ഒന്നാം സ്ഥാനത്ത് കുതിച്ച അത്‌ലറ്റിന് വഴിതെറ്റി; ഫിനിഷിംഗ് പോയിന്റില്‍ കാത്തുനിന്ന് എതിരാളിയെ ഒന്നാമനാകാന്‍ വഴിമാറി ഓട്ടക്കാരന്‍; ഈ മനസ്സിന് കൈയടി നിര്‍ബന്ധം

ഒന്നാം സ്ഥാനത്ത് കുതിച്ച അത്‌ലറ്റിന് വഴിതെറ്റി; ഫിനിഷിംഗ് പോയിന്റില്‍ കാത്തുനിന്ന് എതിരാളിയെ ഒന്നാമനാകാന്‍ വഴിമാറി ഓട്ടക്കാരന്‍; ഈ മനസ്സിന് കൈയടി നിര്‍ബന്ധം
ഏത് മത്സരത്തിലും ഒന്നാം സ്ഥാനത്ത് എത്തുകയെന്നതാണ് മത്സരാര്‍ത്ഥികളുടെ മനസ്സിലുള്ള ലക്ഷ്യം. എതിരാളികളെ ഏത് വിധേനയും മറികടന്ന് വിജയിക്കുക. സാധാരണ ജീവിതത്തില്‍ പോലും തോല്‍ക്കാന്‍ മടിയുള്ളവര്‍ക്ക് ഏറ്റവും വലിയ സന്ദേശമായി മാറുകയാണ് സ്പാനിഷ് ട്രൈയത്‌ലറ്റിന്റെ പ്രവചനങ്ങള്‍ മറികടന്നുള്ള വഴിമാറ്റം. എതിരാളിയെ ഫിനിഷിംഗ് ലെയിന്‍ കടക്കാനായി കാത്തുനിന്ന സ്പാനിഷ് ഓട്ടക്കാരന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റാണ് ഇപ്പോള്‍ കൈയടി ഏറ്റുവാങ്ങുന്നത്.


സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടന്ന 2020 സാന്‍ടെന്‍ഡര്‍ ട്രയാത്‌ലണ്‍ ഫൈനല്‍ മത്സരത്തിനിടെയാണ് ബ്രിട്ടീഷ് അത്‌ലറ്റ് ജെയിംസ് ടീഗിളിന് പിന്നിലായിരുന്ന ഡീഗോ മെന്‍ട്രിഡ ഈ സ്പിരിറ്റ് പ്രകടമാക്കിയത്. ഫിനിഷ് ലെയിനില്‍ നിന്നും മീറ്ററും മാത്രം അകലെ വെച്ച് ടീഗിളിന് വഴിതെറ്റിയതോടെ മെന്‍ട്രിഡ മുന്നിലെത്തി.

മത്സരം തീരാന്‍ 100 മീറ്ററില്‍ താഴെ ബാക്കിയുള്ളപ്പോഴാണ് ടീഗില്‍ തെറ്റായ ട്രാക്കില്‍ തിരിഞ്ഞത്. മെന്‍ട്രിഡ തന്നെ മറികടക്കുന്നത് കണ്ട് ടീഗിള്‍ അസ്വസ്ഥനായി. എന്നാല്‍ പിന്നീടുള്ള നടപടികള്‍ കാണികളെ അത്ഭുതപ്പെടുത്തി. ടീഗിളിന്റെ അബദ്ധം മനസ്സിലാക്കിയ മെന്‍ട്രിഡ ഫിനിഷ് ലെയിന് സമീപം കാത്തുനിന്നു. പിന്നാലെ ഓടിയെത്തിയ ടീഗിളിന് കൈകൊടുത്ത് ഒന്നാമതായി ഫിനിഷ് ചെയ്യാന്‍ അനുവദിക്കുകയും ചെയ്തു.

ഒന്നാം സ്ഥാനത്തിന് ടീഗിളിന് അര്‍ഹതയുണ്ടെന്ന് മെന്‍ട്രിഡ സംഭവത്തെക്കുറിച്ച് പ്രതികരിച്ചു. ചെറുപ്പം മുതല്‍ കുടുംബവും ക്ലബ്ബും പഠിപ്പിച്ച കാര്യം ചെയ്യുക മാത്രമാണ് ചെയ്തത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെന്‍ട്രിഡയുടെ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് അതിശയിപ്പിക്കുന്നതാണെന്ന് ടീഗിള്‍ വ്യക്തമാക്കി. എന്തായാലും സ്‌പോര്‍ട്‌സ് ലോകത്ത് നിന്ന് മെന്‍ട്രിഡയുടെ രണ്ടാം സ്ഥാനത്തേക്കുള്ള വഴിമാറലിന് കൈയടികള്‍ നിറയുകയാണ്.


Other News in this category4malayalees Recommends