വിവാഹശേഷവും പ്രണയബന്ധം തുടര്‍ന്നുവെന്ന് സംശയം; ഇരുപതുകാരിയെ പിതാവ് വെടിവച്ചു കൊലപ്പെടുത്തി

വിവാഹശേഷവും പ്രണയബന്ധം തുടര്‍ന്നുവെന്ന് സംശയം; ഇരുപതുകാരിയെ പിതാവ് വെടിവച്ചു കൊലപ്പെടുത്തി
ഇരുപതുകാരിയായ മകളെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം പൊലീസില്‍ കീഴടങ്ങി പിതാവ്. യുപി ഫതേഹ്പുര്‍ ജയ്‌സിംഗ്പുര്‍ സ്വദേശി ചന്ദ്രമോഹന്‍ എന്നയാളാണ് മകള്‍ സ്വാതിയെ (20) കൊലപ്പെടുത്തിയ ശേഷം പൊലീസില്‍ കീഴടങ്ങിയത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. വിവാഹിതയായ മകള്‍ മുന്‍ കാമുകനുമായി പ്രണയം തുടരുന്നുണ്ടെന്ന സംശയത്തിലാണ് ചന്ദ്രമോഹന്‍ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.

പോലീസ് പറയുന്നതനുസരിച്ച് ഒരു വര്‍ഷം മുമ്പ് സിംഗ്പുര്‍ സ്വദേശിയായ നാഗേന്ദ്ര സിംഗ് എന്നയാളുമായി സ്വാതിയുടെ വിവാഹം കഴിഞ്ഞു. എന്നാല്‍ ഇതിനു ശേഷവും യുവതി കാമുകനുമായി വിവാഹേതര ബന്ധം തുടര്‍ന്നിരുന്നുവെന്നാണ് ആരോപണം. ' ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ ഭര്‍തൃവീട്ടുകാര്‍ ഇതിനെ എതിര്‍ക്കുകയും ഇക്കഴിഞ്ഞ വ്യാഴാഴ്ച സ്വാതിയെ മാതാപിതാക്കളുടെ വീട്ടിലേക്ക് തന്നെ മടക്കി അയക്കുകയും ചെയ്തു'.

വീട്ടില്‍ മടങ്ങിവന്ന ശേഷം പിതാവും മകളും തമ്മില്‍ ഇതേവിഷയം ചൊല്ലി തര്‍ക്കം ഉണ്ടായി എന്നാണ് ബന്ധുക്കളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. പിതാവ് പലതവണ പറഞ്ഞിട്ടും പ്രണയബന്ധം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ സ്വാതി ഉറച്ചു നിന്നു. തര്‍ക്കം രൂക്ഷമായതോടെ പ്രകോപിതനായ ചന്ദ്രമോഹന്‍ തന്റെ പക്കലുള്ള ഇരട്ടക്കുഴല്‍ തോക്കുപയോഗിച്ച് മകളെ വെടിവയ്ക്കുകയായിരുന്നു. ക്ലോസ് റേഞ്ചില്‍ മൂന്ന് തവണയാണ് സ്വാതിക്ക് നേരെ വെടിയുതിര്‍ത്തത്. യുവതി സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഇതിനു ശേഷം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച ഇയാള്‍ മകളെ കൊലപ്പെടുത്തിയെന്നും അറസ്റ്റ് കാത്തിരിക്കുകയാണെന്നും അറിയിച്ചു. തുടര്‍ന്ന് തോക്കുമായി തന്നെ സ്റ്റേഷനിലെത്തി ചന്ദ്രമോഹന്‍ കീഴടങ്ങുകയായിരുന്നു. ലൈസന്‍സ് ഉള്ള തോക്കാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. 'ഇരു ചക്രവാഹനത്തിലാണ് ചന്ദ്രമോഹന്‍, തരിയൗണ്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. വിവാഹിതയായ മകളുടെ പ്രവൃത്തികള്‍ കൊണ്ട് സഹികെട്ടാണ് ഇത്തരമൊരു കൃത്യം നടത്തിയതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്'. സര്‍ക്കിള്‍ ഓഫീസര്‍ അറിയിച്ചു.


Other News in this category4malayalees Recommends