വന്‍ തയ്യാറെടുപ്പോടെ മോഷണത്തിനിറങ്ങിയ 21 കാരന്‍ പിടിയിലായി ; എസിയുടെ തണുപ്പില്‍ ഉറങ്ങിപ്പോയതോടെ പോലീസ് അറസ്റ്റ് ചെയ്തു

വന്‍ തയ്യാറെടുപ്പോടെ മോഷണത്തിനിറങ്ങിയ 21 കാരന്‍ പിടിയിലായി ; എസിയുടെ തണുപ്പില്‍ ഉറങ്ങിപ്പോയതോടെ പോലീസ് അറസ്റ്റ് ചെയ്തു
ദിവസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ നടത്തിയാണ് ഇരുപത്തിയൊന്നുകാരനായ സുരി ബാബു മോഷണത്തിനിറങ്ങിയത്. എന്നാല്‍ മോഷണത്തിനെത്തി എസിയുടെ തണുപ്പില്‍ ഉറങ്ങിപോയ സുരിയെ പൊലീസ് കയ്യോടെ പിടികൂടി. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയില്‍ ഇക്കഴിഞ്ഞ 12നായിരുന്നു സംഭവം. പെട്രോള്‍ പമ്പ് ഉടമയായ സട്ടി വെങ്കട്ട് റെഡ്ഡി എന്നയാളുടെ വീട്ടിലാണ് ചെറിയ ഒരു സ്വീറ്റ് ഷോപ്പ് നടത്തിവരികയായിരുന്ന സുരി മോഷണത്തിനെത്തിയത്.


കവര്‍ച്ചാശ്രമത്തിന് മുന്നോടിയായി വലിയ തയ്യാറെടുപ്പുകളാണ് ഇയാള്‍ എടുത്തിരുന്നത്. ദിവസങ്ങള്‍ നീണ്ടു നിരീക്ഷണം നടത്തി. റെഡ്ഡി എവിടെയാണ് പണം സൂക്ഷിക്കുന്നത് എപ്പോഴാണ് ഉറങ്ങുന്നത് എന്നതടക്കമുള്ള ഓരോ കാര്യങ്ങളും ഇയാള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് പഠിച്ച് വച്ചിരുന്നു. എല്ലാം മനപ്പാഠമാക്കിയാണ് സെപ്റ്റംബര്‍ 12 ന് പുലര്‍ച്ചെ നാല് മണിയോടെ സുരി റെഡ്ഡിയുടെ വീട്ടിലെത്തിയത്. പണം കവരുന്നതിനായി അയാളുടെ മുറിയിലെത്തി. സമീപത്തെ ടേബിളില്‍ സൂക്ഷിച്ചിരുന്ന പണം കവരുകയും ചെയ്തു. ഇതിനിടെയാണ് എസിയുടെ തണുപ്പടിച്ചപ്പോള്‍ ഒന്നു മയങ്ങാമെന്ന് സുരി കരുതിയത്. എന്നാല്‍ കട്ടിലിന് താഴെയായി ഉറങ്ങിയ സുരി അറിയാതെ ഗാഢനിദ്രയിലായി. സുരിയുടെ കൂര്‍ക്കം വലി ശബ്ദം കേട്ടുണര്‍ന്ന റെഡ്ഡി സുരിയെ കണ്ടതോടെ ശബ്ദം ഉണ്ടാക്കാതെ പുറത്തിറങ്ങിയ മുറി പുറത്തു നിന്ന് പൂട്ടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

എന്നാല്‍ എസിയുടെ തണുപ്പില്‍ സുഖിച്ച് കിടന്ന സുരി ഉറക്കം ഉണര്‍ന്നപ്പോള്‍ താന്‍ കുടുങ്ങിയെന്ന് മനസിലായി. പൊലീസെത്തിയപ്പോഴേക്കും ഇയാള്‍ മുറി അകത്തു നിന്ന് പൂട്ടി. ഒടുവില്‍ പൊലീസിന്റെ നിരന്തര പ്രേരണയ്‌ക്കൊടുവില്‍ മുറി തുറന്ന് പുറത്തിറങ്ങാന്‍ തയ്യാറാവുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു.

ഇയാള്‍ പൊലീസിനോട് പറഞ്ഞത് താന്‍ വളരെയധികം ക്ഷീണിതനായിരുന്നുവെന്നും എസിയുടെ തണുപ്പടിച്ചപ്പോള്‍ ഉറങ്ങാതിരിക്കാനായില്ല എന്നായിരുന്നു. തന്റെ ഷോപ്പില്‍ നിന്നും അധികം വരുമാനം ഒന്നും ലഭിക്കാതെയായതോടെ കടം കേറി മുങ്ങി നില്‍ക്കുന്ന അവസ്ഥയില്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് യുവാവ് മോഷണത്തിന് തുനിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്.

Other News in this category4malayalees Recommends