ഇവിടെ മാലിന്യം വലിച്ചെറിഞ്ഞാല്‍ പോസ്റ്റ് വഴി തിരികെയെത്തും; വൃത്തികേടാക്കുന്നവര്‍ക്ക് പണികൊടുത്ത് തായ് ദേശീയ പാര്‍ക്ക്

ഇവിടെ മാലിന്യം വലിച്ചെറിഞ്ഞാല്‍ പോസ്റ്റ് വഴി തിരികെയെത്തും; വൃത്തികേടാക്കുന്നവര്‍ക്ക് പണികൊടുത്ത് തായ് ദേശീയ പാര്‍ക്ക്
വഴിയില്‍ മാലിന്യം വലിച്ചെറിയുന്നതില്‍ വലിയ കുഴപ്പമൊന്നും തോന്നുന്ന ഒരു വിഭാഗം നമുക്കിടയിലുണ്ട്. സ്വന്തം വീട്ടില്‍ അല്ലെങ്കില്‍ മാലിന്യം എവിടെയും ഉപേക്ഷിക്കാമെന്ന് ചിന്തിക്കുന്നവര്‍. അത്തരക്കാര്‍ക്ക് ഒരു മുട്ടന്‍ പണിയുമായി രംഗത്ത് വന്നിരിക്കുകയാണ് തായ്‌ലാന്‍ഡിലെ ദേശീയ പാര്‍ക്ക്. പാര്‍ക്കില്‍ മാലിന്യം വലിച്ചെറിഞ്ഞ് വീട്ടിലേക്ക് പോയാലും, ആ മാലിന്യം പോസ്റ്റ് വഴി വിലാസത്തില്‍ അയച്ചുകൊടുക്കുന്നതാണ് ഇവിടുത്തെ മുന്നറിയിപ്പ് രീതി.

തായ്‌ലാന്‍ഡിലെ ജനപ്രിയമായ ടൂറിസ്റ്റ് കേന്ദ്രമാണ് ഖാവോ യായ് നാഷണല്‍ പാര്‍ക്ക്. എന്നാല്‍ ഇവിടുത്തെ പ്രകൃതി ഭംഗിയെയും, വസിക്കുന്ന ജീവികളെയും അപകടത്തില്‍ പെടുത്തുന്ന തരത്തില്‍ മാലിന്യം ഉപേക്ഷിക്കുന്ന ആളുകളെ കൊണ്ട് ഉദ്യോഗസ്ഥരും ഭരണകൂടവും പൊറുതിമുട്ടിയ അവസ്ഥയാണ്. ഇതോടെയാണ് എന്‍വയോണ്‍മെന്റ് മന്ത്രി വരാവുത് സില്‍പാ ആര്‍ച്ച ഈ പുതിയ ഐഡിയയുമായി രംഗത്ത് വന്നത്.


ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് ബോട്ടിലുകളും, കാനുകളും, ക്രിസ്പ് പാക്കറ്റുകളും ശേഖരിച്ച് പാക്ക് ചെയ്തുവെച്ച ചിത്രത്തോടൊപ്പമാണ് പാക്കേജ് ഉപേക്ഷിച്ചവരെ പോസ്റ്റില്‍ തേടിയെത്തുമെന്ന് മന്ത്രി വ്യക്തമാക്കിയത്. ഈയൊരു മുന്നറിയിപ്പില്‍ കാര്യങ്ങള്‍ അവസാനിക്കില്ലെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. മാലിന്യം ഉപേക്ഷിച്ച് പിടിക്കപ്പെട്ടാല്‍ അഞ്ച് വര്‍ഷം വരെ ജയിലും, കടുത്ത പിഴയുമാണ് ശിക്ഷ.

പാര്‍ക്കില്‍ പ്രവേശിക്കുന്നതിന് മുന്‍പ് വീടിന്റെ മേല്‍വിലാസം സന്ദര്‍ശകര്‍ രേഖപ്പെടുത്തണമെന്നും തീരുമാനിച്ചിട്ടുണ്ട്. ഇതുവഴിയാണ് ഉപേക്ഷിക്കുന്ന മാലിന്യം വീട്ടില്‍ തേടിയെത്തുന്ന പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.


Other News in this category4malayalees Recommends