കേരളം ചര്‍ച്ച ചെയ്ത സ്വവര്‍ഗ വിവാഹമായിരുന്നു റഹീമിന്റെയും നിവേദിന്റെയും. കേരളത്തിലെ രണ്ടാമത്തെ ഗേ കപ്പിളെന്ന വിശേഷണവും ഇവര്‍ക്കായിരുന്നു. എന്നാല്‍, ഇരുവരും വേര്‍പിരിഞ്ഞതായി അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. ഐ വി എഫ് വഴി ഇപ്പോള്‍ കുട്ടികള്‍ വേണ്ടെന്ന് റഹീം പറഞ്ഞത് കൊണ്ടാണ് ബന്ധം പിരിഞ്ഞതെന്ന വാര്‍ത്ത അസംബന്ധമാണെന്ന് നിവേദ് പറയുന്നു.
പല തരത്തിലുള്ള വാര്‍ത്തകളാണ് വരുന്നത്. അതില്‍ പകുതിയും സത്യമല്ല. ഞാന്‍ പറഞ്ഞുവെന്ന തരത്തിലാണ് എല്ലാം വരുന്നത്. ഞാനും റഹീമും വേര്‍പിരിഞ്ഞു എന്നത് സത്യമാണ്. പക്ഷേ റഹീം ഒരിക്കലും എന്നെ വഞ്ചിച്ചിട്ടില്ല. വിവാഹം കഴിഞ്ഞ് 10 ദിവസം ഒരുമിച്ച് താമസിച്ചു. ശേഷം റഹീം യു എ ഇയിലേക്ക് മടങ്ങി. ഞാന്‍ ബംഗളൂരുവിലും. കഴിഞ്ഞ നവംബര്‍ വരെ നല്ല ബന്ധമുണ്ടായിരുന്നു.
പിന്നീട് ഒരു അടുപ്പവും ഇല്ലാതെയായി. നാലുമാസത്തിന് ശേഷം ഈ ഓണത്തിന് റഹീം എനിക്ക് വീണ്ടും മെസേജ് അയച്ചു. നമ്മള് ചേര്‍ന്ന് പോകില്ല. നമുക്ക് പിരിയാം എന്ന്. പക്ഷേ, പിന്നീട് ആലോചിച്ചപ്പോള്‍ സമാധാനം തോന്നി. എന്നെ വഞ്ചിച്ചില്ലല്ലോ. ഇപ്പോള്‍ ഞാനിത് തുറന്നു പറയാന്‍ കാരണം എല്ലാവരും എന്നെ ആദ്യം കാണുമ്പോള്‍ ചോദിക്കുക റഹീമിനെക്കുറിച്ചാണ്. എനിക്ക് അറിയില്ല എന്ന് പറയുമ്പോള്‍ അത് എന്നെ കൂടുതല്‍ വിഷമത്തിലാക്കും.
പിന്നെ എനിക്ക് കുട്ടിയെ വേണമെന്ന് ആവശ്യപ്പെട്ടെന്നും അത് റഹീം സമ്മതിക്കാത്തതാണ് പിരിയാന്‍ കാരണമെന്നുമുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അത് ശരിയല്ല. ഇപ്പോള്‍ അതേക്കുറിച്ച് ചിന്തിക്കേണ്ട എന്നായിരുന്നു റഹീം പറഞ്ഞത്. പക്ഷേ അതൊരു കാരണമല്ല. ഞാന്‍ എന്നും ഒരു ഗേ തന്നെ ആയിരിക്കുമെന്ന് നിവേദ് പറയുന്നു.