യുകെയില്‍ ഇന്നലെ 12,155 കോവിഡ് കേസുകളും 215 കോവിഡ് മരണങ്ങളും രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം കഴിഞ്ഞ ഞായറാഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലത്തെ ഞായറാഴ്ച കേസുകളില്‍ 34 ശതമാനവും മരണങ്ങളില്‍ 46 ശതമാനവും ഇടിവ് രേഖപ്പെടുത്തിയത് രാജ്യത്തിന്റെ അതിജീവന പ്രതീക്ഷകള്‍ക്ക് കരുത്തേകുന്നു. കഴിഞ്ഞ ഞായറാഴ്ച 18,662 കേസുകളും 398 മരണങ്ങളും രേഖപ്പെടുത്തിയ സ്ഥാനത്താണ് ഇന്നലെ ഈ ഇടിവുണ്ടായിരിക്കുന്നത്.
ഇംഗ്ലണ്ടില്‍ നാലാഴ്ച നടപ്പിലാക്കിയ ദേശീയ ലോക്ക്ഡൗണ്‍ ഫലം ചെയ്തുവെന്നാണ് ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ശനിയാഴ്ച രാജ്യത്ത് കോവിഡ് മരണങ്ങളില്‍ തൊട്ട് മുമ്പത്തെ ശനിയാഴ്ചയിലേക്കാള് 40 ശതമാനം പെരുപ്പമുണ്ടായി 479 കോവിഡ് മരണങ്ങള് സ്ഥിരീകരിച്ചതിനാല്‍ രാജ്യം ഇപ്പോഴും കോവിഡ് ഭീഷണിയില്‍ നിന്ന് മുക്തമായിട്ടില്ലെന്ന മുന്നറിയിപ്പാണ് അധികൃതര്‍ ഉയര്‍ത്തിയിരിക്കുന്നത്. മേയ് രണ്ടിന് ശേഷം ഏറ്റവും കൂടുതല്‍ പ്രതിദിന മരണം സ്ഥിരീകരിച്ച ശനിയാഴ്ചയായിരുന്നു കടന്ന് പോയതെന്നതും ആശങ്കയേറ്റുന്നു.
ശനിയാഴ്ചയും ഇന്നലെയും മരിച്ച കോവിഡ് രോഗികള്‍ക്ക് രോഗം പിടിപെട്ടിരുന്നത് ആഴ്ചകള്‍ക്ക് മുമ്പായിരുന്നുവെന്നാണ് കരുതുന്നത്. അതായത് ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിന് മുമ്പാണിവര്ക്ക് രോഗം പിടിപെട്ടിരിക്കുന്നതെന്ന് അനുമാനിക്കപ്പെടുന്നു. പുതിയ ടയര്‍ നിയന്ത്രണങ്ങള്‍ നേരാം വണ്ണം നടപ്പിലാക്കിയില്ലെങ്കില്‍ പുതുവര്‍ഷ-ക്രിസ്മസ് ആഘോഷങ്ങളില്‍ ജനം നിയന്ത്രണങ്ങള്‍ ലംഘിക്കാന്‍ സാധ്യതയേറിയതിനാല്‍ രാജ്യത്ത് മൂന്നാം കോവിഡ് തരംഗമുണ്ടാകാന്‍ സാധ്യതയേറെയാണെന്ന് സമ്മതിച്ച് മിനിസ്റ്റര്‍ ഡൊമിനിക് റാബ് രംഗത്തെത്തി അധികം വൈകുന്നതിന് മുമ്പാണ് ആശ്വാസകരമായ ഇന്നലത്തെ കോവിഡ് കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്.
ഇന്നലെ സ്കോട്ട്ലന്‍ഡില്‍ 746 പുതിയ കേസുകളും രണ്ട് പുതിയ മരണങ്ങളുമുണ്ടായിരിക്കുന്നു. വെയില്‍സില്‍ 1004 പുതിയ കേസുകളും 16 മരണങ്ങളുമാണ് രേഖപ്പെടുത്തിയത്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലാകട്ടെ മൂന്ന് പുതിയ കോവിഡ് മരണങ്ങളും 351 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. മരണങ്ങളും കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വാരാന്ത്യങ്ങളില്‍ കാലതാമസുണ്ടാകുന്നതിനാല് ഞായറാഴ്ച സാധാരണയായി മരണങ്ങളും കേസുകളും കുറയുന്നത് പതിവാണെന്നും അതിനാല്‍ ഇന്നലത്തെ കണക്കുകളില്‍ ആശ്വസിക്കേണ്ടെന്നും ചില സയന്റിസ്റ്റുകള്‍ മുന്നറിയിപ്പേകുന്നുമുണ്ട്.