പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സ്വന്തം ലോക്സഭാ മണ്ഡലമായ വാരണാസി സന്ദര്‍ശിക്കും. വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയാണ് സന്ദര്‍ശന ലക്ഷ്യം. മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സുജാബാദ് മേഖലയിലെ ചേരി ഒഴിപ്പിച്ചു. അഞ്ച് പതിറ്റാണ്ടായി ഇവിടെ താമസിച്ചിരുന്ന അറുപത് കുടുംബങ്ങള്‍ ഇതോടെ പെരുവഴിയിലായത്. 60 കുടുംബങ്ങളിലായി 250 പേരാണ് ഇവിടെ കഴിയുന്നത്.
ഇത് രണ്ടാം തവണയാണ് മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇതേ ചേരി അധികൃതര്‍ ഒഴിപ്പിച്ചത്. ആര്‍എസ്എസ് സൈദ്ധാന്തികന്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ പ്രതിമ അനാച്ഛാദനം ചെയ്യാനെത്തിയ ഫെബ്രുവരിയിലാണ് ആദ്യം ഒഴിപ്പിച്ചത്. ഹെലികോപ്ടര്‍ ഇറക്കാനുള്ള സൗകര്യത്തിനാണ് ഇവരെ ഒഴിപ്പിച്ചത്. ഈ ചേരിയില്‍ താമസിക്കുന്ന ഭൂരിപക്ഷം പേരും ദളിതരാണ്. മുള ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് വിറ്റാണ് ഇവര്‍ ഉപജീവനം നടത്തുന്നത്.
'ഇവിടെയാണ് ഞങ്ങള്‍ ജനിച്ചത്. വോട്ടര്‍ ഐഡി കാര്‍ഡും ആധാറുമൊക്കെ ഉണ്ട്. എന്നിട്ടും ഓരോ വിഐപി വരുമ്പോഴും പൊലീസ് യാതൊരു അറിയിപ്പും നല്‍കാതെ ഞങ്ങളുടെ വാസസ്ഥലം തകര്‍ക്കുന്നു. ഇത് രണ്ടാം തവണയാണ് ഞങ്ങളുടെ കുടിലുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. പക്ഷേ ഞങ്ങള്‍ക്ക് താമസിക്കാന്‍ പകരം സ്ഥലം നല്‍കിയിട്ടുമില്ല' ചേരിനിവാസികള്‍ പറയുന്നു.
കുടിലുകള്‍ തകര്‍ക്കപ്പെട്ടതോടെ തുറസ്സായ സ്ഥലത്താണ് ഇവര്‍ കഴിയുന്നത്. കഠിനമായ തണുപ്പിനെ പ്രതിരോധിക്കാനാവാതെ കഷ്ടപ്പെടുന്നു. ചിലര്‍ സമീപ ഗ്രാമങ്ങളിലേക്കും ക്ഷേത്രങ്ങളിലുമൊക്കെ അഭയം കണ്ടെത്തി. പോകാന്‍ ഒരു ഇടവുമില്ലാത്തവര്‍ അവിടെ തന്നെ കഴിയുന്നു.
പ്രദേശത്തെ രാഷ്ട്രീയ നേതാക്കളൊന്നും തങ്ങളെ തിരിഞ്ഞു നോക്കുന്നില്ലെന്ന് ചേരിനിവാസികള്‍ പറഞ്ഞു. വോട്ട് ആവശ്യമുള്ളപ്പോള്‍ മാത്രമാണ് അവര്‍ വരുന്നത്. പൊലീസാകട്ടെ ഭീഷണിപ്പെടുത്തുകയും തല്ലുകയും ചെയ്യുന്നു. പ്രധാനമന്ത്രിക്ക് സഞ്ചാര മാര്‍ഗം ഒരുക്കാനാണ് ചേരിനിവാസികളെ ഒഴിപ്പിക്കുന്നതെങ്കില്‍ പുനരധിവാസം ഒരുക്കാനും അധികൃതര്‍ തയ്യാറാകണമെന്ന് സന്നദ്ധ പ്രവര്‍ത്തകനായ സൌരഭ് സിംഗ് ആവശ്യപ്പെടുന്നു. ജില്ലാഭരണകൂടത്തിന് ഇക്കാര്യം ആവശ്യപ്പെട്ട് പല തവണ കത്തെഴുതിയിട്ടും ഒരു പ്രതികരണവും ഉണ്ടായില്ലെന്ന് സൌരഭ് സിംഗ് പറഞ്ഞു.
നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ സംബന്ധിച്ച് സുപ്രീംകോടതി ചില മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്, പ്രത്യേകിച്ച് കോവിഡ് മഹാമാരിക്കാലത്ത്. അതൊന്നും സുജാബാദില്‍ പാലിക്കപ്പെട്ടില്ലെന്ന് സാമൂഹിക പ്രവര്‍ത്തക ആതിര മുരളി ചൂണ്ടിക്കാട്ടി. കുട്ടികളും മുതിര്‍ന്നവരും രോഗബാധിതരും ഭിന്നശേഷിക്കാരും ഉള്‍പ്പെടുന്നതാണ് ആ 60 കുടുംബങ്ങള്‍. അവരുടെ പുനരധിവാസത്തിനായി അനേകം വാതിലുകളില്‍ മുട്ടിയിട്ടും ഫലമുണ്ടായില്ലെന്നും ആതിര പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി നഗരം വൃത്തിയാക്കാന്‍ 5000ത്തോളം പേരെ നിയോഗിച്ചു. എന്നാല്‍ വാസസ്ഥലം തകര്‍ക്കപ്പെട്ട ചേരിനിവാസികളുടെ കാര്യം ആരും പരിഗണിക്കുന്നതേയില്ലെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നു.