അംബാസിഡറെ തിരിച്ചുവിളിക്കാന്‍ പ്രമേയം പാസാക്കിയ പാകിസ്താന്‍ നാണം കെട്ടു ; ഫ്രാന്‍സില്‍ അംബാസിഡറില്ലെന്ന് തിരിച്ചറിഞ്ഞതോടെ പ്രമേയം പാസാക്കി മാനം പോയി

അംബാസിഡറെ തിരിച്ചുവിളിക്കാന്‍ പ്രമേയം പാസാക്കിയ പാകിസ്താന്‍ നാണം കെട്ടു ; ഫ്രാന്‍സില്‍ അംബാസിഡറില്ലെന്ന് തിരിച്ചറിഞ്ഞതോടെ പ്രമേയം പാസാക്കി മാനം പോയി
ഫ്രഞ്ച് ഭരണകൂടത്തിന്റെ വിവാദപ്രസ്താവനകളോട് പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞ ദിവസമാണ് പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ ഫ്രാന്‍സിനെതിരെ പ്രമേയം പാസാക്കിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ഇസ്ലാമോഫോബിക് പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചാണ് പാക് ദേശീയ അസംബ്ലി അധോ ഉപരി സഭകള്‍ പ്രമേയം പാസാക്കി ഫ്രാന്‍സിലെ പാക് അംബാസിഡറെ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പാക് പത്രം ദ ന്യൂസില്‍ വന്ന റിപ്പോര്‍ട്ട് കണ്ടപ്പോഴാണ് പാകിസ്താന്‍ സര്‍ക്കാരിന് ഒരു കാര്യം ഓര്‍മ്മ വന്നത്. നിലവില്‍ ഫ്രാന്‍സില്‍ പാകിസ്താന് അംബാസിഡര്‍ ഇല്ല.

കഴിഞ്ഞ മൂന്ന് മാസമായി ആ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ, ഫ്രഞ്ച് അംബാസിഡര്‍ ആയിരുന്ന മോയിന്‍ ഉള്‍ ഹഖിനെ പാകിസ്താന്‍ ചൈനീസ് അംബാസിഡറായി നിയമിച്ചിരുന്നു. പിന്നീട് ഒഴിവുവന്ന പാക് അംബാസിഡര്‍ പദവി ഇതുവരെ നികത്തിയിട്ടില്ല. അതിനിടെയാണ് നിലവില്‍ ഇല്ലാത്തയാളെ തിരിച്ചുവിളിക്കാന്‍ ഒരു പ്രമേയം തന്നെ ദേശീയ അസംബ്ലി പാസാക്കി മണ്ടത്തരം കാണിച്ചിരിക്കുന്നത്.

ഈ കാര്യം വ്യക്തമായി അറിയാവുന്ന പാക് വിദേശകാര്യ മന്ത്രി ഖുറേഷി തന്നെയാണ് ദേശീയ അസംബ്ലിയില്‍ പ്രമേയം അവതരിപ്പിച്ചതെന്നതും തമാശയായി.പാരീസ് എംബസിയിലെ ഡെപ്യൂട്ടി അംബാസിഡറായ മുഹമ്മദ് അജ്മല്‍ അസീസ് ക്വാസിയാണ് ഇപ്പോള്‍ ഫ്രാന്‍സിലുള്ള ഏറ്റവും മുതിര്‍ന്ന പാക് നയതന്ത്ര ഉദ്യോഗസ്ഥന്‍. പുതിയ പ്രമേയം പാസാക്കിയ സ്ഥിതിയില്‍ ഇദ്ദേഹത്തെ തിരിച്ചുവിളിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

നേരത്തെ, പ്രവാചക നിന്ദ ആരോപിച്ച് ചരിത്രാധ്യപകന്‍ സാമുവല്‍ പാറ്റിയെ തലയറുത്ത് കൊലപ്പെടുത്തിയ ദാരുണ സംഭവത്തിന് പിന്നാലെ ഫ്രാന്‍സ് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ നടത്തിയ പരാമര്‍ശങ്ങള്‍ ആഗോള മുസ്ലീം സമൂഹത്തിനെതിരാണ് എന്ന് ആരോപിച്ചാണ് പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ തിങ്കളാഴ്ച പ്രമേയം പാസാക്കിയത്.

Other News in this category4malayalees Recommends