അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ഡിയഗോ മറഡോണയുടെ വേര്‍പാട് വിശ്വസിക്കാനാകാതെ ലോകം. ഹൃദയാഘാതത്തേത്തുടര്‍ന്നാണ് അന്ത്യം. പത്ത് മണിക്ക് ശേഷം മരണം സ്ഥിരീകരിച്ചെന്ന വാര്‍ത്ത ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ടെത്തി. തലച്ചോറിനുളളില്‍ രക്തം കട്ട പിടിച്ചതിനെത്തുടന്ന് മറഡോണ രണ്ടാഴ്ച്ച മുന്‍പ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. വിഷാദരോഗവും ഡിയഗോയെ അലട്ടിയിരുന്നു.
ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരം, നൂറ്റാണ്ടിന്റെ ഫുട്ബോള്‍ കളിക്കാരന്, കാല്പന്തിന്റെ ദൈവം എന്നീ പേരുകളാണ് ലോകം ഡിയഗോയ്ക്ക് ചാര്‍ത്തി നല്‍കിയത്. 1986ല്‍ അര്‍ജന്റീനയ്ക്ക് ഫുട്ബോള്‍ ലോകകിരീടം നേടിക്കൊടുത്തത് മറഡോണയായിരുന്നു. ബാഴ്സലോണയിലും നാപ്പോളിയിലും ഡിയഗോ തന്റെ ഇതിഹാസ തുല്യ പ്രകടനം തുടര്‍ന്നു. അര്‍ജന്റീനയിലെ ഫസ്റ്റ് ഡിവിഷന് ടീമായ ജിംനാസിയ വൈ എസ്ഗ്രിമയുടെ പരിശീലകനായിരിക്കെയാണ് അന്ത്യം.
ഫുട്ബോള്‍ ഇതിഹാസ താരം ഡീഗോ മറഡോണയുടെ മരണം കായിക ലോകത്തിന് മാത്രമല്ല നഷ്ടം. രാഷ്ട്രീയ നിലപാടുകളും ഉയര്ത്തിപ്പിച്ചിരുന്നു അദ്ദേഹം.
'ഫലസ്തീനില്‍ ആര്‍ക്കും മറഡോണയെ വെറുക്കാന്‍ കഴിയില്ല. അദ്ദേഹത്തെ സ്നേഹിക്കുക എന്നത് മാത്രമാണ് ഫലസ്തീനികള്‍ക്ക് ചെയ്യാന്‍ കഴിയുക. മറഡോണ ഞങ്ങളെ പ്രചോദിപ്പിച്ചു കൊടിയ ദരിദ്ര്യം നിറഞ്ഞ പശ്ചാത്തലത്തില്‍ നിന്നും നമ്മളെപ്പോലെ തവിട്ടുനിറമുള്ള, നമ്മളെപ്പോലെ അത്യാവേശമുള്ള ഒരാള്‍ ലോകത്തിന്റെ നെറുകയിലെത്തി. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് ഫുട്ബോളിനെക്കുറിച്ചോ സ്പോര്‍ട്സിനെക്കുറിച്ചോ ആയിരുന്നില്ല. അത് പ്രതീക്ഷയെക്കുറിച്ചായിരുന്നു. എന്തും സാധ്യമാണെന്ന ഒരു തോന്നല്‍. മറഡോണ ഫലസ്തീനെ പരിഗണിക്കുന്നുവെന്നും ഞങ്ങളുടെ പോരാട്ടത്തെ പിന്തുണക്കുന്നുവെന്നും പ്രഖ്യാപിച്ചപ്പോഴുള്ള ഞങ്ങളുടെ ആവേശം നിങ്ങള്‍ക്ക് സങ്കല്പിക്കാന് മാത്രമേ കഴിയൂ' ഫലസ്തീന് പത്രപ്രവര്‍ത്തകനും ഫലസ്തീന് ക്രോണിക്കിള്‍ എഡിറ്റര്‍ പറയുന്നു.
വിവാദങ്ങള്‍ക്കിടയിലും ഒരുപാട് മൂല്യം കാത്ത് സൂക്ഷിച്ച വ്യക്തി എന്നും ലോകത്തിന്റെ മനസില്‍ മായാതെ നില്ക്കും.