ബി.ജെ.പി ഗവണ്‍മെന്റ് പുതുതായി പുറത്തുവിട്ട കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ഐഒസി യുഎസ്എ ആവശ്യപ്പെട്ടു

ബി.ജെ.പി ഗവണ്‍മെന്റ് പുതുതായി പുറത്തുവിട്ട കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ഐഒസി യുഎസ്എ ആവശ്യപ്പെട്ടു
ന്യൂയോര്‍ക്ക്: മോദി ഗവണ്‍മെന്റ് ഭാരതത്തിലെ കര്‍ഷകര്‍ക്കെതിരേ പുറത്തിറക്കിയ പുതിയ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നും, കര്‍ഷകരുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം കാണണമെന്നും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ ആവശ്യപ്പെട്ടു. പാവപ്പെട്ട കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗത്തെ ഹനിക്കുന്ന ഈ പുതിയ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനാധിപത്യപരമായും സമാധാനപരമായും സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരേ ബിജെപി ഭരണകൂടം നടത്തുന്ന ജലപീരങ്കികളും, ടിയര്‍ഗ്യാസുകളും പോലുള്ളവ ഉപയോഗിച്ചുള്ള കിരാതമായ അക്രമങ്ങള്‍ വളരെ നിര്‍ഭാഗ്യകരമാണെന്നും, ഈ പ്രവര്‍ത്തികള്‍ ജനങ്ങളുടെ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നവയാണെന്നും ഐഒസി യുഎസ്എയുടെ നാഷണല്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം അഭിപ്രായപ്പെട്ടു.


കര്‍ഷകരുടെ പ്രതിനിധികളുമായോ, പ്രസ്തുത വകുപ്പ് ഉദ്യോഗസ്ഥന്‍മാരുമായോ ചര്‍ച്ചകള്‍ നടത്താതെ പാര്‍ലമെന്റില്‍ നിര്‍ബന്ധപൂര്‍വ്വം പാസാക്കിയ ഈ നിയമം തികച്ചും വിമര്‍ശനാര്‍ഹമാണെന്ന് ഐഒസി യുഎസ്എ നാഷണല്‍ പ്രസിഡന്റ് മൊഹിന്ദര്‍ സിംഗ് ഗുല്‍സ്യന്‍ പ്രസ്താവിച്ചു. ഭരണഘടനാ നിയമങ്ങള്‍ക്ക് എതിരാകുന്ന ഈ നിയമം എന്തുകൊണ്ടും രാജ്യത്തിന്റെ മുഖമുദ്രതന്നെ മാറ്റിമറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ തീറ്റിപ്പോറ്റുന്ന കര്‍ഷകരുടെ ദേശസ്‌നേഹം തന്നെ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


നിസാരമായ കൊറോണ വൈറസിന് ലോക രാഷ്ട്രങ്ങളെ മുട്ടുമടക്കിപ്പിക്കുവാന്‍ കഴിയുമെങ്കില്‍, രാജ്യത്തെ ജനങ്ങള്‍ക്ക് മുഴുവന്‍ ഭക്ഷണം നല്‍കി സംരക്ഷിക്കുന്ന കര്‍ഷകര്‍ക്ക്, ഈ നിയമം നടപ്പാക്കുന്ന ഭരണകര്‍ത്താക്കളെ വേണ്ടിവന്നാല്‍ ഒരു പാഠംതന്നെ പഠിപ്പിക്കുവാന്‍ സാധിക്കുമെന്നും, അതുകൊണ്ട് എത്രയും വേഗം കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ ഭരണകൂടം എത്രയും വേഗം പരിഹരിക്കണമെന്ന് ഐഒസി യുഎസ്എ സെക്രട്ടറി ജനറല്‍ ഹര്‍ബചന്‍ സിംഗ് പറഞ്ഞു.


കര്‍ഷകരുടെ ന്യായമായ അവകാശങ്ങളെ മാനിച്ചുകൊണ്ട് 2014ല്‍ എം.എസ് സ്വാമിനാഥന്‍ ഇറക്കിയ വിജ്ഞാപനം അനുസരിച്ച് ഓരോ കര്‍ഷകനും അവനവന്റെ ഉത്പാദാന ചെലവ് കൂടാതെ അമ്പത് ശതമാനം ലാഭവും നല്‍കണമെന്നുള്ള ശിപാര്‍ശ നിരസിച്ചുകൊണ്ട് ബിജെപി നടത്തുന്ന ഈ കരിനിയമങ്ങള്‍ തികച്ചും ലജ്ജാകരമാണെന്നും, ഇതിനോട് യോജിക്കുവാന്‍ ഒരു കര്‍ഷകനും തയാറാവരുതെന്നും ഐഒസി യുഎസ്എ നാഷണല്‍ സെക്രട്ടറി രാജന്‍ പടവത്തില്‍ എടുത്തുപറഞ്ഞു. 2017ല്‍ മധ്യപ്രദേശില്‍ കര്‍ഷകര്‍ക്കെതിരേ പോലീസ് നടത്തിയ കിരാതമായ നരനായാട്ടുകളും, വെടിവയ്പും, കൊലപാതകവുമൊക്കെ ഒരു കര്‍ഷകനും മറന്നുകാണാന്‍ ഇടയില്ല. നെഹ്‌റുജിയുടെ ദീര്‍ഘവീക്ഷണത്തില്‍ വിഭാനം ചെയ്ത ഭക്ഷ്യസംഭരണികളില്‍ സമാഹരിച്ച ധാന്യങ്ങള്‍ അത്യാവശ്യ സമയങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്ത് മറക്കാനാവില്ല.


പുതിയ നിയമം അനുസരിച്ച് ഉണ്ടാക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ മുതലായ സ്ഥാപനങ്ങളില്‍ ശേഖരിക്കുന്നതിനു പകരം, അംബാനി, അദാനി തുടങ്ങിയ കുത്തക മുതലാളിമാരുടെ സംഭരണികളില്‍ നിറച്ച്, അവര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് കച്ചവടം നടത്തി അമിത ലാഭം ഉണ്ടാക്കി കുത്തക മുതലാളിമാരുടെ കീശ വീര്‍പ്പിക്കുന്നതിനുവേണ്ടി മാത്രമാണ് മോദി ഗവണ്‍മെന്റ് ഇങ്ങനെയുള്ള നിയമങ്ങള്‍ ഉണ്ടാക്കുന്നത്. അങ്ങനെ പാവപ്പെട്ട കര്‍ഷകരെ ചൂഷണം ചെയ്തുകൊണ്ട് അവരെ അടിമത്വത്തിലേക്ക് നയിക്കുന്ന ഇത്തരത്തിലുള്ള കരിനിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നതായി ഐഒസി യുഎസ്എ നാഷണല്‍ പ്രസിഡന്റ് മൊഹീന്ദര്‍ സിംഗ് ഗുല്‍സ്യാന്‍, നാഷണല്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, നാഷണല്‍ സെക്രട്ടറി ജനറല്‍ ഹര്‍ബചന്‍ സിംഗ്, നാഷണല്‍ സെക്രട്ടറി രാജന്‍ പടവത്തില്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.


Other News in this category



4malayalees Recommends