ഫ്രാന്‍സിലെ ഭീകരാക്രമണത്തെ അനുകൂലിച്ച് മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് ; വിവാദമായതോടെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റര്‍

ഫ്രാന്‍സിലെ ഭീകരാക്രമണത്തെ അനുകൂലിച്ച് മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് ; വിവാദമായതോടെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റര്‍
ഫ്രാന്‍സിലെ ഭീകരാക്രമണത്തെ പ്രോത്സാഹിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദിന്റെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റര്‍. ഫ്രാന്‍സിലെ നൈസ് നഗരത്തിലെ ചര്‍ച്ചില്‍ നടന്ന ഭീകാരാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മഹാതിര്‍ മുഹമ്മദ് അക്രമത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്തത്.

ഫ്രാന്‍സിന്റെ ഡിജിറ്റല്‍ മേഖലയുടെ സെക്രട്ടറിയായ സെഡ്രിക്കോയും മഹാതിര്‍ മുഹമ്മദിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. അല്ലാത്തപക്ഷം ട്വിറ്റര്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.


ആദ്യഘട്ടത്തില്‍ തങ്ങളുടെ പോളിസികള്‍ ട്വീറ്റ് റദ്ദ് ചെയ്യുന്നു എന്ന മുന്നറിയിപ്പ് മാത്രമായിരുന്നു ട്വിറ്റര്‍ നല്‍കിയത്. എന്നാല്‍ വിമര്‍ശനങ്ങള്‍ കടുത്തതോടെ മഹാതിര്‍ മുഹമ്മദിന്റെ ട്വീറ്റ് നീക്കം ചെയ്യുകയായിരുന്നു.

പ്രവാചകനുമായി ബന്ധപ്പെട്ട കാര്‍ട്ടൂണ്‍ ക്ലാസ് റൂമില്‍ കാണിച്ചതിന് ചരിത്രാധ്യാപകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ഇമ്മാനുവല്‍ മാക്രോണിന്റെ നിലപാടിനെതിരെ തുടര്‍ച്ചയായി 13 ഓളം ട്വീറ്റുകളാണ് മഹാതിര്‍ മുഹമ്മദ് ഇട്ടത്. മാക്രോണ്‍ അക്രമണ സംഭവങ്ങള്‍ക്ക് മുസ്‌ലിങ്ങളെ പഴിക്കുന്നത് പ്രാകൃതമായ നിലപാടാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

നൈസ് നഗരത്തില്‍ നടന്ന ആക്രമണത്തിനു ശേഷമാണ് ഫ്രാന്‍സ് സമൂഹമാധ്യങ്ങളിലൂടെ ആക്രമണം പ്രോത്സാഹിപ്പിക്കുന്ന നടപടിക്കെതിരെ രംഗത്തെത്തിയത്.നൈസ് നഗരത്തിലെ ചര്‍ച്ചില്‍ കത്തിയുമായി എത്തിയ അക്രമി മൂന്നു പേരെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ചര്‍ച്ചിനുള്ളില്‍ വെച്ച് രണ്ട് പേരാണ് കൊല്ലപ്പെട്ടത്.

Other News in this category4malayalees Recommends