കര്‍ഷക പ്രക്ഷോഭംകേന്ദ്രസര്ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ തല്ക്കാലം നടപ്പാക്കരുതെന്ന് സുപ്രീം കോടതി. സമരം നേരിട്ട കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. കര്‍ഷക സമരങ്ങള്‍ക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നിരീക്ഷണം. കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിക്കണമെന്ന് കോടതി പറഞ്ഞു. 'നിങ്ങള്‍ നിയമങ്ങള്‍ നിര്‍ത്തലാക്കുമോ, ഇല്ലെങ്കില്‍ ഞങ്ങള്‍ നിര്‍ത്തിവെക്കാം. ഇവിടെ ഈഗോയുടെ ആവശ്യമില്ല' കോടതി പറഞ്ഞു.വാദം പുരോഗമിക്കുകയാണ്
കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ കോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. പ്രശ്നം പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് സാധിക്കുന്നില്ല എന്നു പറയേണ്ടിവരുന്നതില്‍ ഖേദമുണ്ട്. ആവശ്യമായ കൂടിയാലോചനകള്‍ ഇല്ലാതെ നിയമം ഉണ്ടാക്കിയതാണ് ഇത്തരമൊരു സമരത്തിലേയ്ക്ക് നയിച്ചത്. അതുകൊണ്ട് സര്‍ക്കാര്‍ പ്രശ്നം പരിഹരിച്ചേ മതിയാകൂ എന്നും കോടതി പറഞ്ഞു.
പ്രതിഷേധത്തിന് ഞങ്ങള്‍ എതിരല്ല. നിയമം സ്റ്റേ ചെയ്യുകയാണെങ്കില്‍ പ്രതിഷേധക്കാരുടെ ആശങ്ക ഉള്‍ക്കൊള്ളാന്‍ തയ്യാറാകുമോ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. നിയമഭേദഗതിയില്‍ വകുപ്പുകള്‍ തിരിച്ച് ചര്‍ച്ചകള്‍ വേണമെന്ന് സര്‍ക്കാരും നിയമഭേഗതി അപ്പാടെ പിന്‍വലിക്കണമെന്ന് കര്‍ഷകരും ആവശ്യപ്പെടുന്നതായാണ് തങ്ങള്‍ മനസ്സിലാക്കുന്നതെന്നും കോടതി പറഞ്ഞു.
ഒന്നര മാസമായി തലസ്ഥാനത്തെ സ്തംഭിപ്പിച്ച് തുടരുന്ന കര്‍ഷക പ്രക്ഷോഭം എട്ടാം വട്ട ചര്‍ച്ചയിലും തീരുമാനമായിരുന്നില്ല. തുടര്‍ന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കോടതിയെ സമീപിച്ചുകൊള്ളാന്‍ കേന്ദ്രം കര്‍ഷക നേതാക്കളോടു വ്യക്തമാക്കിയിരുന്നു. കോടതിവിധി എന്തായാലും നടപ്പാക്കുമെന്നും കര്‍ഷകനേതാക്കള്‍ക്ക് കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ ഉറപ്പു നല്‍കിയിരുന്നു.