യുകെ-യൂറോപ്യന്‍ യൂണിയന്‍ ബ്രെക്‌സിറ്റ് കരാറിന് സാധ്യത കുറവെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് ഉറവിടങ്ങള്‍; ഫിഷിംഗ് പോലുള്ള നിര്‍ണായ പ്രശ്‌നങ്ങളില്‍ പരിഹാരമായില്ല; പൊതുജനം പ്രതീക്ഷിക്കുന്നത് പോലെ ഡീലുണ്ടാവില്ലെന്ന് മുന്നറിയിപ്പ്; ചര്‍ച്ചകള്‍ തിരുതകൃതി

യുകെ-യൂറോപ്യന്‍ യൂണിയന്‍ ബ്രെക്‌സിറ്റ് കരാറിന് സാധ്യത കുറവെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് ഉറവിടങ്ങള്‍; ഫിഷിംഗ് പോലുള്ള നിര്‍ണായ പ്രശ്‌നങ്ങളില്‍ പരിഹാരമായില്ല; പൊതുജനം പ്രതീക്ഷിക്കുന്നത് പോലെ ഡീലുണ്ടാവില്ലെന്ന് മുന്നറിയിപ്പ്;   ചര്‍ച്ചകള്‍ തിരുതകൃതി
യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഡീലൊന്നുമില്ലാതെ പുറത്ത് കടക്കാനാണ് സാധ്യതയേറെയെന്ന് മുന്നറിയിപ്പേകി ഗവണ്‍മെന്റ് ഉറവിടങ്ങള്‍ രംഗത്തെത്തി. ഇക്കാര്യത്തില്‍ പൊതുജനത്തിന്റെ പ്രതീക്ഷക്ക് വിപരീതമാണ് സംഭവിക്കാന്‍ പോകുന്നതെന്നും നോ ഡീല്‍ ബ്രെക്‌സിറ്റിനാണ് സാധ്യതയേറെയെന്നുമാണ് സര്‍ക്കാര്‍ ഉറവിടങ്ങള്‍ വെളിപ്പെടുത്തുന്നത്. നിരവധി പേര്‍ ബ്രെക്‌സിറ്റ് ഡീലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതിന് സാധ്യത കുറവാണെന്നാണ് സര്‍ക്കാര്‍ ഉറവിടം വിശദീകരിക്കുന്നത്.

നേരിട്ടുള്ള ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കായി യൂറോപ്യന്‍ യൂണിയന്‍ ചീഫ് നെഗോഷ്യേറ്ററായ മൈക്കല്‍ ബാര്‍ണിയര്‍ ഇന്നലെ ലണ്ടനിലെത്തിയിരുന്നു. അദ്ദേഹത്തിന്റെ ടീമിലുള്ള ഒരു അംഗത്തിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ചര്‍ച്ചകള്‍ ഓണ്‍ലൈനിലേക്ക് മാറ്റിയിരുന്നു. അവസാന വട്ട ചര്‍ച്ചകള്‍ നേരിട്ട് നടത്താനാണ് ബാര്‍ണിയര്‍ തലസ്ഥാനത്തെത്തിയിരിക്കുന്നത്. മീന്‍പിടിത്തം അടക്കമുള്ള നിര്‍ണായക വിഷയങ്ങളില്‍ ഇപ്പോഴും ഇരു പക്ഷവും തമ്മില്‍ ഏറെ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതിനാലും കുറഞ്ഞ സമയത്തിനുള്ളില്‍ അവ പരിഹരിക്കുന്നതിന് സാധ്യത കുറവായതിനാലുമാണ് ഡീലിനുള്ള സാധ്യത മങ്ങിയിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ ഉറവിടം പറയുന്നത്.

ബ്രെക്‌സിറ്റ് ഡീലിന് വേണ്ടി രാജ്യത്തിന്റെ പരമാധികാരം യൂണിയന് മുന്നില്‍ പണയം വയ്ക്കാന്‍ തയ്യാറല്ലെന്ന് ബ്രിട്ടീഷ് ടീം തറപ്പിച്ച് പറഞ്ഞത് ചര്‍ച്ചകളില്‍ അസ്വാരസ്യത്തിന് വഴിയൊരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് സമുദ്ര ഭാഗത്ത് യൂറോപ്യന്‍ യൂണിയന്‍ പിടിക്കുന്ന മത്സ്യത്തിന്റെ 18 ശതമാനം വരെ ബ്രിട്ടന് വിട്ട് കൊടുക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറാണെന്നാണ് കഴിഞ്ഞ വാരത്തില്‍ ബാര്‍ണിയര്‍ മറ്റ് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളോട് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇത് സ്വീകാര്യമല്ലെന്ന കടുത്ത നിലപാടാണ് ബ്രിട്ടന്‍ പുലര്‍ത്തി വരുന്നത്.

ബ്രെക്‌സിറ്റിന് ശേഷമുള്ള ട്രാന്‍സിഷന്‍ പിരിയഡ് ഡിസംബര്‍ 31ന് അവസാനിക്കാന്‍ പോകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇരു പക്ഷവും തിരുതകൃതിയായി അവസാന ചര്‍ച്ചകള്‍ക്ക് ഒരുങ്ങുന്നത്. ഡീല്‍ ഉണ്ടായാലും ഇല്ലെങ്കിലും ബ്രിട്ടന്‍ യൂണിയനില്‍ നിന്നും മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം പൂര്‍ണമായും വിട്ട് പോകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഡീലില്ലാതെ യൂണിയന്റെ കസ്റ്റംസ് യൂണിയനില്‍ നിന്നും സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്നും ബ്രിട്ടന്‍ പുറത്ത് കടന്നാല്‍ തുടര്‍ന്ന് ലോക വ്യാപാര സംഘടനയുടെ നിയമങ്ങള്‍ക്ക് കീഴിലായിരിക്കും ഇരു പക്ഷവും വ്യാപാരം നടത്തേണ്ടി വരുന്നത്.

Other News in this category4malayalees Recommends