ആരോപണം ഉന്നയിക്കുന്നവര്‍ തെളിയിക്കണം ; സ്വപ്ന കല്യാണ സമ്മാനമായി ഫര്‍ണീച്ചറുകള്‍ നല്‍കിയെന്ന ആരോപണത്തിന് മറുപടിയുമായി മുഹമ്മദ് ഹാരിസ്

ആരോപണം ഉന്നയിക്കുന്നവര്‍ തെളിയിക്കണം ; സ്വപ്ന കല്യാണ സമ്മാനമായി ഫര്‍ണീച്ചറുകള്‍ നല്‍കിയെന്ന ആരോപണത്തിന് മറുപടിയുമായി മുഹമ്മദ് ഹാരിസ്
മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് സ്വപ്ന സുരേഷ് ഫര്‍ണിച്ചറുകള്‍ സമ്മാനമായി നല്‍കിയെന്ന ബി.ജെ.പി വക്താവ് സന്ദീപ് വാര്യരുടെ ആരോപണത്തിന് മറുപടിയുമായി ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ് രംഗത്ത്. ആരോപണം ഉന്നയിച്ചയാളെ ഇന്നലെ ചാനല്‍ ചര്‍ച്ചയില്‍ മുഖാമുഖം കണ്ടിരുന്നു. ചാനലില്‍ മുഖാമുഖം ഉണ്ടായ ഒന്നര മണിക്കൂറും ഒരു തെളിവും പുറത്തു വിട്ടത് കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മരുകമന്‍ കൂടിയായ റിയാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആരോപണം ഉന്നയിച്ചയാള്‍ പറഞ്ഞതു പോലെ ഫര്‍ണ്ണിച്ചര്‍ വാങ്ങി എങ്കില്‍ വാങ്ങിയ ഒരു കട ഉണ്ടാകണം. വലിയൊരു കടയാണെങ്കില്‍ ആ കടയില്‍ സിസിടിവിയുണ്ടാകും, സിസിടിവി ഇല്ലാത്ത കടയാണെങ്കില്‍ ഞങ്ങളെ കണ്ടാല്‍ തിരിച്ചറിയുകയെങ്കിലും ചെയ്യും. ഇത്തരം ആരോപണങ്ങള്‍ അസംബന്ധം എന്നല്ലാതെ എന്ത് പറയാനാണെന്ന് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

തെളിവുകള്‍ പുറത്തുവിടാന്‍ ആരോപണം ഉന്നയിച്ചയാള്‍ക്ക് ധാര്‍മ്മികമായി ബാധ്യത ഉണ്ടെന്നും മുഹമ്മദ് റിയാസ് കുറിപ്പില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ കുടുംബത്തിന് സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്നും മകളെ മാത്രമല്ല മരുമകനേയും ചോദ്യം ചെയ്യണം സന്ദീപ് വാര്യര്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

അസംബന്ധം എന്നല്ലാതെ എന്തു പറയാന്‍ .?

ആരോപണം ഉന്നയിച്ചയാളെ ഇന്നലെ മാതൃഭൂമിന്യൂസിലെ ചര്‍ച്ചയില്‍ മുഖാമുഖം കണ്ടിരുന്നു.

തെളിവ് പുറത്തു വിടാനും അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറാനും ആ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു.

ചാനലില്‍ മുഖാമുഖം ഉണ്ടായ ഒന്നര മണിക്കൂറും ഒരു തെളിവും പുറത്തു വിട്ടത് കണ്ടിട്ടില്ല.

ഇനി ഇപ്പോഴും വിനയത്തോടെ ആവശ്യപ്പെടുന്നു, ആരോപണം ഉന്നയിച്ചയാള്‍ അതില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ തെളിവുകള്‍ പുറത്തുവിടൂ. തെളിവുകള്‍ പുറത്തുവിടാന്‍ ആരോപണം ഉന്നയിച്ചയാള്‍ക്ക് ധാര്‍മ്മികമായി ബാധ്യത ഉണ്ട്.

ആരോപണം ഉന്നയിച്ചയാള്‍ പറഞ്ഞതു പോലെ ഫര്‍ണ്ണിച്ചര്‍ വാങ്ങി എങ്കില്‍ വാങ്ങിയ ഒരു കട ഉണ്ടാകണമല്ലോ.?

വലിയൊരു കടയാണെങ്കില്‍ ആ കടയില്‍ സിസിടിവിയും കാണുമല്ലോ …?

ഇനി സിസിടിവി ഇല്ലാത്തിടത്താണെങ്കില്‍,

ഞങ്ങളെ ഒക്കെ കണ്ടാല്‍ തിരിച്ചറിയാതിരിക്കുവാന്‍ ആ കടയില്‍ ഉള്ളവര്‍ അന്ധരായിരിക്കില്ലല്ലോ ?

ആരോപണം വസ്തുതാപരമാണെങ്കില്‍ തെളിവു കിട്ടാന്‍ ആരോപണം ഉന്നയിച്ചയാള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല എന്ന് ചുരുക്കം.

മറുവശം പോലും തേടാതെ ചില നിഷ്പക്ഷര്‍ ഇത്

തൊണ്ട തൊടാതെ വിഴുങ്ങി ഛര്‍ദ്ദിക്കുന്നത് കൊണ്ടാണ്

ഇത്രയും എഴുതിയത്.


പി എ മുഹമ്മദ് റിയാസ് –

Other News in this category



4malayalees Recommends