മാന്യന്‍മാരുടെ കളിയില്‍ താങ്കളൊരു ഇതിഹാസമാണ്; വിരാടിന്റെ പ്രകടനം മോശമായതിന് ഭാര്യയെ വിമര്‍ശിച്ച ഗവാസ്‌കറെ ഓര്‍മ്മിപ്പിച്ച് അനുഷ്‌ക

മാന്യന്‍മാരുടെ കളിയില്‍ താങ്കളൊരു ഇതിഹാസമാണ്; വിരാടിന്റെ പ്രകടനം മോശമായതിന് ഭാര്യയെ വിമര്‍ശിച്ച ഗവാസ്‌കറെ ഓര്‍മ്മിപ്പിച്ച് അനുഷ്‌ക
വിരാട് കോലിക്ക് എതിരെ വിമര്‍ശനം ഉന്നയിക്കാന്‍ ഭാര്യ അനുഷ്‌ക ശര്‍മ്മയെ എടുത്ത് പ്രയോഗിച്ച ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ വിവാദത്തില്‍. ഐപിഎല്‍ മത്സരത്തിനിടെയാണ് വിരാടിനെയും, അനുഷ്‌കയെയും ചേര്‍ത്ത് ഗവാസ്‌കര്‍ കമന്ററി നടത്തിയത്. ഗവാസ്‌കറുടെ വാക്കുകള്‍ക്ക് എതിരെ അനുഷ്‌ക രംഗത്ത് വന്നതോടെ രംഗം അല്‍പ്പം കൂടി വഷളായി.

'2020 എത്തിയിട്ടും എനിക്ക് കാര്യങ്ങള്‍ മാറുന്നില്ല. എന്നെ ക്രിക്കറ്റിലേക്ക് വലിച്ചിഴക്കുന്നത് എപ്പോഴാണ് നിര്‍ത്തുക, പരിഹസിക്കാനുള്ള പ്രസ്താവനകള്‍ നടത്താനായി ഉപയോഗിക്കുന്നത് എപ്പോള്‍ അവസാനിപ്പിക്കും', അനുഷ്‌ക ചോദിച്ചു. കഴിഞ്ഞ ദിവസത്തെ മത്സരത്തിനിടെയാണ് വിരാടും, അനുഷ്‌കയും ചേര്‍ന്നുള്ള വൈറല്‍ വീഡിയോ ചൂണ്ടിക്കാണിച്ച് ഗവാസ്‌കര്‍ വിമര്‍ശനം ഉന്നയിച്ചത്. 'അടുത്തിടെ നടന്ന ലോക്ക്ഡൗണില്‍ അദ്ദേഹം അനുഷ്‌കയുടെ ബൗളിംഗിലാണ് പ്രാക്ടീസ് നടത്തിയത്. അതുകൊണ്ട് കാര്യമില്ല', ഇതിഹാസ താരം പറഞ്ഞു.


വിരാടും, അനുഷ്‌കയും ലോക്ക്ഡൗണ്‍ സമയത്ത് ക്രിക്കറ്റ് കളിച്ച വീഡിയോയാണ് വിമര്‍ശനത്തിന് ആധാരം. വിരാടിന്റെ ആരാധകര്‍ ഗവാസ്‌കറിന്റെ പരാമര്‍ശത്തിന് എതിരെ രംഗത്ത് വന്നിട്ടുണ്ട്. കമന്ററി പാനലില്‍ നിന്നും മുന്‍ താരത്തെ നീക്കണമെന്നാണ് ബിസിസിഐയോട് ഇവര്‍ ആവശ്യപ്പെടുന്നത്. 'ഭര്‍ത്താവിന്റെ കളിക്കളത്തിലെ പ്രകടനം മോശമായതിന് ഭാര്യയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്ന ഗവാസ്‌കറുടെ പരാമര്‍ശം നീചമായിപ്പോയി. വര്‍ഷങ്ങളായി മത്സരത്തിന്റെ കമന്ററി പറയുമ്പോള്‍ താരങ്ങളുടെ സ്വകാര്യ ജീവിതത്തെ ബഹുമാനിച്ചിരുന്നതായാണ് കരുതുന്നത്', അനുഷ്‌ക മറുപടിയില്‍ കുറിച്ചു.

ആ ബഹുമാനം തന്നോടും കാണിച്ച് കൂടെയെന്നും താരം ഗവാസ്‌കറോട് ചോദിച്ചു. ഭര്‍ത്താവിന്റെ പ്രകടനത്തെ കുറ്റപ്പെടുത്താന്‍ എന്നെ ഉള്‍പ്പെടുത്താത്ത വാക്കുകള്‍ താങ്കളുടെ മനസ്സില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഗവാസ്‌കര്‍, മാന്യന്‍മാരുടെ ഈ കളിയില്‍ താങ്കളുടെ പേര് ഇതിഹാസമായി ഉയര്‍ന്ന് നില്‍ക്കുകയാണ്. പക്ഷെ താങ്കളുടെ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് തോന്നിയത് എന്താണെന്ന് അറിയിക്കാനാണ് ഈ കുറിപ്പ്, അനുഷ്‌ക ശര്‍മ്മ ഇന്‍സ്റ്റാഗ്രാമില്‍ വ്യക്തമാക്കി.


Other News in this category4malayalees Recommends