കോവിഡ് മഹാമാരിയിലും പ്രത്യാശയുടെ നിറവുമായി സോമര്‍സെറ്റ് ദേവാലയത്തില്‍ ക്രിസ്മസ് കരോള്‍

കോവിഡ് മഹാമാരിയിലും പ്രത്യാശയുടെ നിറവുമായി സോമര്‍സെറ്റ് ദേവാലയത്തില്‍ ക്രിസ്മസ് കരോള്‍
ന്യൂജേഴ്‌സി: നൂറ്റാണ്ടുകളുടെ പ്രതീക്ഷയും പ്രവാചകന്മാരുടെ പൂര്‍ത്തീകരണവുമായ ലോകരക്ഷകന്‍ ബെതലഹേമിലെ കാലിത്തൊഴുത്തില്‍ ഭൂജാതനായ വാര്‍ത്ത അറിയിക്കുവാന്‍ മാലാഖമാര്‍ ആട്ടിടയരുടെ അടുത്തെത്തിയതിനെ അനുസ്മരിപ്പിച്ചുകൊണ്ട് തിരുപ്പിറവിയുടെ സന്ദേശം അറിയിക്കുവാന്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ക്രിസ്മസ് കരോള്‍, കോവിഡിന്റെ മഹാമാരിയില്‍ ലോകം അതിജീവനത്തിന് ശ്രമിക്കുമ്പോഴും പുത്തന്‍ പ്രതീക്ഷയോടെ ഈ വര്‍ഷവും സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായി നടത്തപ്പെട്ടു.


വീട് വീടാന്തരം നടത്തി വന്നിരുന്ന ക്രിസ്മസ് കരോള്‍ കോവിഡ് കാലമായതിനാല്‍ സി.ഡി.സി നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു സാമൂഹീക അകലം പാലിച്ചും, എല്ലാവിധ സുരക്ഷാ ക്രമീകരങ്ങളോടെയും വാര്‍ഡടിസ്ഥാനത്തിലാണ് ദേവാലയത്തില്‍ നടത്തപ്പെട്ടത്.


കോവിഡ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വളരെ കുറച്ചു പേര്‍ക്ക് മാത്രമേ കാരോളിങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കൂ എന്നതിനാല്‍ ലൈവ് സ്ട്രീമിങ്ങും ഏര്‍പ്പെടുത്തിയിരുന്നു.


വിവിധ വാര്‍ഡുകളുടെ നേതൃത്വത്തില്‍ പല സമയങ്ങളിലായി നടത്തിയ കരോളിംഗില്‍ അമ്പതിലധികം കുടുംബാംഗങ്ങള്‍ വീതം ഓരോ കരോളിംഗിലും പങ്കെടുത്തു.


ഇടവക വികാരി ഫാ.ടോണി പുല്ലുകാട്ടിന്റെ ക്രിസ്മസ് സന്ദേശത്തോടെയാണ് കരോളിംഗ് ആരംഭിച്ചത്. നാം ഇന്ന് നേരിടുന്ന ജീവിത യാതനകളെ പ്രത്യാശയോടും, ആത്മ ധൈര്യത്തോടും കൂടെ അഭിമുഖീകരിക്കുവാന്‍ ഈ ക്രിസ്മസ്സില്‍ യേശുവിന്റെ ആല്മീയാഗമനം നമ്മെ സഹായിക്കട്ടെയെന്നു ആശംസിച്ചു.


സമാധാനത്തിന്റെയും, പ്രത്യാശയുടേയും നക്ഷത്രങ്ങളുദിച്ച ക്രിസ്മസ് കാലത്തിന്റെ ഓര്‍മയുണര്‍ത്തി, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഉത്‌ഘോഷിച്ച ക്രിസ്മസ് രാത്രിയുടെ മനോഹാരിത വിളിച്ചോതുന്ന ഗാനങ്ങള്‍ കരോള്‍ സംഘം ഇംഗ്ലീഷിലും, മലയാളത്തിലും ആലപിച്ചു. നേറ്റിവിറ്റിയും, ക്രിസ്മസ് പാപ്പയും കരോളിംഗിനെ കൂടുതല്‍ ആകര്‍ഷകമാക്കി.


കോവിഡിന്റെ ദുരിതകാലത്തിനപ്പുറം നല്ല നാളെയുടെ പ്രതീക്ഷകള്‍ പങ്കുവെച്ചും, പ്രതികൂല കാലഘട്ടം പ്രതീക്ഷയുടെ കാലമാക്കി മാറ്റാംമെന്ന പ്രത്യാശയോടെ, ദുരിതങ്ങളില്ലാത്ത പുതുവര്‍ഷം നേര്‍ന്നും ഈ വര്‍ഷത്തെ ലളിതമായ ക്രിസ്മസ് കാരോളിംഗിന് ഇതോടെ സമാപനമായി.


റോയി മാത്യു (സെന്റ് അല്‍ഫോന്‍സാ വാര്‍ഡ്), സുനില്‍ പോള്‍ (സെന്റ് ആന്റണി വാര്‍ഡ്), മാര്‍ട്ടിന്‍ ജോണ്‍സന്‍ (സെന്റ് ജോര്‍ജ് വാര്‍ഡ്), ഷൈന്‍ സ്റ്റീഫന്‍ (സെന്റ് ജോസഫ് വാര്‍ഡ്), പിങ്കു കുര്യന്‍ (സെന്റ് ജൂഡ് വാര്‍ഡ്), സെബാസ്റ്റ്യന്‍ ആന്റണി (സെന്റ് മേരിസ് വാര്‍ഡ്), ബിനോയ് സ്രാമ്പിക്കല്‍ (സെന്റ് പോള്‍ വാര്‍ഡ്), ശശി തോട്ടത്തില്‍ (സെന്റ് തെരേസ ഓഫ് കല്‍ക്കത്ത വാര്‍ഡ് ), സോനു അഗസ്റ്റിന്‍ (സെന്റ് തോമസ് വാര്‍ഡ്) എന്നിവരാണ് വാര്‍ഡ് പ്രതിനിധികള്‍.


ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732)7626744, സെബാസ്റ്റ്യന്‍ ആന്റണി (ട്രസ്റ്റി) 7326903934), മനോജ് പാട്ടത്തില്‍ (ട്രസ്റ്റി) (908 )4002492, ടോണി മാങ്ങന്‍ (ട്രസ്റ്റി) (347) 7218076.


വെബ്: www.stthomassyronj.org


Other News in this category



4malayalees Recommends