സിനിമാ നടിയായല്ല ഒറ്റുകാരി എന്ന നിലയിലായിരിക്കും ഇനി മലയാള സിനിമാ ചരിത്രത്തില്‍ താങ്കളുടെ പേര് ചേര്‍ക്കപ്പെടുക ; ഭാമയുടേയും സിദ്ദിഖിന്റെയും സോഷ്യല്‍മീഡിയ പേജുകളില്‍ വ്യാപക പ്രതിഷേധം

സിനിമാ നടിയായല്ല ഒറ്റുകാരി എന്ന നിലയിലായിരിക്കും ഇനി മലയാള സിനിമാ ചരിത്രത്തില്‍ താങ്കളുടെ പേര് ചേര്‍ക്കപ്പെടുക ; ഭാമയുടേയും സിദ്ദിഖിന്റെയും സോഷ്യല്‍മീഡിയ പേജുകളില്‍ വ്യാപക പ്രതിഷേധം
നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയ പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന നടി ഭാമയുടേയും നടന്‍ സിദ്ദിഖിന്റേയും സോഷ്യല്‍ മീഡിയ പേജുകളില്‍ വ്യാപക പ്രതിഷേധം. ഇരുവരുടേയും നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെിയത്. ഭാമയുടേയും സിദ്ദിഖിന്റേയും പോസ്റ്റുകള്‍ക്ക് താഴെ അവള്‍ക്കൊപ്പമെന്ന ഹാഷ്ടാഗ് ഇട്ടുകൊണ്ടാണ് പലരും രംഗത്തെത്തിയത്.

സ്വന്തം സഹപ്രവര്‍ത്തക ക്രൂരമായി ആക്രമിക്കപ്പെട്ട ഒരു കേസില്‍ എങ്ങനെയാണ് നിങ്ങള്‍ക്കൊക്കെ മൊഴി മാറ്റാന്‍ സാധിക്കുന്നതെന്നും ദൈവം എന്ന് പറഞ്ഞ് നിങ്ങള്‍ വിളിക്കുന്നവര്‍ ഇത് കാണാതിരിക്കില്ലെന്നും സ്ത്രീ സമൂഹത്തിന് തന്നെ നിങ്ങള്‍ ചെയ്ത നടപടി അപമാനമാണെന്നുമാണ് ഭാമയുടെ പേജില്‍ ചിലര്‍ കമന്റ് ചെയ്തത്.

ഭാമയുടെ സിനിമകള്‍ ബഹിഷ്‌ക്കരിക്കണമെന്നും ഒരു തരത്തിലും അംഗീകരിക്കാനാവാത്ത കാര്യമാണ് താങ്കള്‍ ചെയ്തതെന്നുമാണ് ചിലരുടെ പ്രതികരണം.

ഭാമാ താങ്കള്‍ കൂറുമാറി എന്നത് സത്യമാണെങ്കില്‍ സിനിമ നടി എന്നതിലുപരി ഒറ്റുകാരി എന്ന നിലയിലായിരിക്കും ഇനി മലയാള സിനിമാ ചരിത്രത്തില്‍ താങ്കളുടെ പേര് ചേര്‍ക്കപ്പെടുന്നത് എന്നാണ് ഒരു കമന്റ്.

അല്ലെങ്കിലും അത്ഭുതമൊന്നുമില്ല.. സ്വന്തം നിലനില്‍പ്പിനു വേണ്ടി മുപ്പത് വെള്ളിക്കാശിന്, കൂട്ടത്തിലൊരുവളെ ഒറ്റുകൊടുത്ത ഇവരില്‍ നിന്നും സത്യസന്ധത പ്രതീക്ഷിക്കാന്‍ മാത്രം നമ്മളത്ര നിഷ്‌കളങ്കരല്ലല്ലോ.. കടുത്ത ഈ പ്രതിസന്ധിയിലും അപമാനിക്കപ്പെട്ട പെണ്‍കുട്ടിക്കൊപ്പം തന്നെ എന്ന് വിളിച്ചു പറയുന്ന റിമയോടും രമ്യയോടും രേവതിയോടും ഐക്യദാര്‍ഢ്യമെന്നും ചിലര്‍ കുറിക്കുന്നു.

സിദ്ദിഖിന്റെ പേജിലും സമാന രീതിയിലാണ് ചിലര്‍ കമന്റുകള്‍ രേഖപ്പെടുന്നത്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും അഭിനയിക്കാമെന്ന് കാണിച്ച് തന്ന റിയല്‍ ഹീറോ, കൂറുമാറല്‍ സിംഹം എന്നാണ് ഒരു കമന്റ്. സിനിമയിലെ ഗര്‍ജ്ജിക്കുന്ന സിംഹം കുറേ പടം കിട്ടാന്‍ ഏത് മൊഴിയും മാറ്റുമെന്നാണ് മറ്റൊരാളുടെ കമന്റ്.

അച്ഛനായും ചേട്ടന്‍ ആയും സ്ത്രീ സംരക്ഷകന്‍ ആയും ഒക്കേ സിനിമയില്‍ മാത്രം നിറഞ്ഞാടി കയ്യടി വാങ്ങിയാല്‍ മതിയോ സിദ്ദീക്ക് ചേട്ടാ

ജീവിതത്തിലും അതൊക്കെ നമ്മുക്ക് ഒന്ന് തെളിയിക്കണ്ടായോ വയസ്സ് കുറേ ആയില്ലേ …..ഇനി ഒരു പശ്ചാത്താപത്തിനു പോലും ചിലപ്പോ അവസരം കിട്ടി എന്ന് വരില്ലാ…..എന്നും ചിലര്‍ കുറിക്കുന്നു.

സത്യത്തിനു എന്താണ് വില? ഒരു കുറ്റകൃത്യത്തെപ്പറ്റി ഉള്ള അറിവ് കോടതിയില്‍ തിരിച്ചും മറിച്ചും ചോദിച്ചാലും സത്യസന്ധമായി പറയാന്‍ സാക്ഷി തയ്യാറായാല്‍ മാത്രമേ ആ കേസില്‍ പ്രതി ശിക്ഷിക്കപ്പെടൂ. കണ്ടതും കേട്ടതും അറിഞ്ഞതുമായ സത്യം പറയാനുള്ള ആര്‍ജ്ജവം സാക്ഷി കാണിക്കുമെന്ന ഒറ്റ വിശ്വാസത്തിലാണ് ഈ രാജ്യത്തെ നീതിന്യായ വ്യവസ്ഥ കെട്ടിപ്പടുത്തിരിക്കുന്നത്.

സാക്ഷി സത്യം പറയാതിരിക്കുകയോ കള്ളം പറയുകയോ ചെയ്താല്‍ ആ ക്രിമിനല്‍ പുറത്തുവരും.

നിങ്ങളാണ് സാക്ഷിയെങ്കില്‍, മൊഴി മാറ്റി പ്രതിയെ രക്ഷിച്ചതെങ്കില്‍, നാളെ നിങ്ങള്‍ ആ പുറത്തു വരുന്ന ക്രിമിനലിന്റെ ഇര ആയേക്കാം. ഒരാളും ഉണ്ടാവില്ല സാക്ഷി പറയാന്‍. അപ്പോഴേ അതിന്റെ വേദന മനസ്സിലാകൂ. മുപ്പത് വെള്ളിക്കാശിന് മൂല്യങ്ങളെ ഒറ്റുകൊടുത്ത യൂദാസുമാര്‍ക്ക് ശമ്പളം അപ്പോള്‍ത്തന്നെ ലഭിക്കും എന്നിങ്ങനെയുള്ള കമന്റുകളാണ് ഉള്ളത്.

Other News in this category4malayalees Recommends