യുകെയില്‍ ഇന്നലെ 12,330 കോവിഡ് കേസുകളും 205 മരണങ്ങളും രേഖപ്പെടുത്തി. സെപ്റ്റംബറിന് ശേഷം ഏറ്റവും കുറവ് കേസുകള്‍ രേഖപ്പെടുത്തിയ തിങ്കളാഴ്ചയായിരുന്നു ഇന്നലെയെന്നത് കടുത്ത ആശ്വാസമാണേകുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ കോവിഡ് കേസുകളുടെ കാര്യത്തില്‍ ഇന്നലെ തിങ്കളാഴ്ച 20 ശതമാവും മരണത്തില്‍ 0.5 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടാഴ്ചക്കിടെ കേസുകളുടെ റോളിംഗ് സെവന് ഡേ ആവറേജില്‍ 41 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്.
നവംബര്‍ 16ന് റോളിംഗ് സെവന് ഡേ ആവറേജ് ഏറ്റവും മൂര്ധധന്യത്തിലെത്തി 25,000 ആയതില്‍ നിന്നാണീ ഇടിവുണ്ടായിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച 206 കോവിഡ് മരണങ്ങളായിരുന്നു രാജ്യത്ത് രേഖപ്പെടുത്തിയിരുന്നത്. ഡിസംബര്‍ രണ്ടിന് ശേഷം രാജ്യത്ത് ത്രീ ടയര്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങുന്ന പ്രധാനമന്ത്രി ബോറിസ് ജോണ്സന് എതിരെ ടോറി റിബലുകള്‍ കടുത്ത നീക്കം നടത്തുന്നതിനിടയിലാണ് കേസുകളിലും മരണങ്ങളിലും വീണ്ടും ഇടിവുണ്ടായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
നവംബര്‍ 13നും 24നും ഇടയില്‍ പുതിയ കേസുകള്‍ 72,000ത്തിലേക്ക് താഴ്ന്നുവെന്നാണ് 105,000 പേരെ ടെസ്റ്റിന് വിധേയമാക്കി നടത്തിയ പഠനത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ അവസാനത്തില്‍ ഇത്തരത്തില്‍ ഏതാണ്ട് ഒരു ലക്ഷത്തോളം രോഗികളെ കണ്ടെത്തിയതില്‍ നിന്നാണീ താഴ്ചയെന്നത് ആശ്വാസമേകുന്നുണ്ട്. ഇംഗ്ലണ്ടില്‍ രോഗബാധയില്‍ മൂന്നിലൊന്ന് കുറവുണ്ടായിരിക്കുന്നുവെന്നാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്.
നോര്‍ത്ത് വെസ്റ്റിലും നോര്‍ത്ത് ഈസ്റ്റിലും കേസുകളുടെ എണ്ണത്തില്‍ പകുതിയോളം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് നോര്‍ത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളെയും ടയര്‍ ടു നിയന്ത്രണങ്ങളിലേ പെടുത്തുകയുള്ളുവെന്ന പ്രതീക്ഷയും ശക്തമാണ്. താന്‍ ഏര്‍പ്പെടുത്താനൊരുങ്ങുന്ന പുതിയ നിയന്ത്രണങ്ങള്‍ക്ക് തുരങ്കം വയ്ക്കാനൊരുങ്ങുന്ന ടോറി റിബലുകളെ അടക്കാനായി ബോറിസ് പുതിയ ഇളവുകള്‍ അവര്‍ക്കായി ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പുതിയ ലോക്ക്ഡൗണിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനായി കോമണ്‍സില്‍ ഇന്ന് എംപിമാര്‍ വോട്ട് ചെയ്യുമ്പോള്‍ ലേബറിന്റെ സഹായത്തോടെ ലോക്ക്ഡൗണിന് പിന്തുണ നേടിയെടുക്കാനാകുമെന്ന പ്രതീക്ഷയാണ് ബോറിസ് പുലര്‍ത്തുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ലേബര്‍ വ്യക്തമായ നിലപാട് ഇനിയുമെടുത്തിട്ടുമില്ല.