2010 ല്‍ ബോളിവുഡിലും മോഡലിങ്ങിലും സജീവമായിരുന്ന കാലത്ത് എടുത്ത തന്റെ ഒരുചിത്രം പങ്കുവെച്ച് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് നടി സമീറ റെഡ്ഡി. മിക്ക താരങ്ങളും സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ ഇമേജ് എഡിറ്റിങ് സോഫ്റ്റുവെയറുകളുടെ സഹായത്തോടെയാണെന്ന് പറഞ്ഞുകൊണ്ടാണ് താരം തന്റെ ചിത്രത്തെ കുറിച്ച് ആരാധകരോട് തുറന്നു സംസാരിക്കുന്നത്.
'ഈ ചിത്രത്തില്‍ നിങ്ങള്‍ക്ക് മുഖക്കുരുവോ മറ്റു പാടുകളോ കാണാന്‍ കഴിയുന്നുണ്ടോ, വയറില്‍ നിന്നും തൂങ്ങിക്കിടക്കുന്ന ചര്‍മം കാണുന്നുണ്ടോ, യഥാര്‍ഥത്തിലുള്ള താടിയെല്ലും അരക്കെട്ടും കാണാന്‍ സാധിക്കുന്നുണ്ടോ?
ഈ ചിത്രത്തില്‍ എന്റെ ഏത് ശരീരഭാഗമാണ് ടച്ച് അപ്പ് ചെയ്യാത്തത്? ഉത്തരം ഞാന്‍ തന്നെ പറയാം, ഈ ചിത്രത്തില്‍ എന്റെ ശരീരത്തിലെ എല്ലാ ഭാഗങ്ങളും അവര്‍ വളരെ 'മനോഹരമായി' വൃത്തിയാക്കിയിട്ടുണ്ട്. എന്നെ നന്നായി മെലിയിച്ചിട്ടുണ്ട്.
ഇത് 2010 ല്‍ എടുത്ത ചിത്രമാണ്. ഈ സമയം എന്റെ കയ്യില്‍ എഡിറ്റ് ചെയ്യാത്ത യഥാര്‍ഥ ചിത്രം ഉണ്ടായിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. എന്റെ ശരീരം എങ്ങനെയാണോ അങ്ങനെ അതിനെ സ്നേഹിക്കാന്‍ എനിക്കല്‍പ്പം സമയം എടുക്കേണ്ടി വന്നു. അതില്‍ നിന്ന് ലഭിക്കുന്ന സന്തോഷം മറ്റൊന്നിലും ലഭിക്കില്ല.'സമീറ റെഡ്ഡി പറയുന്നു.