ഇംഗ്ലണ്ടില്‍ നാലാഴ്ചത്തെ ദേശീയ ലോക്ക്ഡൗണ്‍ ഫലം ചെയ്തുവെന്ന് റിയാക്ട് നടത്തിയ പുതിയ പഠനത്തിലൂടെ വെളിപ്പെട്ടു. ഇത് പ്രകാരം രോഗബാധയില്‍ 30 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.അതായത് രോഗബാധയില്‍ മൂന്നിലൊന്ന് ഇടിവാണ് ഇക്കാലത്തിനിടെ സംഭവിച്ചിരിക്കുന്നത്. കോവിഡ് വളരെ രൂക്ഷമായ ചില പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ മൂലം വളരെയധികം സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിനിടയിലും ഇംഗ്ലണ്ടിലുടനീളം രോഗബാധയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
നവംബര്‍ 13നും 24നുമിടയില്‍ ഒരു ലക്ഷം പേരില്‍ നടത്തിയ ടെസ്റ്റുകളെ അടിസ്ഥാനമാക്കിയാണ് ഇംപീരിയല്‍ കോളജ് ലണ്ടന്‍ ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. രാജ്യത്തെ കോവിഡിന്റെ നിലവിലുള്ള അവസ്ഥയെ പ്രതിഫലിപ്പിക്കുന്ന ഏറ്റവും ഫലപ്രദമായ പഠനമെന്ന നിലയില്‍ റിയാക്ട് സ്റ്റഡി നിര്‍ണായകമായാണ് പരിഗണിക്കപ്പെടുന്നത്. ലോക്ക്ഡൗണിനിടെ ഇംഗ്ലണ്ടിലെ വൈറസിന്റെ റീ പ്രൊഡക്ഷന്‍ നിരക്ക് 0.88ലേക്ക് താഴ്ന്നുവെന്നും ഗവേഷകര്‍ കണക്കാക്കുന്നു.
ഒരു രോഗിയില്‍ നിന്നും മറ്റ് എത്ര പേരിലേക്ക് കോവിഡ് പകരുന്നുവെന്നതിനെ സൂചിപ്പിക്കുന്ന നിരക്കാണ് റീ പ്രൊഡക്ഷന്‍ നിരക്ക് അഥവാ ആര് നിരക്ക്. ഇത് ഒന്നിന് താഴെയായാല്‍ അപകടനില പിന്നിട്ടിരിക്കുന്നുവെന്നാണ് സയന്റിസ്റ്റുകള്‍ പറയുന്നത്.പോള്‍സ്റ്ററായ ഇപ്സോസ് മോറിയും ഇംപീരിയല്‍ സ്റ്റഡിയില്‍ ഭാഗഭാക്കായിരുന്നു. ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളെയും റാന്‍ഡം അടിസ്ഥാനത്തില്‍ ഇതിന്റെ ഭാഗമായി ടെസ്റ്റിന് വിധേയമാക്കിയാണീ പഠനം നടത്തിയിരിക്കുന്നത്.
നവംബര്‍ 13നും 24നും ഇടയില്‍ നടത്തിയ പഠനത്തിനും മുമ്പത്തെ പഠനത്തിനുമിടയില്‍ വൈറസ് വ്യാപന നിരക്കില്‍ 30 ശതമാനം ഇടിവുണ്ടായിരിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതിന് മുമ്പത്തെ വാരങ്ങളില്‍ കേസുകള്‍ വന്‍ തോതില്‍ പെരുകിയ അവസ്ഥയില്‍ നിന്നാണീ കുറവുണ്ടായിരിക്കുന്നത്. അതായത് ഇതിന് മുമ്പത്തെ പഠന സമയത്ത് അല്ലെങ്കില്‍ ഒക്ടോബര്‍ അവസാനത്തില്‍ ഓരോ ഒമ്പത് ദിവസങ്ങളിലും കേസുകള്‍ ഇരട്ടിയായി പെരുകുന്ന അപകടകരമായ അവസ്ഥയില്‍ നിന്നാണ് കേസുകള്‍ ഇത്രയധികം താഴ്ന്നിരിക്കുന്നത്.