ജപ്പാനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി ; ബ്രസീലില്‍ നിന്ന് ജപ്പാനിലെത്തിയ യാത്രക്കാരിലാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത് ; മുന്‍കരുതലുമായി ജപ്പാന്‍ ആരോഗ്യമന്ത്രാലയം

ജപ്പാനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി ; ബ്രസീലില്‍ നിന്ന് ജപ്പാനിലെത്തിയ യാത്രക്കാരിലാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത് ; മുന്‍കരുതലുമായി ജപ്പാന്‍ ആരോഗ്യമന്ത്രാലയം
യുകെയ്ക്ക് പിന്നാലെ ലോകത്തെ ആശങ്കപ്പെടുത്തി ജപ്പാനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. ബ്രസീലില്‍ നിന്ന് ജപ്പാനിലെത്തിയ യാത്രക്കാരിലാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതെന്ന് ജപ്പാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. യുകെ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത വൈറസ് വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് പുതിയ വകഭേദമെന്നാണ് സൂചന.

ജപ്പാനിലെ വിമാനത്താവളത്തില്‍ വെച്ച് നടത്തിയ കോവിഡ് പരിശോധനയിലാണ് ബ്രസീലില്‍ നിന്നെത്തിയ യാത്രക്കാരായ നാല്‍പതുകാരനും മുപ്പതുകാരിക്കും രണ്ടുകൗമാരക്കാര്‍ക്കും പുതിയ കോവിഡ് 19 വകഭേദം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ജപ്പാന്‍ അറിയിച്ചു. നിലവില്‍ കണ്ടുപിടിച്ച വാക്‌സിനുകള്‍ പുതിയ വകഭേദത്തെ പ്രതിരോധിക്കാന്‍ കാര്യക്ഷമമാണോ എന്ന് ഇനിയും വ്യക്തമല്ല.

പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ച നാല്‍പതുകാരന് വിമാനത്താവളത്തില്‍ എത്തിച്ചേരും വരെ കോവിഡ് ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവശിപ്പിക്കുകയായിരുന്നു. അതേസമയം വൈറസ് ബാധ സ്ഥിരീകരിച്ച മുപ്പതുകാരിക്ക് തലവേദനയും കൗമാരക്കാരില്‍ ഒരാള്‍ക്ക് പനിയും ഉണ്ടായിരുന്നു.

ടോക്കിയോയില്‍ വെള്ളിയാഴ്ച മുതല്‍ ജപ്പാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി എട്ടുമണിയോടെ ബാറുകളും റെസ്‌റ്റോറന്റുകളും അടയ്ക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ രാത്രികാലങ്ങളില്‍ റെയില്‍വേ സ്‌റ്റേഷനുകളിലും ഭക്ഷണശാലകളിലും വലിയ തിരക്കാണെന്നും അതിനാല്‍ നിലവിലെ നിയന്ത്രണങ്ങള്‍ മതിയാകില്ലെന്നുമാണ് ചിലരുടെ അഭിപ്രായം. ജപ്പാനില്‍ ഇതുവരെ 2,80,000 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 4000 പേര്‍ ഇവിടെ കോവിഡ് ബാധിച്ച് മരിച്ചു.

Other News in this category



4malayalees Recommends