ഭാര്യയുടെ അവിഹിത ബന്ധം തെളിയിക്കുന്ന പെന്‍ഡ്രൈവും മൊബൈലും അമ്മയെ ഏല്‍പ്പിച്ച ശേഷം 31 കാരന്‍ ജീവനൊടുക്കി ; ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുത്ത് പോലീസ്

ഭാര്യയുടെ അവിഹിത ബന്ധം തെളിയിക്കുന്ന പെന്‍ഡ്രൈവും മൊബൈലും അമ്മയെ ഏല്‍പ്പിച്ച ശേഷം 31 കാരന്‍ ജീവനൊടുക്കി ; ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുത്ത് പോലീസ്
യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഭാര്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്. അഹമ്മദാബാദ് സ്വദേശിയായ ഭരത് എന്ന 31 കാരന്റെ മരണത്തില്‍ മാതാവായ ഗൗരി മാരു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭാര്യക്കെതിരെ കേസെടുത്തത്. മരുമകള്‍ക്ക് മറ്റൊരാളുമായുണ്ടായ അടുപ്പത്തില്‍ മനംനൊന്താണ് മകന്‍ ജീവനൊടുക്കിയതെന്നും ഇവര്‍ക്കും കാമുകനുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി.

പരാതി അനുസരിച്ച് ഇവരുടെ മരുമകള്‍ ദക്ഷ രണ്ടര മാസം മുമ്പ് തന്നെ കുഞ്ഞുമൊത്ത് സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനു ശേഷം ഭരത് കടുത്ത വിഷാദത്തിലായിരുന്നു. വീട്ടുകാരോട് പോലും സംസാരിക്കുന്നത് കുറഞ്ഞു. തുടര്‍ന്ന് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് ഇയാളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണവിവരം അറിയിച്ചെങ്കിലും അന്ത്യകര്‍മ്മങ്ങളില്‍ പോലും പങ്കെടുക്കാന്‍ ഭാര്യ വിസമ്മതിച്ചു എന്നും ഇവര്‍ ആരോപിക്കുന്നു.


മരിക്കുന്നതിന് തലേദിവസം ഭരത് ഒരു പെന്‍ ഡ്രൈവും മൊബൈല്‍ ഫോണും അമ്മയെ ഏല്‍പ്പിച്ചിരുന്നു. ഇത് സഹോദരന് നല്‍കണമെന്ന് അറിയിച്ചു കൊണ്ടായിരുന്നു നല്‍കിയത്. ഇയാളുടെ മരണാനന്തര ചടങ്ങുകളൊക്കെ പൂര്‍ത്തിയായ ശേഷം അമ്മ ഇത് മൂത്ത മകനെ ഏല്‍പ്പിച്ചു. ഇയാള്‍ നടത്തിയ പരിശോധനയില്‍ ദക്ഷയും കാലു മഖ്വാന എന്ന യുവാവും തമ്മിലുള്ള സംഭാഷണങ്ങളായിരുന്നു പെന്‍ഡ്രൈവിലുണ്ടായിരുന്നത്. ഭരതിന്റെ സുഹൃത്ത് കൂടിയായ ഈ യുവാവ് ഇവര്‍ താമസിച്ചിരുന്ന അതേ സൊസൈറ്റിയില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്.

പിന്നാലെ ദക്ഷയും കാലുവും തമ്മിലുള്ള ബന്ധമാണ് മകനെ മരണത്തിലേക്ക് നയിച്ചതെന്നും ഇരുവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഭരതിന്റെ മാതാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കാലുവിനെ കസ്റ്റഡയിലെടുത്തുവെന്നും ദക്ഷയെയും വൈകാതെ തന്നെ കസ്റ്റഡിയിലെടുക്കുമെന്നുമാണ് പോലീസ് പറയുന്നത്.

സംഭാഷണങ്ങളില്‍ നിന്നും ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് വ്യക്തമായെന്നും പെന്‍ ഡ്രൈവും രണ്ട് മൊബൈല്‍ ഫോണുകളും തെളിവിനായി എടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Other News in this category4malayalees Recommends