സൊളസ് ചാരിറ്റീസിന്റെ ബാങ്ക്വറ്റ് ഓണ്‍ലൈന്‍ ആയി ആഘോഷിച്ചു

സൊളസ് ചാരിറ്റീസിന്റെ ബാങ്ക്വറ്റ് ഓണ്‍ലൈന്‍ ആയി ആഘോഷിച്ചു
സാന്‍ ഹോസെ (കാലിഫോര്‍ണിയ): സൊളസ് ചാരിറ്റീസിന്റെ ഈ വര്‍ഷത്തെ ഫണ്ട്‌റൈസിംഗ് ബാങ്ക്വറ്റ് ഓണ്‍ലൈന്‍ ആയി ആഘോഷിക്കപ്പെട്ടു. ഇക്കഴിഞ്ഞ ശനിയാഴ്ച, വൈകീട്ട് പസിഫിക്ക് സമയം 6:30ന് ആരംഭിച്ച പരിപാടിയില്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ പരിപാടിയില്‍ ലൈവ് ആയി പങ്കെടുക്കുകയും, അത് ഫേസ്ബുക്കിലും യുട്യൂബിലും തത്സമയം കാണുകയും ചെയ്തു.


പരിപാടിയുടെ പ്രധാന ആകര്‍ഷണം കൊച്ചിയില്‍ നിന്ന് പിന്നണി ഗായകര്‍ വിധു പ്രതാപും അന്‍ജു ജോസഫും അവതരിപ്പിച്ച മ്യൂസിക്ക് പ്രോഗ്രാം ആയിരുന്നു. അത് വളരെ രസകരമായി ന്യൂ ഓര്‍ളിയന്‍സില്‍ ഇരുന്ന് ആര്‍.ജെ. ആശ ആങ്കര്‍ ചെയ്തു. വാഷിംഗ്ടണ്‍ ഡി.സി.യില്‍ നിന്ന് ഡോ. അനീഷ ഏബ്രഹാം ചെയ്ത മുഖ്യ പ്രഭാഷണം ആയിരുന്നു പരിപാടിയിലെ മറ്റൊരു പ്രധാന ഇനം. തൃശ്ശൂരില്‍ നിന്ന് സൊളസിന്റെ സ്ഥാപകയും സെക്രട്ടറിയുമായ ഷീബ അമീര്‍ അമേരിക്കയിലെ സൊളസിന്റെ പ്രവര്‍ത്തകരെയും അഭ്യുദയകാംക്ഷികളെയും അഭിസംബോധന ചെയ്ത് സംസാരിച്ചു.


പോള്‍ വര്‍ഗീസ്, ആഗ്‌നല്‍ കോക്കാട്ട്, പ്രിയ മേനോന്‍, സുപ്രിയ വിശ്വനാഥന്‍ തുടങ്ങിയ സൊളസ് ചാരിറ്റീസിന്റെ ഭാരവാഹികളും ബോര്‍ഡ് മെംബര്‍മാരും ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. ബൈസി ബാസി കൃതഞ്ജത പ്രകടിപ്പിച്ചു. ആശ പി.എം. ആണ് കാലിഫോര്‍ണിയയിലെ സാന്‍ ഹോസെയില്‍ നിന്ന് പരിപാടി മൊത്തത്തില്‍ നിയന്ത്രിച്ചത്.


ന്യൂ യോര്‍ക്ക് ആസ്ഥാനമാക്കിയുള്ള ഈവെന്റ്‌സ് നൗ യുഎസ്എ, ബോസ്റ്റണില്‍ നിന്ന് സന്തോഷ് നായര്‍, സാന്‍ ഹോസെയില്‍ നിന്ന് മനോജ് ടി.എന്‍. എന്നിവരാണ് തികച്ചും സങ്കീര്‍ണ്ണമായ ഈ പരിപാടിയുടെ സാങ്കേതിക കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ബാങ്ക്വറ്റിന്റെ മുഴുനീള റെക്കോഡിംഗ് ഇവിടെ കാണാവുന്നതാണ് https://fb.watch/1VyBKuKslH/


ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചികിത്സയും പരിചരണവും വേണ്ട കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്ന, തൃശ്ശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സൊളസിനു വേണ്ടിയായിരുന്നു ധനശേഖരണം. കേരളത്തില്‍ 9 സെന്ററുകള്‍ ഉള്ള സൊളസിന്റെ പ്രവര്‍ത്തനത്തെ ഈ കോവിഡ് കാലത്തെ ഫണ്ടിന്റെ കുറവ് സാരമായി ബാധിച്ചിട്ടുണ്ട്. നവംബര്‍ അവസാനം വരെ ഇവിടെ ഓണ്‍ലൈന്‍ ആയി സംഭാവന സ്വീകരിക്കും: https://tinyurl.com/donate2solace. ഏകദേശം 50,000 ഡോളര്‍ ഇതുവരെ പിരിഞ്ഞുകിട്ടിയിട്ടുണ്ട്.


Other News in this category



4malayalees Recommends