സെന്‍സര്‍ഷിപ്പില്‍ പൊറുതിമുട്ടി ടെക് വമ്പന്‍മാരും; പാകിസ്ഥാന്‍ വിടാന്‍ ഒരുങ്ങി ഫേസ്ബുക്കും, ട്വിറ്ററും, ഗൂഗിളും; ഇസ്ലാം വിരുദ്ധത പ്രചരിച്ചാല്‍ 3.14 മില്ല്യണ്‍ പിഴ?

സെന്‍സര്‍ഷിപ്പില്‍ പൊറുതിമുട്ടി ടെക് വമ്പന്‍മാരും; പാകിസ്ഥാന്‍ വിടാന്‍ ഒരുങ്ങി ഫേസ്ബുക്കും, ട്വിറ്ററും, ഗൂഗിളും; ഇസ്ലാം വിരുദ്ധത പ്രചരിച്ചാല്‍ 3.14 മില്ല്യണ്‍ പിഴ?

പാകിസ്ഥാനിലെ പുതിയ സെന്‍ഷര്‍ഷിപ്പ് നിയമങ്ങള്‍ക്കെതിരെ കൈകോര്‍ത്ത് ആഗോള ടെക് വമ്പന്‍മാരായ ഗൂഗിളും, ഫേസ്ബുക്കും, ട്വിറ്ററും ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകള്‍. പാകിസ്ഥാനിലെ മീഡിയ റെഗുലേറ്റേഴ്‌സിന് കൂടുതല്‍ അധികാരങ്ങള്‍ കൈമാറാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ടെക് കമ്പനികള്‍ ശക്തമായി സംഘടിക്കുന്നത്.


ഇസ്ലാമിനെ അപമാനിക്കുന്നതോ, തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതോ, വിദ്വേഷ പ്രസംഗങ്ങളോ, അശ്ലീല കണ്ടന്റുകളോ, ദേശീയ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങളോ പങ്കുവെയ്ക്കുന്നത് തടയുന്നതില്‍ പരാജയപ്പെട്ടാല്‍ സോഷ്യല്‍ മീഡിയ കമ്പനികളും, ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍മാരും 3.14 മില്ല്യണ്‍ യുഎസ് ഡോളര്‍ വരെ പിഴ നേരിടേണ്ടി വരുമെന്നാണ് പാകിസ്ഥാനിലെ പുതിയ നിബന്ധന.

യാഥാസ്ഥിതിക ഇസ്ലാമിക രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങിടാനാണ് സര്‍ക്കാരിന്റെ നീക്കമെന്നാണ് വിമര്‍ശനം ഉയരുന്നത്. ഇതിനിടയിലാണ് പ്രധാന ടെക് വമ്പന്‍മാരായ ഫേസ്ബുക്ക്, ട്വിറ്റര്‍, ആപ്പിള്‍, ആമസോണ്‍, ഗൂഗിള്‍, ലിങ്ക്ഡ്ഇന്‍, സാപ്, യാഹൂ, എയര്‍ബിഎന്‍ബി, ബുക്കിംഗ്.കോം തുടങ്ങിയവര്‍ അംഗങ്ങളായ ഏഷ്യ ഇന്റര്‍നെറ്റ് കൊളീഷന്‍ പാകിസ്ഥാനില്‍ നിന്നും പിന്‍വാങ്ങുമെന്ന് ഭീഷണി ഉയര്‍ത്തിയത്.

ഇന്റര്‍നെറ്റ് കമ്പനികളെ ലക്ഷ്യംവെച്ചുള്ള പാകിസ്ഥാന്റെ പുതിയ നീക്കം ആശങ്കപ്പെടുത്തുന്നതാണെന്ന് എഐസി വ്യക്തമാക്കി. നേരത്തെ സര്‍ക്കാരിന് ഇഷ്ടമല്ലാത്ത വിഷയങ്ങള്‍ സംബന്ധിച്ച ഡിജിറ്റല്‍ വിവരങ്ങള്‍ നീക്കാന്‍ പാക് പ്രധാനമന്ത്രി പാകിസ്ഥാന്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റിക്ക് അധികാരം അനുവദിച്ചിരുന്നു. പാക് ഡിജിറ്റല്‍ രംഗത്തെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് അകറ്റാനാണ് കരിനിയമം നടപ്പാക്കുന്നതെന്നാണ് ആരോപണം.

Other News in this category4malayalees Recommends