യുകെയില്‍ കോവിഡ് 19 വാക്‌സിനേഷന് വിധേയരാകാത്തവരെ ബാറുകള്‍, റസ്റ്റോറന്റുകള്‍, സിനിമാസ് തുടങ്ങിയിടങ്ങളില്‍ പ്രവേശിപ്പിക്കില്ല; ഇമ്മ്യൂണിറ്റി പാസ്‌പോര്‍ട്ട് ഹാജരാക്കാത്തവരെ വിമാനങ്ങളില്‍ കയറ്റില്ല; വാക്‌സിനേഷന്‍ പ്രോഗ്രാം കര്‍ക്കശമായി നടപ്പിലാക്കും

യുകെയില്‍ കോവിഡ് 19 വാക്‌സിനേഷന് വിധേയരാകാത്തവരെ ബാറുകള്‍, റസ്റ്റോറന്റുകള്‍, സിനിമാസ് തുടങ്ങിയിടങ്ങളില്‍ പ്രവേശിപ്പിക്കില്ല; ഇമ്മ്യൂണിറ്റി പാസ്‌പോര്‍ട്ട് ഹാജരാക്കാത്തവരെ വിമാനങ്ങളില്‍ കയറ്റില്ല; വാക്‌സിനേഷന്‍ പ്രോഗ്രാം കര്‍ക്കശമായി നടപ്പിലാക്കും

യുകെയില്‍ ഏവരും കോവിഡ് 19 വാക്‌സിനേഷന് വിധേയരാകുന്നതിനായി കര്‍ക്കശമായ നിയമങ്ങളുമായി മുന്നോട്ട് പോകാന്‍ മിനിസ്റ്റര്‍മാര്‍ തീരുമാനിച്ചു. ഇത് പ്രകാരം കുത്തി വയ്പിന് വിധേയരാകാത്തവരെ ബാറുകള്‍, റസ്റ്റോറന്റുകള്‍, സിനിമാസ് തുടങ്ങിയിടങ്ങളില്‍ പ്രവേശിപ്പിക്കില്ലെന്ന കടുത്ത മുന്നറിയിപ്പുമായാണ് മിനിസ്റ്റര്‍മാര്‍ കഴിഞ്ഞ രാത്രി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് ഉടന്‍ ആരംഭിക്കുന്ന ബൃഹത്തായ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായിട്ടാണ് മിനിസ്റ്റര്‍മാര്‍ കടുത്ത നിലപാടുകളുമായി രംഗത്തെത്തിയിരിക്കുന്നത്.


കോവിഡ് 19നെതിരായ ഇഞ്ചക്ഷന്‍ രാജ്യത്ത് വളണ്ടറി അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുന്നതെങ്കിലും സ്‌പോര്‍ട്‌സ് ഗ്രൗണ്ടുകള്‍ അടക്കമുള്ള ചില വെന്യൂകളില്‍ കുത്തി വയ്‌പെടുക്കാത്തവരെ പ്രവേശിപ്പിക്കേണ്ടെന്ന കടുത്ത നിലപാടെടുക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നുവെന്നാണ് കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ ചുമതലയുള്ള ജൂനിയര്‍ മിനിസ്റ്ററായ നദീം സഹാവി മുന്നറിയിപ്പേകുന്നത്. കുത്തി വയ്‌പെടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ വ്യക്തികള്‍ക്ക് സ്വയം തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കുമെങ്കിലും ഇത്തരത്തില്‍ വാക്‌സിനേഷന് വിധേയാകുന്നത് കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും ഗുണകരമാണെന്ന ശക്തമായ സന്ദേശം വാക്‌സിനേഷന്റെ ഭാഗമായി നല്‍കുമെന്നാണ് സഹാവി പറയുന്നത്.

വാക്‌സിനേഷന്‍ വ്യാപകമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിമാനങ്ങളില്‍ കയറുന്നതിന് ഇമ്മ്യൂണിറ്റി പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കാന്‍ വിമാനക്കമ്പനികള്‍ നേരത്തെ തന്നെ സമ്മതിച്ചിട്ടുണ്ട്. ഇത് പ്രകാരം കോവിഡ് വാക്‌സിനേഷന് വിധേയരായെന്ന തെളിവുകള്‍ നല്‍കുന്നവരെ മാത്രമേ പറക്കാന്‍ അനുവദിക്കുകയുള്ളൂ. എന്നാല്‍ വാക്‌സിനേഷനായി ഇത്തരം നിയമങ്ങളും നിബന്ധനകളും കര്‍ക്കശമാക്കുന്ന അനായാസമായിരിക്കില്ലെന്നും ഇത്തരം സ്‌കീമുകള്‍ വ്യക്തികളുടെ സ്വകാര്യത, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയവയെ ഹനിക്കുമെന്നും മുന്നറിയിപ്പേകി ഇന്നലെ രാത്രി ചില എക്‌സ്പര്‍ട്ടുകള്‍ രംഗത്തെത്തിയിട്ടുമുണ്ട്.

മാസ് വാക്‌സിനേഷന്റെ ഭാഗമായി ഏഴ് കോവിഡ് വാക്‌സിനുകളുടെ 357 മില്യണ്‍ ഡോസുകള്‍ക്കാണ് യുകെ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇത്തരത്തിലുളള വാക്‌സിനുകളിലൊന്ന് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് ഇന്നലെ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി സന്ദര്‍ശിക്കുന്നതിനിടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പ്രതീക്, പ്രകടിപ്പിച്ചിരിക്കുന്നത്. എന്‍എച്ച്എസിന്റെ കോവിഡ് ആപ്പില്‍ ഇമ്യൂണിറ്റി പാസ്‌പോര്‍ട്ടുകളും വാക്‌സിനേഷന്‍ സ്റ്റാറ്റസും ഉള്‍പ്പെടുത്തുമെന്നാണ് കോവിഡ് വാക്‌സിന്‍ ഡിപ്ലോയ്‌മെന്റ് മിനിസ്റ്ററായി ചുമതലയേറ്റ ശേഷം ആദ്യമായി നല്‍കിയ ഇന്റര്‍വ്യൂവില്‍ സഹാവി വ്യക്തമാക്കിയിരിക്കുന്നത്.

വാക്‌സിനേഷനായി ആസൂത്രണം ചെയ്തിരിക്കുന്നത് സമഗ്രമായ പദ്ധതി

ജിപി സര്‍ജറികളുടെ പതിവ് സര്‍വീസുകള്‍ നിര്‍ത്തി വച്ച് വാക്‌സിനേഷന്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുകയാണ്. ഇതിന് പുറമെ ഹോസ്പിറ്റലുകളെയും ഇതില്‍ ഭാഗഭാക്കാക്കും. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ കോവിഡ് വാക്സിന്‍ വിതരണം ചെയ്യാന്‍ തയ്യാറാകണമെന്ന് ഇംഗ്ലണ്ടിലെ ഹോസ്പിറ്റലുകള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന സൂചന കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇത് പ്രകാരം എന്‍എച്ച്എസ് ജീവനക്കാര്‍ക്കായിരിക്കും ആദ്യം വാക്സിന്‍ നല്‍കുന്നത്. പിഫിസര്‍- ബയോഎന്‍ടെക് വാക്സിന്റെ ആദ്യ ഡോസുകള്‍ ഡിസംബര്‍ ഏഴിനും ഒമ്പതിനും ഇടയിലായിരിക്കും ഹോസ്പിറ്റലുകള്‍ക്ക് ലഭിക്കുകയെന്നാണ് ദി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രാജ്യത്തെ നിരവധി ഹോസ്പിറ്റല്‍ ഉറവിടങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. പ്രസ്തുത വാക്സിന്‍ കോവിഡിനെ പ്രതിരോധിക്കുന്നതില്‍ 95 ശതമാനം ഫലപ്രദമാണെന്നാണ് പ്രാഥമിക ഫലങ്ങള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. വാക്സിന്‍ വളരെ താഴ്ന്ന താപനിലയില്‍ സംരക്ഷിക്കേണ്ടതുള്ളതിനാല്‍ അതിന് വേണ്ടുന്ന സജ്ജീകരണങ്ങള്‍ ഹോസ്പിറ്റലുകളില്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും സൂചനയുണ്ട്.

ഡിസംബര്‍ ഏഴിന് വാക്സിന്‍ എത്തുമെന്ന് ഒരു മുതിര്‍ന്ന ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് വെളിപ്പെടുത്തിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. തുടര്‍ന്നുള്ള ആഴ്ചകളില്‍ വാക്സിന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജന്‍സി (എംഎച്ച്ആര്‍എ) ജാബിന് എപ്പോഴായിരിക്കും അംഗീകാരം നല്‍കുകയെന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും വാക്സിന്‍ വിതരണത്തിന്റെ സമയക്രമത്തില്‍ അന്തിമതീരുമാനമെടുക്കുകയെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നു.

Other News in this category4malayalees Recommends