ട്രാഫിക് നിയമ ലംഘനത്തിന് കുവൈത്തില്‍ കനത്ത പിഴ

ട്രാഫിക് നിയമ ലംഘനത്തിന് കുവൈത്തില്‍ കനത്ത പിഴ
ട്രാഫിക് നിയമങ്ങളില്‍ സമൂലമായ ഭേദഗതി വരുത്താനൊരുങ്ങി കുവൈത്ത് സര്‍ക്കാര്‍. നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന നിയമഭേദഗതി പാര്‍ലമെന്റിന്റെ പരിഗണനക്ക് അയച്ചു. ഡ്രൈവിങിനിടെ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് ഉപയോഗിക്കുന്നതുള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്ക് അഞ്ഞൂറ് ദിനാര്‍ വരെ പിഴയും മൂന്നു മാസം വരെ തടവും വ്യവസ്ഥ ചെയ്യുന്നതാണ് ഭേദഗതി.

കുവൈത്ത് പാര്‍ലമെന്റ് 1976 ല്‍ പാസ്സാക്കിയ ട്രാഫിക് നിയമാവലിയാണ് സര്‍ക്കാര്‍ ഭേദഗതി ചെയ്യാന്‍ ഒരുങ്ങുന്നത്. കര്‍ശനമായ പിഴകള്‍ അടങ്ങുന്നതാണ് നിര്‍ദിഷ്ട ഭേദഗതി. ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്ന് മാസം വരെ തടവും 500 ദിനാര്‍ വരെ പിഴയും ആണ് പരമാവധി ശിക്ഷ. റെഡ് സിഗ്‌നല്‍ മറികടക്കുക, മറ്റുള്ളവരുടെ ജീവനോ സ്വത്തിനോ അപകടമുണ്ടാകും വിധം അശ്രദ്ധമായി വാഹനം ഓടിക്കുക, പൊതുനിരത്തുകളില്‍ വാഹനം കൊണ്ടുള്ള അഭ്യാസപ്രകടനം, വണ്‍വേ തെറ്റിക്കല്‍, സ്വകാര്യവാഹനങ്ങളുപയോഗിച്ചു ടാക്‌സി സര്‍വീസ് നടത്തല്‍ തുടങ്ങിയ നിയമലംഘങ്ങള്‍ക്കാണ് 500 ദിനാര്‍ വരെ പിഴയും മൂന്നു മാസം തടവും അനുഭവിക്കേണ്ടി വരിക. വിദേശികളെ ജയില്‍ വാസത്തിനു ശേഷം നാടുകടത്തും. ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം വലിയ രീതിയില്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു എന്നാണ് ഗതാഗത വകുപ്പിന്റെ വിലയിരുത്തല്‍. അതിനാല്‍ കടുത്ത ശിക്ഷയാണ് ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഹാന്‍ഡ് സെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് നിര്‍ദിഷ്ട ഭേദഗതി വ്യവസ്ഥ ചെയ്യുന്നത്.

Other News in this category



4malayalees Recommends