മരണത്തിന് മുമ്പ് ആശ വെളിപ്പെടുത്തി, എന്നെ ഇടിച്ചത് ആടല്ല ; യുവതി മരിച്ചത് ഭര്‍ത്താവിന്റെ ക്രൂര പീഡനത്താലെന്ന് തെളിഞ്ഞു
ആശുപത്രിയില്‍ മരണത്തോട് മല്ലിട്ട അവസാന മണിക്കൂറില്‍ ആശ മാതാപിതാക്കളോട് പറഞ്ഞു, എന്നെ ഇടിച്ചത് ആടല്ലെന്ന്. ക്രൂരമായ ദേഹോപദ്രവം ഏറ്റിട്ടും ആശ സ്വന്തം വീട്ടുകാരോട് കാര്യങ്ങളൊന്നും പറഞ്ഞിരുന്നില്ല. മകളുടെ അവസാന വാക്കുകളാണ് മാതാപിതാക്കളെ ഞെട്ടിച്ചത്.ഒടുവില്‍ പോലീസില്‍ പരാതി നല്‍കിയതോടെ അന്വേഷണം നടക്കുകയും ഭര്‍ത്താവ് ഓടനാവട്ടം വാപ്പാല പള്ളിമേലതില്‍ വീട്ടില്‍ അരുണ്‍ (36) അറസ്റ്റിലാവുകയും ചെയ്തു.
കരിക്കം അഭിലാഷ് ഭവനില്‍ ജോര്‍ജ് ശോഭ ദമ്പതികളുടെ മകള്‍ ആശ(29) കഴിഞ്ഞ നാലിനാണ് മീയണ്ണൂരിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. വീടിന് സമീപത്തെ പാറമുകളില്‍ തീറ്റയ്ക്കായി ആടിനെ കൊണ്ടുപോയപ്പോള്‍ ആട് ഇടിച്ചതാണെന്നാണ് ഭര്‍ത്താവ് മൊഴി നല്‍കിയത്. എന്നാല്‍ അന്വേഷണത്തില്‍ മദ്യപിച്ചെത്തിയ അരുണ്‍ ആശയെ ദേഹോപദ്രവം ഏല്‍പ്പിച്ചതായി കണ്ടെത്തി. അബോധാവസ്ഥയിലായ ആശയെ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി വഷളായി. ഇവിടെ ചികിത്സയിലിരിക്കേയാണ് ആശ മരിച്ചത്. ആട് ഇടിച്ചിട്ടെന്ന കഥ അരുണ്‍ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ മക്കളേയും അരുണിനേയും വീണ്ടും ചോദ്യം ചെയ്തപ്പോള്‍ മൊഴിയില്‍ വൈരുധ്യം കണ്ടെത്തി. പാറയുടെ മുകളില്‍ നിന്ന് വീണാല്‍ മുറിവുണ്ടാകുമെന്നതും പോലീസിന് സംശയമായി. പോസ്റ്റമോര്‍ട്ടത്തില്‍ ഏഴോളം മുറിവുകളാണ് കണ്ടെത്തിയത്. ഇവ മിക്കതും ഉണങ്ങിയവയുമായിരുന്നു. മരണ കാരണം അടിവയറിന് ഏറ്റ ചവിട്ടാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെ അരുണ്‍ പിടിയിലാവുകയായിരുന്നു.