സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം നല്‍കാന്‍ ഇനി വൈകരുത്; പ്രശംസ ചൊരിഞ്ഞ് സുനില്‍ ഗവാസ്‌കര്‍; ഇംഗ്ലണ്ടിലേക്ക് സ്വാഗതം ചെയ്ത് കെവിന്‍ പീറ്റേഴ്‌സണ്‍

സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം നല്‍കാന്‍ ഇനി വൈകരുത്; പ്രശംസ ചൊരിഞ്ഞ് സുനില്‍ ഗവാസ്‌കര്‍; ഇംഗ്ലണ്ടിലേക്ക് സ്വാഗതം ചെയ്ത് കെവിന്‍ പീറ്റേഴ്‌സണ്‍
എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 2020 ഐപിഎല്‍ മത്സരങ്ങള്‍ വിജയത്തോടെയാണ് തുടങ്ങിയത്. നിലവിലെ ചാമ്പ്യന്‍മാരായ രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സിനെ മുക്കിയായിരുന്നു ഉദ്ഘാടന മത്സരത്തിലെ വിജയം. എന്നാല്‍ രണ്ടാമത്തെ മത്സരത്തില്‍ സ്റ്റീവ് സ്മിത്ത് നയിച്ച രാജസ്ഥാന്‍ റോയല്‍സിനോട് സിഎസ്‌കെ തോല്‍വി ഏറ്റുവാങ്ങി. വിക്കറ്റ്കീപ്പര്‍ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണിന്റെ വെടിക്കെട്ട് പ്രകടനമാണ് മത്സരത്തിന്റെ വിധി നിശ്ചയിച്ച പ്രധാന ഘടകം.

32 പന്തില്‍ 74 റണ്‍ അടിച്ചുകൂട്ടിയ സഞ്ജു മാന്‍ ഓഫ് ദി മാച്ചും, ടീമിന് വിജയവും സമ്മാനിച്ചു. ഡ്യു പ്ലെസിസിന്റെ അവസാനവട്ട പ്രതിരോധം ചെന്നൈയ്ക്ക് വിജയം സമ്മാനിക്കാന്‍ പര്യാപ്തമാകാതെ വന്നതോടെ 16 റണ്ണിനായിരുന്നു രാജസ്ഥാന്റെ വിജയം. ഐപിഎല്ലിലെ തുടക്കക്കാരന്‍ യശസ്വി ജെയ്‌സ്വാള്‍ പുറത്തായതിന് ശേഷമാണ് സഞ്ജു കളത്തിലിറങ്ങിയത്. ഷാര്‍ജയിലെ സ്റ്റേഡിയത്തില്‍ പിന്നീട് കണ്ടത് മലയാളി താരത്തിന്റെ നിറഞ്ഞാട്ടമായിരുന്നു. ഈ പ്രകടനം കണ്ട മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍ക്ക് താരത്തിന് വേണ്ടി കൈയടിക്കാതിരിക്കാന്‍ സാധിക്കില്ല.

'അവിശ്വസനീയം. എല്ലായ്‌പ്പോഴും മികവ് പ്രകടിപ്പിച്ച താരമാണ് സഞ്ജു. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ വളരെയേറെ അധ്വാനിച്ചുവെന്നാണ് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നല്‍കവെ സഞ്ജു പ്രതികരിച്ചത്. ഫിറ്റായി ഇരിക്കാനും, ഡയറ്റ് പാലിക്കാനും, ഇന്ത്യക്കായി കളിക്കാനുമാണ് അയാള്‍ ലക്ഷ്യമിട്ടത്. ഇന്ത്യന്‍ ടീമില്‍ ഒരു സ്ഥിരം സ്ഥാനം. ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ സഞ്ജു എന്നും മികച്ചതാണ്. വിക്കറ്റ് കീപ്പര്‍ വിഷയത്തിലാണ് ചെറിയ ചോദ്യം ബാക്കിനിന്നത്. ഇക്കുറി സ്റ്റമ്പിലും അദ്ദേഹം ഏറെ ജാഗ്രത പാലിച്ചു. വലിയൊരു ഇന്നിംഗ്‌സ് കളിച്ച ശേഷം കീപ്പ് ചെയ്യുന്നത് എളുപ്പമുള്ള ജോലിയല്ല. ഇത് അദ്ദേഹത്തിന്റെ സ്റ്റാമിന കൂട്ടിയെന്നാണ് കാണിക്കുന്നത്', ഗവാസ്‌കര്‍ പ്രതികരിച്ചു.

മുന്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സണും സഞ്ജുവിന്റെ വെടിക്കെട്ടിന് പ്രശംസ ചൊരിഞ്ഞു. ഇന്ത്യന്‍ കരിയര്‍ ചെറുതാണെങ്കിലും ഓരോ തവണയും ഐപിഎല്ലില്‍ ഇതുപോലുള്ള ഇന്നിംഗ്‌സ് സഞ്ജു കളിക്കുന്നുണ്ട്. ഈ സ്ഥിരതയുണ്ടെങ്കില്‍ അദ്ദേഹത്തിന് ഇംഗ്ലണ്ടിലേക്ക് വരാം, പീറ്റേഴ്‌സണ്‍ വ്യക്തമാക്കി.


Other News in this category



4malayalees Recommends