റഷ്യന്‍ വാക്‌സിന്‍ ട്രയല്‍സില്‍ തിരിച്ചടി; ആവശ്യത്തിന് ഡോസുകള്‍ ലഭ്യമല്ല; വാക്‌സിന് ലോകത്തിന് നല്‍കാന്‍ ഇന്ത്യ സഹായിക്കും?

റഷ്യന്‍ വാക്‌സിന്‍ ട്രയല്‍സില്‍ തിരിച്ചടി; ആവശ്യത്തിന് ഡോസുകള്‍ ലഭ്യമല്ല; വാക്‌സിന് ലോകത്തിന് നല്‍കാന്‍ ഇന്ത്യ സഹായിക്കും?
ഫേസ് 3 ട്രയല്‍സിലൂടെ കടന്നുപോകുന്ന റഷ്യന്‍ കൊറോണാവൈറസ് വാക്‌സിന്‍ സ്പുട്‌നിക് 5ന് തിരിച്ചടി. വോളണ്ടിയര്‍മാരില്‍ കുത്തിവെയ്ക്കാന്‍ ആവശ്യമായ വാക്‌സിന്‍ സ്‌റ്റോക്ക് തീര്‍ന്നുപോയതോടെ മോസ്‌കോയിലെ പല സെന്ററുകളിലും ക്ലിനിക്കല്‍ ട്രയല്‍സ് നിര്‍ത്തിവെച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം കൊറോണാവൈറസ് വാക്‌സിന്‍ ലോകത്തിനായി എത്തിക്കാന്‍ ഇന്ത്യയുടെ വാക്‌സിന്‍ നിര്‍മ്മാണ, ഡെലിവെറി ശേഷി പ്രയോജനപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കോവിഡ്19 വാക്‌സിനുകളില്‍ മുന്നിലുള്ള മോഡേണ, ഫിസര്‍, ആസ്ട്രാസെനെക എന്നിവരുടെ ക്ലിനിക്കല്‍ ട്രയലുകള്‍ വിജയകരമായി പുരോഗമിക്കുകയാണ്. ഇവ ഫലപ്രദമാണെന്നാണ് കമ്പനികളും വ്യക്തമാക്കുന്നത്. ഇതിനിടെയാണ് ലോകത്തില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്ത കൊവിഡ് വാക്‌സിനായ റഷ്യയുടെ സ്പുട്‌നിക് 5 തടസ്സങ്ങളില്‍ ചെന്നുചാടിയത്. ആവശ്യത്തിന് അനുസരിച്ച് ഡോസുകള്‍ ലഭ്യമാക്കാന്‍ കഴിയാതെ വന്നതോടെയാണ് റഷ്യ ട്രയല്‍സ് നിര്‍ത്തിവെച്ചതെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വാക്‌സിന്‍ സുരക്ഷാ, ഗുണമേന്മാ ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പാണ് റഷ്യ ഇത് ജനങ്ങളില്‍ കുത്തിവെയ്ക്കാന്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് ആവശ്യത്തിന് ഡോസുകളില്ലാതെ അവര്‍ വലഞ്ഞത്. ഇന്ത്യയില്‍ സ്പുട്‌നിക് 5 ട്രയല്‍സ് നടത്തുന്ന ഡോ. റെഡ്ഡീസ് ലാബറട്ടറീസും ട്രയല്‍സ് നിര്‍ത്തിവെച്ചിട്ടുണ്ട്. ഇവരുടെ സെര്‍വ്വറിലുണ്ടായ ഡാറ്റ ചോര്‍ച്ചയെ തുടര്‍ന്നാണ് നിര്‍ത്തിവെയ്ക്കാന്‍ ഇന്ത്യയുടെ ഡ്രഗ് കണ്‍ട്രോളര്‍ ആവശ്യപ്പെട്ടത്.

അതേസമയം കൊറോണാവൈറസ് പ്രതിസന്ധിയില്‍ മനുഷ്യരാശിയുടെ പോരാട്ടത്തിന് സഹായമേകാന്‍ വാക്‌സിനുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി. ഇതിനിടെ കുട്ടികളുടെ സുരക്ഷയ്ക്കായി നല്‍കിവരുന്ന ബിസിജി വാക്‌സിന്‍ മുതിര്‍ന്നവരിലും പ്രതിരോധശേഷി ഉയര്‍ത്തുന്നതായി ഐസിഎംആര്‍ പഠനം കണ്ടെത്തിയിട്ടുണ്ട്. ഇത് കൊറോണയ്ക്ക് എതിരെ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.

Other News in this category4malayalees Recommends