്പിലേക്ക് വിളിച്ചു. ഫോണ്‍ എടുത്തയാളോട് വൈന്‍ ഷോപ്പാണോയെന്ന് ചോദിച്ചപ്പോള്‍ അതെയെന്നറിയിച്ചു.

'ഒരു കുപ്പി വിസ്‌കി പായ്ക്ക് ചെയ്ത് വയ്ക്കാന്‍ ഷോപ്പ് ജീവനക്കാരനോട് ആവശ്യപ്പെട്ടപ്പോള്‍ ഓണ്‍ലൈന്‍ പെയ്‌മെന്റ് മാത്രമെ സ്വീകരിക്കു എന്നാണ് മറുപടി ലഭിച്ചത്. ക്രെഡിറ്റ് -ഡെബിറ്റ് കാര്‍ഡ് ഉണ്ടോയെന്നും അയാള്‍ ചോദിച്ചു. തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡ് വഴി പെയ്‌മെന്റ് നടത്താന്‍ തീരുമാനിച്ചു. അയാള്‍ ചോദിച്ച എല്ലാ വിവരങ്ങളും നല്‍കി' പൊലീസിന് നല്‍കിയ മൊഴിയില്‍ ഉദ്യോഗസ്ഥന്‍ പറയുന്നു. മടിച്ചാണെങ്കിലും കാര്‍ഡിന്റെ സിവിവി നമ്പറും ബാങ്ക് അയച്ച ഛഠജ നമ്പറും വൈന്‍ ഷോപ്പ് ജീവനക്കാരന് പറഞ്ഞു കൊടുത്തുവെന്നും ഇയാള്‍ പറയുന്നു. തൊട്ടു പിന്നാലെ അക്കൗണ്ടില്‍ നിന്ന് 2730 രൂപ കുറഞ്ഞതായി മെസേജ് വന്നു. ഉദ്യോഗസ്ഥന്‍ ഇരിക്കുന്ന സ്ഥലത്ത് തന്നെ വിസ്‌കി എത്തിച്ചു നല്‍കാമെന്നും ജീവനക്കാരന്‍ അറിയിച്ചു.

കാത്തിരിക്കുന്നതിനിടെയാണ് 'വൈന്‍ ഷോപ്പില്‍' നിന്നും വീണ്ടും ഒരു കോള്‍ വരുന്നത്. നേരത്തെയുള്ള പേയ്‌മെന്റ് പേജ് തങ്ങളുടെ സെര്‍വറില്‍ ഓപ്പണായി കിടക്കുകയാണെന്നും ഉദ്യോഗസ്ഥന്റെ എല്ലാവിവരങ്ങളും അതിലുണ്ടെന്നുമാണ് ഇയാള്‍ പറഞ്ഞത്. ഇത് ക്ലോസ് ചെയ്യുന്നതിനായി ബാങ്കില്‍ നിന്നും പുതിയ ഒടിപി വല്ലതും വന്നിട്ടുണ്ടെങ്കില്‍ പറഞ്ഞു തരണമെന്നുമായിരുന്നു അറിയിച്ചത്. ഇത് വിശ്വസിച്ച് പോയ ഉദ്യോഗസ്ഥന്‍ പുതിയ ഛഠജ വിവരങ്ങളും പറഞ്ഞു കൊടുത്തു. തൊട്ടു പിന്നാലെ അക്കൗണ്ടില്‍ നിന്നും 36,084 രൂപ കുറഞ്ഞതായി മെസേജ് വന്നു. ഇതോടെയാണ് പറ്റിക്കപ്പെട്ടുവെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥന് ബോധ്യമായത്.

ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ ആദ്യത്തെ ഇടപാട് ഗുരുഗ്രാമിലാണ് നടന്നതെന്ന് മനസിലായി. രണ്ടാമത്തെ ഇടപാട് മുംബൈയിലും. ഓണ്‍ലൈന്‍ പര്‍ച്ചേസിനായാണ് ഇത്രയും വലിയ തുക വിനിയോഗിച്ചതെന്നും വ്യക്തമായി. രണ്ട് ദിവസം മുമ്പാണ് ഉദ്യോഗസ്ഥന്റെ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Other News in this category



4malayalees Recommends