കോളേജിന് മുന്നില്‍ തട്ടിക്കൊണ്ടുപോകല്‍ ശ്രമം; എതിര്‍ത്ത യുവതിയെ വെടിവെച്ച് കൊന്നു; ലൗ ജിഹാദെന്ന് ആരോപിച്ച് ബന്ധുക്കള്‍

കോളേജിന് മുന്നില്‍ തട്ടിക്കൊണ്ടുപോകല്‍ ശ്രമം; എതിര്‍ത്ത യുവതിയെ വെടിവെച്ച് കൊന്നു; ലൗ ജിഹാദെന്ന് ആരോപിച്ച് ബന്ധുക്കള്‍
ഹരിയാനയിലെ ഫരീദാബാദ് ജില്ലയില്‍ പട്ടാപ്പകല്‍ 21കാരിയെ വെടിവെച്ച് കൊന്നു. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ നടന്ന അക്രമങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഫരീദാബാദിലെ ബല്ലാബ്ഗാര്‍ഹില്‍ രണ്ട് പുരുഷന്‍മാരാണ് നികിതാ തോമര്‍ എന്ന യുവതിയെ കടത്താന്‍ ശ്രമിച്ചത്.

എന്നാല്‍ ഈ ശ്രമങ്ങളെ നികിത എതിര്‍ത്തതോടെ ഒരാള്‍ തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ടതായി കരുതുന്ന രണ്ട് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തൗസീഫ് എന്നയാളാണ് പ്രധാന പ്രതിയെന്ന് അധികൃതര്‍ വ്യക്തമാക്കി. റെഹാന്‍ എന്നയാളാണ് കൂട്ടുപ്രതി.

അതേസമയം 21കാരിയുടെ കൊലപാതകം ലൗ ജിഹാദുമായി ബന്ധപ്പെട്ടാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. യുവതിയോട് താല്‍പര്യമുണ്ടായിരുന്ന വ്യക്തിയാണ് കോളേജിന് പുറത്ത് വെച്ച് അക്രമം നടത്തിയതെന്ന് ഇവര്‍ പറയുന്നു. 2018ല്‍ ഇയാള്‍ക്കെതിരെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോഴാണ് കേസ് നല്‍കിയത്. ഒത്തുതീര്‍പ്പായതോടെ കുടുംബം കേസ് പിന്‍വലിച്ചിരുന്നു.

ഇതേ വ്യക്തിയാണ് ഇപ്പോള്‍ കൊലപാതകത്തില്‍ അറസ്റ്റിലായിരിക്കുന്നത്. പ്രതിക്കെതിരെ ശക്തമായ നടപടി വേണമെന്നും, ഇവരെ വെടിവെച്ച് കൊല്ലാതെ മകളുടെ മൃതദേഹം സംസ്‌കരിക്കില്ലെന്നുമാണ് ഇരയുടെ അമ്മ പറയുന്നത്. മതംമാറ്റം നടത്തി വിവാഹം ചെയ്യാനാണ് പ്രതി ശ്രമിച്ചതെന്നും, ഇതിനെ സഹോദരി എതിര്‍ത്തിരുന്നതായും ഇരയുടെ സഹോദരിയും ആരോപിച്ചു.

Other News in this category4malayalees Recommends