ഓസ്‌ട്രേലിയക്കാരെ സ്വദേശത്തേക്ക് മടക്കിക്കൊണ്ടു വരുന്നതിന് ക്രിസ്മസിന് മുന്നോടിയായി കൂടുതല്‍ വിമാനങ്ങള്‍; കോവിഡില്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ 36,000ത്തിലേറെ പേര്‍ മാതൃരാജ്യത്തേക്ക് മടങ്ങാന്‍ രജിസ്ട്രര്‍ ചെയ്ത് കാത്തിരിക്കുന്നു

ഓസ്‌ട്രേലിയക്കാരെ സ്വദേശത്തേക്ക് മടക്കിക്കൊണ്ടു വരുന്നതിന് ക്രിസ്മസിന് മുന്നോടിയായി കൂടുതല്‍ വിമാനങ്ങള്‍; കോവിഡില്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ 36,000ത്തിലേറെ പേര്‍ മാതൃരാജ്യത്തേക്ക് മടങ്ങാന്‍ രജിസ്ട്രര്‍ ചെയ്ത് കാത്തിരിക്കുന്നു
കോവിഡ് പ്രതിസന്ധി കാരണം വിദേശങ്ങളില്‍ കുടുങ്ങിപ്പോയ കൂടുതല്‍ ഓസ്‌ട്രേലിയക്കാരെ സ്വദേശത്തേക്ക് മടക്കിക്കൊണ്ടു വരുന്നതിന് ക്രിസ്മസിന് മുന്നോടിയായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കൂടുതല്‍ വിമാനങ്ങള്‍ പ്രദാനം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയക്കാരെ ക്രിസ്മസിന് മുമ്പ് വീടുകളിലെത്തിക്കുന്നതിനായിരിക്കും ഈ റീപാട്രിയേഷന്‍ വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ ഏതെല്ലാം രാജ്യങ്ങളില്‍ നിന്ന് എപ്പോഴായിരിക്കും ഇവ പറന്നുയരുന്നതെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തയുണ്ട്.

ഈ വിമാനങ്ങളില്‍ എത്രത്തോളം പേര്‍ക്ക് സ്വദേശത്തേക്ക് മടങ്ങിയെത്താന്‍ സാധിക്കുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ അവസാന നീക്കുപോക്കുകളിലെത്തിയിരിക്കുന്നുവെന്നാണ് ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോറിന്‍ അഫയേര്‍സ് ആന്‍ഡ് ട്രേഡ് (ഡിഎഫ്എടി) ഒരു സെനറ്റ് കമ്മിറ്റിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം വിമാനങ്ങള്‍ക്കായുള്ള എല്ലാ അറേഞ്ച്‌മെന്റുകളും ലോജിസ്റ്റിക്‌സിലൂടെ തങ്ങള്‍ നടത്തി വരുന്നുവെന്നും യാത്രക്കാര്‍ക്ക് ഈ വിമാനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ച് വരുന്നുവെന്നുമാണ് ഡിഎഫ്എടിയിലെ ടോണി ഷീഹാന്‍ പറയുന്നത്.

ഈ വിമാനങ്ങള്‍ എവിടെയൊക്കെ നിന്നായിരിക്കും ടേക്ക് ഓഫ് ചെയ്യുന്നതെന്ന് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇത് സംബന്ധിച്ച സ്ഥിരീകരണം ഉടനുണ്ടാവുമെന്നും അദ്ദേഹം ഉറപ്പേകുന്നു. ഒക്ടോബറില്‍ ഇന്ത്യ,യുകെ, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നിരവധി ഓസ്‌ട്രേലിയക്കാരെ ഡാര്‍വിനിലേക്ക് കൊണ്ടു വരാന്‍ തുടങ്ങിയിരുന്നു. ഇതിനായി നോര്‍ത്തേണ്‍ ടെറിട്ടെറിയുമായി ഒരു കരാറിലേര്‍പ്പെടുകയും ചെയ്തിരുന്നു. തല്‍ഫലമായി ഇത്തരത്തിലെത്തിയ യാത്രക്കാരെ ഹോവാര്‍ഡ് സ്പ്രിംഗ്‌സ് ഫെസിലിറ്റിയില്‍ ക്വാറന്റൈനിലാക്കാനുള്ള സൗകര്യമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.നിലവില്‍ 36,000ത്തില്‍ അധികം ഓസ്‌ട്രേലിയക്കാര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും സ്വദേശത്തേക്ക് തിരിച്ചെത്താനായി ഡിഎഫ്എടിയില്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ടെന്നും ഇവരില്‍ 8070 പേര്‍ വള്‍നറബിള്‍ കാറ്റഗറിയിലാണെന്നും റിപ്പോര്‍ട്ടുണ്ട്.

Other News in this category



4malayalees Recommends